കുടിക്കാൻ വെള്ളംപോലും നൽകാതെ വീടിനു മുന്നിൽ മണിക്കൂറുകളോളം ചെലവഴിച്ചിട്ടും വീട്ടിൽ കയറ്റാതിരുന്ന 60 വയസ്സുകാരനായ പ്രവാസി; പ്രവാസലോകത്തെ പോലും വേദനിപ്പിച്ചുകൊണ്ട് ഒരു അനുഭവം

സ്വന്തമായി ഒരു ഭവനം, കടബാധ്യതകൾ എല്ലാം തന്നെ തീർക്കണം, മക്കളുടെ കല്യാണം പറഞ്ഞുവന്നാൽ അവസാനിക്കില്ല മനുഷ്യന്റെ ആവശ്യങ്ങൾ. ഇതെല്ലാം മുന്നിൽക്കണ്ട് ജീവിതത്തെ കരയ്ക്കടുപ്പിക്കാൻ കടൽതാണ്ടിയവരാണ് പ്രവാസികൾ. ചോര നീരാക്കി അധ്വാനിച്ചതെല്ലാം നാട്ടിലേക്ക് അയച്ചിട്ടും ദിനംപ്രതി ഉയർന്നുവരും വീണ്ടും ബാധ്യതകൾ. ജീവിതത്തിന്റെ നല്ലപാതി മണലാരണ്യങ്ങളിൽ കഴിച്ചുകൂട്ടുന്നവർ. അവധിക്കെത്തുമ്പോൾ രാജകീയ വരവേൽപ്പ്. കഴിഞ്ഞാൽ പിന്നെ അടുത്ത തവണ കണ്ടാൽ മതി. എന്നാൽ കൊറോണ എല്ലാം തെറ്റിച്ചു. നമ്മുടെ കേരളത്തിൽ പ്രവാസികൾ നേരിടേണ്ടി വരുന്ന അവഗണന പറഞ്ഞു തീർക്കുവാൻ കഴിയില്ല. അത്തരം ഒരു അനുഭവം പ്രവാസലോകത്തെ പോലും വേദനിപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം വാർത്തകളിൽ നിറയുകയുണ്ടായി.
‘എന്റെ ഭൂമിയിൽ കൊച്ചു കൂരയുണ്ടാക്കി കഴിയാൻ ആരോടും അനുവാദം ചോദിക്കേണ്ടല്ലോ’ വിദേശത്തു നിന്നും എത്തി കുടുംബ വീടിനു മുന്നിൽ മണിക്കൂറുകളോളം ചെലവഴിച്ചിട്ടും വീട്ടിൽ കയറ്റാതിരുന്ന 60 വയസ്സുകാരനായ പ്രവാസി തന്റെ ദുരിതാവസ്ഥ വിവരിചക്കുകയുണ്ടായി. അറിയണം 8 സഹോദരങ്ങളും 2 സഹോദരിമാരും തനിക്കുണ്ട്. നാട്ടിലേക്ക് വരുന്ന വിവരം ഒരു സഹോദരനെ അറിയിച്ചിരുന്നു. പഞ്ചായത്ത് അംഗത്തോട് വിവരം അറിയിക്കാനും നിർദേശിക്കുകയും ചെയ്തു. നാട്ടിലെത്തിയതിനെ തുടർന്ന് പുലർച്ചെ 4ന് ആണ് വീടിനു മുന്നിലെത്തിയത്. എത്തിയപ്പോൾ അനുഭവിക്കേണ്ടി വന്നത് വേദനയുളവാക്കുന്ന കാര്യങ്ങളാണ് എന്നാണ് പ്രവാസി വിശദീകരിച്ചത്. കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടെങ്കിലും ഇതുപോലും നൽകിയില്ല. 13 വർഷത്തോളമായി വിദേശത്ത് ഡ്രൈവറായി ജോലി ചെയ്യുന്നു. കോവിഡിനെ തുടർന്നു ജോലി നഷ്ടപ്പെട്ടു. നാട്ടിലേക്കു പോരാതെ നിവൃത്തിയില്ലാതായിരിക്കുന്നു. എന്നാൽ തൃശൂർ ജില്ലയിലെ ഭാര്യ വീട്ടിൽ പ്രായമായ മാതാപിതാക്കളുണ്ട്. ഒപ്പം ഭാര്യയ്ക്കു ശ്വാസസംബന്ധമായ അസുഖങ്ങളുമുണ്ട്.
ആയതിനാൽ തന്നെ അവിടേക്കും പോകാനാകാത്ത അവസ്ഥയാണ്. തൊട്ടടുത്തു തന്നെയാണു സഹോദരങ്ങളും താമസിക്കുന്നത്. എന്നാൽ വിദേശത്തുള്ള ഒരു സഹോദരന്റെ വീട് ഒഴിഞ്ഞു കിടക്കുകയാണ്. തുടർന്ന് ഇവിടെ താമസിക്കാൻ ശ്രമിച്ചെങ്കിലും അവരും സമ്മതം മൂളിയില്ല. 'ക്വാറന്റീൻ കാലാവധി കഴിഞ്ഞ് ഉള്ളതെല്ലാം കൂട്ടി സ്വന്തം സ്ഥലത്ത് ഒരു കൂരയുണ്ടാക്കി ഇവിടെ കഴിയണം...' എന്നാണ് അദ്ദേഹം വേദനയോടെ പറഞ്ഞത്. പ്രവാസിയുടെ ഈ സങ്കടകഥ സംബന്ധിച്ച് വാർത്ത നൽകിയതോടെ പ്രവാസി സമൂഹം ഉൾപ്പെടെയുള്ളവർ വേദനയോടെയാണു ശ്രവിച്ചത്.
ഇതെത്തുടർന്ന് ആരോഗ്യ വകുപ്പ് ഇടപെട്ടാണ് ഇയാളെ നടുവട്ടത്തെ ക്വാറന്റീൻ കേന്ദ്രത്തിലാക്കിയത്. സമൂഹ മാധ്യമങ്ങളും ഇത് ഏറ്റെടുത്തതോടെ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെടുകയും റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ടവരോടു നിർദേശിക്കുകയും ചെയ്യുകയുണ്ടായി. ഇതുസംബന്ധിച്ച് അന്വേഷണം വന്നതോടെ വരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണു സഹോദരങ്ങൾ പറയുന്നത്. അതേസമയം 2 ദിവസം മുൻപ് കാർഗോ വഴി അയച്ച സാധനങ്ങൾ ഇവർ കൈപ്പറ്റിയിരുന്നു.
ഈ കാലവും കടന്നുപോകും. ഗൾഫ് രാഷ്ട്രങ്ങൾ അതിവേഗം അതിജീവനത്തിന്റെ പാതയിലാണ്. പ്രവാസികളോട് സാമൂഹിക അകലമല്ല മാനസികമായി പോയി മനുഷ്യർ അകന്നുകഴിയുകയാണ്. ഇതെല്ലാം തിരുത്തികുറിക്കുന്ന ഒരു കാലം വരുന്നതുവരെ അവരെ അവഗണിക്കരുത്.
https://www.facebook.com/Malayalivartha

























