ഒരു ഡസനിലേറെയുള്ള കാട്ടാനകളുടെ സംഘം അതിര്‍ത്തി ഗ്രാമങ്ങളില്‍ ഭീതി പടര്‍ത്തുന്നു
കണ്ണൂരിലെ പുളിങ്ങോം ചെറുപുഴ പഞ്ചായത്തിലെ ആറാട്ടുകടവിലും പരിസരത്തെ റബര്‍ത്തോട്ടത്തിലും കാട്ടാന ശല്യം രൂക്ഷമായി. മഴ ശക്തമായതോടെ ഒരു ഡസനിലേറെ കാട്ടാനകളാണ് അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നത്. കാലവര്‍ഷം കനത്തതോടെയാണ് കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കാട്ടാന ശല്യം രൂക്ഷമായത്.
കഴിഞ്ഞ ഓഗസ്റ്റ് 9-ന് ബന്ധുവീട്ടിലേക്കു നടന്നു പോകുകയായിരുന്ന പുതിയവീട്ടില്‍ പത്മനാഭനെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. ഇതോടെ ആറാട്ടുകടവ് ഭാഗത്തു താമസിക്കുന്നവര്‍ ആനയെ ഭയന്നാണു ജീവിക്കുന്നത്.ഈ ഭാഗത്തു തന്നെയാണു കാട്ടാനകള്‍ തമ്പടിച്ചിരിക്കുന്നത്. മഴ കനത്തതോടെ ഭക്ഷണം തേടിയാണു കാട്ടാനകള്‍ കൂട്ടത്തോടെ കാടിറങ്ങുന്നത്.
ഇത്രയേറെ കാട്ടാനകള്‍ അതിര്‍ത്തിയില്‍ എത്തുന്നത് ആദ്യമാണെന്നു പറയുന്നു. കാട്ടാനകള്‍ രണ്ടു സംഘങ്ങളായാണു അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നത്. ഇതോടെ അതിര്‍ത്തിയില്‍ താമസിക്കുന്ന കുടുംബങ്ങള്‍ കടുത്ത ആശങ്കയിലാണ്.
അതിര്‍ത്തിയില്‍ വൈദ്യുത വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചിലയിടങ്ങളില്‍ ഇവ പ്രവര്‍ത്തിക്കുന്നില്ല.
https://www.facebook.com/Malayalivartha