സ്കൂള്‍ തുറക്കല്‍ അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ കേരള, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസ് വെട്ടിച്ചുരുക്കാന്‍ ആലോചന
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സ്കൂള്‍ തുറക്കല്‍ അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ പത്താം ക്ലാസ് വരെയുള്ള കേരള സിലബസ് വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതും പരീക്ഷകള്‍, പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഘടനാമാറ്റം ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളും ആലോചിക്കാന്‍ കരിക്കുലം കമ്മിറ്റിയുടെ വിഡിയോ യോഗം 8-ാം തീയതി ചേരും. എന്‍സിഇആര്‍ടി മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും തീരുമാനം. ഇക്കാര്യങ്ങളെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് തയാറാക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കാനും ആലോചനയുണ്ട്.
സ്കൂള്‍ എന്നു തുറക്കാനാകുമെന്ന കാര്യത്തില്‍ ഇതുവരെ ധാരണയൊന്നുമില്ല. ഇനിയും മാസങ്ങളോളം അടഞ്ഞു കിടന്നേക്കാം. ശരാശരി 200 അധ്യയനദിവസമാണു വേണ്ടത്; വിഎച്ച്എസ്ഇക്ക് 220. പ്രൈമറിക്ക് 800 മണിക്കൂര്‍, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി1000 മണിക്കൂര്‍, വിഎച്ച്എസ്ഇ1200 മണിക്കൂര്‍. ഓഗസ്റ്റ് 15 വരെ സ്കൂള്‍ അടഞ്ഞുകിടക്കുമെന്നു കണക്കാക്കിയാല്‍ ശരാശരി 56 ദിവസമുള്ള ആദ്യടേം പൂര്‍ണമായി നഷ്ടമാകും. ആകെയുള്ളതിന്റെ 25 ശതമാനത്തിലേറെയാണത്.
വിദ്യാര്‍ഥികള്‍ക്ക് അധ്യയനവര്‍ഷം നഷ്ടമാകാതെയുള്ള നടപടികള്‍ക്കായിരിക്കും പ്രധാന പരിഗണന. പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കു നീറ്റ് ഉള്‍പ്പെടെ ദേശീയതലത്തിലുള്ള പരീക്ഷകളുള്ളതിനാല്‍ കേന്ദ്രനിര്‍ദേശങ്ങള്‍ പ്രകാരം തീരുമാനമെടുക്കും.
സ്കൂളുകള്‍ക്ക് ശനിയാഴ്ചകളിലും ക്ലാസ്.ഉത്സവ അവധിദിനങ്ങള്‍ (ഓണം, ക്രിസ്മസ്) കുറയ്ക്കുക. പാദ, അര്‍ധവാര്‍ഷിക പരീക്ഷകള്‍ ഒഴിവാക്കി ഒറ്റ വാര്‍ഷികപ്പരീക്ഷ മാത്രം, അല്ലെങ്കില്‍ പരീക്ഷയുടെ ഘടനാമാറ്റം.കല, കായികോത്സവങ്ങള്‍ അധ്യയനം നഷ്ടപ്പെടാതെ മാത്രം.പാഠ്യേതരപ്രവര്‍ത്തനങ്ങള്‍, ലബോറട്ടറി, ലൈബ്രറി എന്നിവ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ എന്നിവയാണ് പരിഗണനയിലുള്ള മാര്‍ഗങ്ങള്‍:
അടുത്ത വര്‍ഷത്തെ ഐസിഎസ്ഇ (10), ഐഎസ്സി (12) പരീക്ഷകള്‍ക്കുള്ള പാഠഭാഗങ്ങള്‍ 25% കുറയ്ക്കുമെന്നു കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍സ് (സിഐഎസ്സിഇ) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
സിബിഎസ്ഇയുടെ 9 മുതല്‍ 12 വരെ ക്ലാസുകളിലെ സിലബസ് 30% കുറയ്ക്കാന്‍ നയപരമായ തീരുമാനമെടുത്തതായി ഡയറക്ടര്‍ (അക്കാദമിക്) ജോസഫ് ഇമ്മാനുവല്‍ അറിയിച്ചു. ഒന്നു മുതല്‍ 8 വരെ ക്ലാസുകളില്‍ എന്‍സിഇആര്‍ടി നേരത്തേ പ്രഖ്യാപിച്ച സിലബസ് ഇളവു പ്രകാരമായിരിക്കും ക്ലാസുകള്‍. പാഠ്യഭാഗങ്ങള്‍ കുറച്ച്, ആശയങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്ന രീതിയിലാകും ഇത്. 2021ലെ പരീക്ഷ സാധാരണ പോലെ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha