ബിറ്റ്കോയിന് ഇടപാട്: വന്‍ ക്വട്ടേഷന്‍ സംഘത്തെ കുടുക്കിയത് അജ്ഞാത വഴിയാത്രക്കാരന്റെ ഫോണ്‍ വിളി

തൃശ്ശൂര്‍ അശ്വിനി ജംക്ഷനില്‍ നിന്നു പൊലീസ് കണ്ട്രോള് റൂമിലേക്ക് ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ എത്തിയ ഫോണ്‍കോളില്‍ പരിഭ്രാന്തിയോടെ ഒരാള്‍ പൊലീസിനോടു പറഞ്ഞു, 'സര്, ദാ എന്റെ കണ്മുന്നില് ഒരുസംഘം ആള്ക്കാര് ഒരാളെ തട്ടിക്കൊണ്ടുപോകുന്നു. അവര്‍ സഞ്ചരിക്കുന്ന കാറിന്റെ നമ്പര്‍ ഇതാണ്..' !
അജ്ഞാതനായ ആ യാത്രക്കാരന് പറഞ്ഞുകൊടുത്ത കാര്‍ നമ്പറില്‍ നിന്നാണു ബിറ്റ്കോയിന് ഇടപാടുമായി ബന്ധമുള്ള ഗുണ്ടാത്തലവന് കുരങ്ങന് നിസാറിനെയും സംഘത്തെയും ഈസ്റ്റ് പൊലീസ് കുടുക്കിയത്. 17 മണിക്കൂറോളം നീണ്ട സംഭവപരമ്പര ഇങ്ങനെ...
അശ്വനി ജംക്ഷനില്‍ കാറിലെത്തിയ 2 പേര്, തന്റെ മൊബൈല്‍ ഷോപ്പിനുള്ളില്‍ ഇരിക്കുകയായിരുന്ന നവാസിനെ നയത്തില്‍ പുറത്തേക്കു വിളിച്ചിറക്കി. സമീപത്ത് 2 കാറുകള്‍ പാര്‍ക്ക് ചെയ്തിരുന്നു. ഇതിലൊന്നിലേക്കു നവാസിനെ ബലംപ്രയോഗിച്ചു വലിച്ചുകയറ്റി. കാറുകള്‍ വടക്കാഞ്ചേരി ദിശയിലേക്കു പാഞ്ഞു.
ഈ സമയത്ത് സമീപത്തു മറ്റൊരു കാറിലുണ്ടായിരുന്ന യാത്രക്കാരനാണ് പോലീസില്‍ വിളിച്ചറിയിച്ചത്. അതനുസരിച്ചു പൊലീസ് വയര്‍ലെസ് വഴി എല്ലാ സ്റ്റേഷനുകള്‍ക്കും റജിസ്ട്രേഷന് നമ്പര്‍ സഹിതം അറിയിപ്പു നല്കി.വടക്കാഞ്ചേരിയില്‍ എത്തിയപ്പോള്‍ നവാസിനെ ആദ്യത്തെ കാറില്‍ നിന്നു രണ്ടാമത്തേതിലേക്കു മാറ്റി. ശേഷം ആ കാര്‍ തിരികെ എറണാകുളം റൂട്ടിലേക്ക് ഓടി.
ആദ്യ കാര്‍ മുന്നോട്ടു യാത്ര തുടര്‍ന്നു. വടക്കാഞ്ചേരി മേല്‍പാലത്തിനു സമീപത്തു ഹൈവേ പൊലീസ് ഈ കാര്‍ തടഞ്ഞെങ്കിലും ഇവര്‍ നിര്‍ത്താതെ കുതിച്ചു. ഇതോടെ പൊലീസിന്റെ ശ്രദ്ധ മുഴുവന്‍ ഈ വണ്ടിയിലായി. ഈ തക്കത്തിനു രണ്ടാമത്തെ കാര്‍ എറണാകുളം തമ്മനത്തേക്കു കുതിച്ചു.
പൊലീസ് കാര്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോള്‍ മൂവാറ്റുഴയില്‍ നിന്നു ഷൗക്കത്ത് വാടകയ്ക്കെടുത്ത വണ്ടിയാണിതെന്നു വ്യക്തമായി. ഷൗക്കത്തിനെ ബന്ധപ്പെടാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ചോഫ്. നവാസിന്റെ നമ്പറും ഓഫ് ആയ നിലയില്‍ തന്നെ. ശനിയാഴ്ച രാത്രിയോടെ നവാസിന്റെ ഫോണ്‍ ഓണ്‍ ആയി. ടവര്‍ ലൊക്കേഷനില്‍ കണ്ടത് അരൂക്കുറ്റി. പിന്നീട് ഇടപ്പള്ളി, ചാലക്കുടി എന്നിങ്ങനെ ഫോണിന്റെ ലൊക്കേഷന്‍ മാറിവന്നു. തൃശൂര്‍ ദിശയിലേക്കു നവാസ് സഞ്ചരിക്കുകയാണെന്നു മനസിലാക്കി പൊലീസ് പാലിയേക്കരയില്‍ കാത്തുനിന്നു.
ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണു ഷൗക്കത്തും കുരങ്ങന് നിസാറുമാണു സംഭവത്തിനു പിന്നിലെന്നു വ്യക്തമായത്. നിസാര്‍ അടക്കം 8 പേരെ അരൂക്കുറ്റിയില്‍ നിന്നും ഷൗക്കത്ത് ഉള്‍പ്പെടെ 3 പേരെ വാടാനപ്പിള്ളിയില്‍ നിന്നും പിടികൂടി.
2018 വരെ ഷൗക്കത്തും നവാസും ബിറ്റ്കോയിന് ഇടപാട് നടത്തിയിരുന്നു. നവാസിനു സാമ്പത്തിക നേട്ടമുണ്ടായപ്പോള്‍ ഷൗക്കത്തിനു നഷ്ടം സംഭവിച്ചു. ഒന്നരക്കോടി രൂപ ഷൗക്കത്ത് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. നവാസ് വഴങ്ങാതായപ്പോള്‍ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചു തട്ടിക്കൊണ്ടുപോയി. തമ്മനത്തും അരൂക്കുറ്റിയിലുമുള്ള വീടുകളില്‍വച്ച് നവാസിനെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തിയും ചെയ്തു. പണമില്ലെങ്കില്‍ വയനാട്ടില്‍ നവാസിന്റെ പേരിലുള്ള നാലേക്കര്‍ തോട്ടം എഴുതിനല്‍കണമെന്നായി ഗുണ്ടാസംഘം.
ഈ ഡീല്‍ സമ്മതിച്ചതോടെ നവാസിനെ വിട്ടയച്ചു. തൃശൂരിലെ സുഹൃത്തുക്കളെ വിളിച്ചു വരുത്തി ഞായറാഴ്ച പുലര്‍ച്ചെയാണ് നവാസ് പാലിയേക്കര വരെയെത്തിയത്. നവാസിനെ ഭീഷണിപ്പെടുത്തി ഒപ്പിട്ടു വാങ്ങിയ മുദ്രപ്പത്രങ്ങള്‍ പൊലീസ് കണ്ടെടുത്തു. ഗുണ്ടാസംഘത്തില്‍പ്പെട്ട 2 പേരെ കൂടി പിടികിട്ടാനുണ്ട്.
https://www.facebook.com/Malayalivartha
























