കൃഷി നശിപ്പിച്ച കാട്ടുപന്നിയെ അനുമതിയോടെ വെടിവച്ചുകൊന്നു

കോഴിക്കോട് ജില്ലയില് കാര്ഷിക വിളകള് നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാന് വനംവകുപ്പിന്റെ ആദ്യ അനുമതി കോടഞ്ചേരി പഞ്ചായത്തിന് ലഭിച്ചു. എടപ്പാട്ടുകാവുങ്കല് ജോര്ജ് ജോസഫ് എന്ന കര്ഷകന് അനുമതി ആദ്യമായി ഉപയോഗിച്ചു.
ജോര്ജ് ജോസഫ് ഇക്കഴിഞ്ഞ 27-ാം തീയതി രാത്രി ഒന്പതോടെ മൈക്കാവ് കോക്കോട്ടുമലയിലെ കൃഷിയിടത്തില് കാട്ടുപന്നിയെ വെടിവച്ചു വീഴ്ത്തി. കോടഞ്ചേരി പഞ്ചായത്ത് ജനജാഗ്രതാ സമിതിയില് തോക്ക് ലൈസന്സുള്ള 6 കര്ഷകരില് ഒരാളാണു ജോര്ജ് ജോസഫ്.
അസി. വെറ്ററിനറി സര്ജന് ഡോ.അരുണ് സത്യന് പോസ്റ്റുമോര്ട്ടം നടത്തി. വെടിയേറ്റു ചത്ത ആണ്പന്നിക്ക് എട്ടു വയസ്സു കണക്കാക്കുന്നു. 100 കിലോ തൂക്കമുണ്ട്. എടത്തറ വനത്തില് കുഴിച്ചിട്ടു.
കാട്ടുപന്നിയെ വെടിവച്ചു കൊന്ന വിവരം ലഭിച്ചതിനെ തുടര്ന്ന് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസില് നിന്നും രാത്രി 10-ന് എടത്തറ സെക്ഷന് ഫോറസ്റ്റ് ഓഫിസര് എ.പ്രസന്ന കുമാര്, സെക്ഷന് ഗ്രേഡ് ഫോറസ്റ്റ് ഓഫിസര് പി.ബഷീര്, ഫോറസ്റ്റ് വാച്ചര് ലൂയീസ് എന്നിവര് സ്ഥലത്തെത്തി പഞ്ചായത്തംഗം പറകണ്ടത്തില് തമ്പിയുടെ സാന്നിദ്ധ്യത്തില് മഹസര് തയാറാക്കി ജഡം കൊണ്ടുപോയി.
https://www.facebook.com/Malayalivartha

























