തിരുവല്ലയിലെ മാര്‍ക്കറ്റുകളിലെത്തിയ ലോറി ഡ്രൈവര്‍ക്ക് കോവിഡ്
തിരുവല്ലയിലെ നഗരസഭയിലെയും നെടുമ്പ്രം പഞ്ചായത്തിലെയും ജനങ്ങള്‍ ആശങ്കയില്‍. രാമപുരം, മണിപ്പുഴ മാര്‍ക്കറ്റുകളിലേക്കു പച്ചക്കറിയുമായി എത്തിയ മിനി ലോറി ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ജനങ്ങളെ ഭീതിയിലാക്കിയത്. ഈ മാസം രണ്ടിനാണ് പച്ചക്കറി എത്തിച്ചത്. ആറിന് ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എത്തിച്ച പച്ചക്കറികള്‍ മുഴുവന്‍ ഇതിനിടയില്‍ വിറ്റുപോയി. ഇത് ആരൊക്കെ വാങ്ങിയെന്നോ എവിടെയൊക്കെ വിറ്റെന്നോ കണ്ടെത്തുന്നത് അസാധ്യമാണ്.
നഗരസഭയുടെ അടിയന്തിര യോഗം ചെയര്മാന് ആര്. ജയകുമാറിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്നു. മാത്യു ടി.തോമസ് എംഎല്‍എ, സബ്കലക്ടര്‍ ഡോ. വിനയ് ഗോയല്‍, ഡിെൈവഎസ്പി ടി. രാജപ്പന്, മെഡിക്കല്‍ നോഡല്‍ ഓഫിസര്‍ ഡോ.മാമ്മന്‍ പി.ചെറിയാന് എന്നിവര്‍ പങ്കെടുത്തു.
ഇന്നലെ മാത്യു ടി.തോമസ് എംഎല്‍എ, നഗരസഭാധ്യക്ഷന്‍ ആര്. ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അഗ്നിരക്ഷാ സേന മാര്‍ക്കറ്റും വഴിയോരങ്ങളും അണുവിമുക്തമാക്കുകയും ഫോഗിങ് നടത്തുകയും ചെയ്തു. പ്രാഥമിക സമ്പര്‍ക്കം ഉണ്ടെന്നു കണ്ടെത്തുന്നവരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചു. കടയുടമകളും ജീവനക്കാരും ചുമട്ടു തൊഴിലാളികളുമാണിവര്. ഇവരെ നിരീക്ഷിക്കാന്‍ പൊലീസിനെയും ആരോഗ്യ വിഭാഗത്തെയും ചുമതലപ്പെടുത്തും.
സെക്കന്‍ഡറി സമ്പര്‍ക്കം ഉള്ളവരുടെ പട്ടിക തയാറാക്കുകയാണ്. നഗരസഭയിലെ 28- കാവുംഭാഗം, 33- പാലിയേക്കര വാര്‍ഡുകളിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് രോഗവിവരം അന്വേഷിക്കാന്‍ 25 വീടിന് ഒരു ആശ പ്രവര്‍ത്തകയെയും ആരോഗ്യവിഭാഗം ജീവനക്കാരുടെ സംഘത്തെയും നിയോഗിച്ചു. ഇവര്‍ ഇന്നു സര്‍വേ തുടങ്ങും.
അതിനിടെ പൊടിയാടി രാമപുരം മാര്‍ക്കറ്റ് അടപ്പിച്ചതോടെ ഇവിടെയുണ്ടായിരുന്ന പച്ചക്കറികള്‍ മണിപ്പുഴയിലെയും പൊടിയാടിയിലെയും രണ്ടു കടകളിലേക്കു കടത്തിയത് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ കണ്ടെത്തി കടകള്‍ അടപ്പിച്ചു. തിങ്കള്‍ രാത്രി 10-ന് ആണ് സംഭവം.
തമിഴ്നാട്ടില്‍ നിന്നു പച്ചക്കറി എത്തിച്ച വാന്‍ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇദ്ദേഹം പച്ചക്കറി ഇറക്കിയ കടകള്‍ മാത്യു ടി.തോമസ് എംഎല്‍എ, നഗരസഭാധ്യക്ഷന്‍ ആര്.ജയകുമാര്‍ എന്നിവരും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ചേര്‍ന്ന് അടപ്പിച്ചത്. എന്നാല്‍ ഇവിടെയുണ്ടായിരുന്ന പച്ചക്കറികള്‍ രഹസ്യമായി കടത്തുകയായിരുന്നു. പച്ചക്കറി കടത്തിയ വാഹനവും ഡ്രൈവറെയും കണ്ടെത്തിയിട്ടില്ല.
നെടുമ്പ്രം പഞ്ചായത്തിലെ മണിപ്പുഴ പാലം മുതല്‍ പുളിക്കീഴ്, വൈക്കത്തില്ലം പാലങ്ങള്‍ വരെയുള്ള വഴിയോരകച്ചവടം ഇന്ന് പഞ്ചായത്തിന്റെയും പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ പൂര്‍ണമായും ഒഴിപ്പിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.
അതോടൊപ്പം രാമപുരം മാര്‍ക്കറ്റില്‍ നിന്നു പച്ചക്കറി വാങ്ങി വില്‍ക്കുന്ന മണിപ്പുഴയിലെ ഒരു കടയും പൊടിയാടി ജംക്ഷനിലെ മൂന്നു കടകളും പഞ്ചായത്തും ആരോഗ്യവിഭാഗവും ചേര്‍ന്ന് അടപ്പിച്ചു. ഇവിടേക്കു സാധനങ്ങള്‍ കൊണ്ടുവന്ന ഓട്ടോ ഡ്രൈവറെയും കൂടെയുണ്ടായിരുന്ന ആളെയും കണ്ടെത്തി നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha