കല്ക്കരിയുമായി തമിഴ്നാട് കണ്ടെയ്ന്മെന്റ് സോണില് നിന്നും വന്ന ലോറി പള്ളാതുരുത്തി പാലത്തിനു സമീപം മറിഞ്ഞത് ഭീതി പരത്തി!

ഇന്നലെ പുലര്ച്ചെ രണ്ടേമുക്കാലോടെ തൂത്തുക്കുടിയില് നിന്ന് ആലുവയിലേക്കു കല്ക്കരിയുമായി പോയ ലോറി എസി റോഡില് പള്ളാതുരുത്തി പാലത്തിനു സമീപം മറിഞ്ഞ് ഡ്രൈവര് തെങ്കാശി സ്വദേശി വെങ്കിടേഷിനു (20) ഗുരുതര പരുക്ക്.
തമിഴ്നാട്ടിലെ കണ്ടെയ്ന്മെന്റ് സോണില് നിന്നാണ് അപകടത്തില് പെട്ട ലോറി എത്തിയത് എന്നത് രക്ഷാപ്രവര്ത്തകരെ ആശങ്കയിലാക്കി. പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ച ഹൈവേ പൊലീസ് ടീമും ആരോഗ്യ പ്രവര്ത്തകരും വൈകിട്ട് വരെ ക്വാറന്റീനില് പോയി. പരുക്കേറ്റ ഡ്രൈവര് വെങ്കിടേഷിനു കോവിഡ് ഇല്ലെന്നു പരിശോധനയില് തെളിഞ്ഞതോടെയാണു രക്ഷാപ്രവര്ത്തകര്ക്ക് ആശ്വാസമായത്.
പുളിങ്കുന്ന് സിഐ: എം.എസ്.ഇഗ്നേഷ്യസ്, ഹൈവേ പൊലീസ് എസ്ഐ: ടി.വി.കുര്യന്, സിപിഒമാരായ വിപിന്, മിഥുന് എന്നിവരും മെഡിക്കല് കോളജിലെ 4 ഡോക്ടര്മാരും നഴ്സുമാരുമടക്കം പതിനഞ്ചോളം ആരോഗ്യ പ്രവര്ത്തകരും 5 മണി വരെ ക്വാറന്റീനില് കഴിയേണ്ടുവന്നു.
അപകട സമയത്ത് വെങ്കിടേഷിന്റെ അച്ഛന് മാരിസ്വാമിയാണു വാഹനം ഓടിച്ചിരുന്നതെന്നും മാരിസ്വാമി ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നും പൊലീസ് പറഞ്ഞു. മാരിസ്വാമി നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. നിയന്ത്രണം വിട്ട ലോറി പാലത്തിന്റെ കിഴക്കേകരയില് നിന്നു താഴേക്കു വീഴുകയായിരുന്നു. വെങ്കിടേഷ് ആലപ്പുഴ മെഡിക്കല് കോളജ് ആശുപത്രിയില് ചികില്സയിലാണ്.
https://www.facebook.com/Malayalivartha

























