സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കാല് സി.ബി.ഐയോ എന്‍.ഐ.എയോ; ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ സജീവം; കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന് വിവരങ്ങള്‍ തിരക്കി; കേന്ദ്ര സഹമന്ത്രി വി. മുരളിധരന് കളി തുടങ്ങി
സ്വര്‍ണക്കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കുന്നതിനുള്ള സാധ്യത തെളിയുകയാണ്. കസ്റ്റംസ് അന്വേഷണത്തിന്റെ ഗതി വിലയിരുത്തിയ ശേഷം കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ അന്വേഷണം വേണോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചനകള്‍. ക്രിമിനല്‍ കേസായി രൂപാന്തരപ്പെടുകയാണെങ്കില് സി.ബി.ഐ അന്വേഷണത്തിനുള്ള സാധ്യത തെളിയും. സ്വര്‍ണം വന്നത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ എന്‍.ഐ.എ അന്വേഷണമുണ്ടാകും. ഇതിനോടകം തന്നെ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന് സംഭവത്തില്‍ ഇടപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രീയ ഏറ്റുമുട്ടലിനു കളമൊരുക്കിയാണ് കേന്ദ്രസര്‍ക്കാര്‍ കേസില്‍ പിടിമുറുക്കുന്നത്. ഡല്‍ഹിയില്‍ രാഷ്ട്രീയ ഉന്നതതല ചര്‍ച്ചയ്ക്കൊപ്പം ദേശീയ നേതാക്കളും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. നിര്‍മല സീതാരാമന് പരോക്ഷ നികുതി ബോര്‍ഡ് ഉദ്യോഗസ്ഥരോടും വിവരങ്ങള്‍ തേടി. പ്രധാനമന്ത്രിയുടെ ഓഫീസും സംഭവത്തില്‍ ഇടപെടുന്നുണ്ട്. ഇതിനിടെയാണ് വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ധനമന്ത്രി നിര്‍മ്മലാ സീതാരാമനും കൂടിക്കാഴ്ച നടത്തിയത്. കേസിന്റെ വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തേടിയതിനു പിന്നാലെയാണ് കൂടിക്കാഴ്ച. നയതന്ത്ര പാഴ്സലില്‍ സ്വര്‍ണം കടത്തിയെന്ന കേസില്‍ തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ യു.എ.ഇയുടെ അനുമതി തേടി. കസ്റ്റംസ് വകുപ്പ് ആവശ്യപ്പെട്ട പ്രകാരമാണു നടപടിയെന്നു വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് പറഞ്ഞു. ചര്‍ച്ചയില്‍ തീരുമാനങ്ങളൊന്നുമില്ലെന്നും സ്ഥിതിഗതികള്‍ ധനമന്ത്രിയെ ധരിപ്പിക്കുകയാണു ചെയ്തതെന്നും മുരളീധരന് പറഞ്ഞു. നയതന്ത്രപരമായ പരിരക്ഷയുള്ളവരെയും കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്ന വിദേശ പൗരന്മാരെയും ചോദ്യം ചെയ്യാന്‍ ബന്ധപ്പെട്ട രാജ്യത്തിന്റെ അനുമതി ആവശ്യമാണ്. സ്വര്‍ണക്കടത്ത് യു.എ.ഇയും അന്വേഷിക്കുന്നുണ്ട്.
കസ്റ്റംസ് നടത്തുന്ന അന്വേഷണത്തിന്റെ ഗതി എങ്ങോട്ടാണെന്ന് വിലയിരുത്തിയ ശേഷം മാത്രമായിരിക്കും കേന്ദ്രതലത്തിലുള്ള അന്വേഷണത്തിന് തീരുമാനമെടുക്കൂ എന്നാണ് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചനകള്‍. കസ്റ്റംസിന് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ നടത്താനുള്ള അധികാരമില്ല. സ്വര്‍ണ്ണക്കടത്ത് എങ്ങോട്ടാണ്, ആര്‍ക്കു വേണ്ടിയാണ് എന്ന കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. അതിനു ശേഷം മാത്രമായിരിക്കും കേന്ദ്രതലത്തിലുള്ള അന്വേഷണത്തെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുക. യു.എ.ഇയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് യു.എ.ഇ പൗരന്മാരെ ചോദ്യം ചെയ്യണമെന്നുള്ള ആവശ്യം കസ്റ്റംസ് മുന്നോട്ടു വെച്ചിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ വിദേശ മന്ത്രാലയത്തിനും നടപടികളെടുക്കേണ്ടി വരും.
ബിജെപി ദേശീയ വക്താവ് സാംബിത് പാത്രയും ഐ.ടി വിഭാഗം മേധാവി അമിത് മാളവ്യയും സമൂഹമാധ്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ചിത്രമുള്‍പ്പെടുത്തി വിവാദത്തെക്കുറിച്ച് ട്വീറ്റ് ചെയ്തു. അറസ്റ്റിലായ സരിത്തിന്റെ മൊഴി പ്രകാരം കൊച്ചി സ്വദേശി ഫൈസല്‍ ഫരീദിനായാണ് സ്വര്‍ണം കടത്തിയത്. ഇയാളുള്‍പ്പെടെയുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.
https://www.facebook.com/Malayalivartha