ശുചിമുറി സൗകര്യമില്ലാത്ത ഷെഡില്‍ ക്വാറന്റീനില്‍ കഴിഞ്ഞ 2 പേരെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്നു മാറ്റി

മലപ്പുറത്ത് ഊര്‍ങ്ങാട്ടിരിയില്‍ വിദേശത്തുനിന്ന് എത്തിയ കോഴിക്കോട് സ്വദേശികള്‍ ശുചിമുറി സൗകര്യമില്ലാത്ത ഷെഡില്‍ ക്വാറന്റീനില്‍ കഴിയുന്നതിനെ കുറിച്ച് നാട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു അവരെ മാറ്റി. വേഴക്കോട് മൈലാടി ആദിവാസി കോളനിക്കു സമീപത്തെ ഷെഡിലാണ് അവര്‍ 5 ദിവസം ചെലവഴിച്ചത്. ഇവരുമായി സമ്പര്‍ക്കമുണ്ടായ കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശിയോടു നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്കി.
ബന്ധുവിന്റെ സ്ഥലത്തായിരുന്നു ഷെഡ്. കോഴിക്കോട്ടുള്ള കോവിഡ് കെയര്‍ സെന്ററില്‍ 10 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞതിനു ശേഷമാണ് ഇവര്‍ ഇവിടെ എത്തിയത്. ഇരുവരും സമീപത്തുള്ള തോട്ടില്‍ കുളിക്കുന്നതായും പുറത്തിറങ്ങി നടക്കുന്നതായും ആരോപിച്ച് നാട്ടുകാരാണ് ആരോഗ്യ വകുപ്പിനെയും പൊലീസിനെയും വിവരമറിയിച്ചത്. പൊലീസ് സഹായത്തോടെ ഇരുവരെയും കോഴിക്കോട്ടേക്കു മാറ്റി.
സൗകര്യമൊരുക്കാതെ താമസിക്കാന്‍ അനുമതി നല്കിയ അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ക്വാറന്റീന് ലംഘനത്തിനെതിരെ കേസെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പിന്റെ പോര്‍ട്ടല്‍ വഴിയുള്ള അപേക്ഷകരായിരുന്നില്ല ഇവരെന്നു മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. ഇവരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്
https://www.facebook.com/Malayalivartha
























