കുമളിയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ചെക് പോസ്റ്റിന്റെ അവസ്ഥ കാലിത്തൊഴുത്തിനെക്കാള്‍ ദയനീയം!
കുമളിയിലെ ചെളിമടയില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെ ചെക് പോസ്റ്റിന്റെ അവസ്ഥ കാലിത്തൊഴുത്തിനെക്കാള്‍ കഷ്ടമാണ്. അതിര്‍ത്തി കടന്നെത്തുന്ന കന്നുകാലികള്‍, കോഴി, താറാവ്, പാല് തുടങ്ങിയവയുടെ പരിശോധനയ്ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചെക് പോസ്റ്റ് കെട്ടിടത്തിന് ഇതുവരെ യാതൊരു അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല.
1966 മുതല്‍ ചെക്പോസ്റ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടം തകര്‍ന്നുവീണ് ജീവനക്കാര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തനിക്ക് ഉത്തരവാദിത്വമില്ലെന്ന് കാട്ടി കെട്ടിട ഉടമ വക്കീല്‍ മുഖേന കത്ത് നല്‍കിയിട്ടുണ്ട്.
ചെക് പോസ്റ്റിന് മറ്റെവിടെയെങ്കിലും സൗകര്യം കണ്ടെത്താന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ട് ഒരു വര്‍ഷത്തോളമായെങ്കിലും നടപടികളൊന്നുമുണ്ടായില്ല. 7 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്തനില് മറ്റൊരു മുറി വാടകയ്ക്ക് എടുത്താണ് ജീവനക്കാര്‍ പ്രാഥമിക കാര്യങ്ങള്‍ പോലും നിറവേറ്റുന്നത്. കെട്ടിടത്തിന്റെ മേല്‍ക്കൂരയും തൂണുകളുമെല്ലാം ദ്രവിച്ച നിലയിലാണ്.
ചെക് പോസ്റ്റ് ഇവിടെ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും യാതൊരു നടപടിയും ഉണ്ടാകുന്നില്ല. കഴിഞ്ഞ 2 പ്രളയകാലങ്ങളിലും കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്ന ഈ കെട്ടിടം ഈ കാലവര്‍ഷത്തെ അതിജീവിക്കുമോ എന്ന കാര്യം സംശയമാണ്.
അതിര്‍ത്തി ചെക് പോസ്റ്റില്‍ നിന്ന് രണ്ടര കിലോമീറ്ററോളം മാറിയാണ് ഈ ചെക് പോസ്റ്റ്. ഇതുമൂലം പരിശോധന കൂടാതെ നിരവധി വാഹനങ്ങളില്‍ കോഴിയും കന്നുകാലിയും പാലുമെല്ലാം കേരളത്തിലേക്ക് കടക്കുന്നുണ്ട്. ഈ ചെക് പോസ്റ്റ് അതിര്‍ത്തിയില്‍ നികുതി വകുപ്പിന്റെ കെട്ടിടത്തോടു ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്കിയാല് ഇത് പരിഹരിക്കാം. വില്പന നികുതി മാറി ജിഎസ്ടി നിലവില്‍ വന്നതോടെ ഈ കെട്ടിടത്തില്‍ മുറികള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha