വേണ്ടി വന്നാൽ ട്രിപ്പിൾ ലോക്ഡൗൺ ; കൊച്ചിയിൽ മുന്നറിയിപ്പുകൾ ഇല്ലാതെയായിരിക്കും ലോക്ഡൗൺ പ്രഖ്യാപനം ഉണ്ടാകുകയെന്ന് മന്ത്രി വി. എസ്. സുനിൽ

എറണാകുളം ജില്ലയിൽ വേണ്ടി വന്നാൽ ട്രിപ്പിൾ ലോക്ഡൗൺ നടപ്പാക്കുമെന്ന് മന്ത്രി വി. എസ്. സുനിൽ കുമാറിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പുകൾ ഇല്ലാതെയായിരിക്കും ലോക്ഡൗൺ പ്രഖ്യാപനം ഉണ്ടാകുക എന്നദ്ദേഹം വ്യക്ത്മാക്കി. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് നിലവിലുള്ള തീരുമാനം. രോഗവ്യാപനം വേഗത്തിലായ സാഹചര്യത്തിലാണ് ഇത്തരത്തിൽ നടപടി ആലോചിക്കുന്നത്. ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമെന്നും മന്ത്രി വ്യക്തമാക്കി.
കൊച്ചിയിൽ ആശുപത്രികളിൽ ഉൾപ്പടെ കോവിഡ് റിപ്പോർട്ട് ചെയ്തതോടെ കോവിഡ് രോഗ വ്യാപനം കൂടുതലുള്ള നിശ്ചിത പ്രദേശത്തെ ക്ലസ്റ്റർ കണ്ടെയ്ൻമെന്റ് സോണുകളാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. സമൂഹ വ്യാപന സാധ്യതകൾ പൂർണമായും തടയുകയും എന്നാൽ ജനജീവിതം ദുസ്സഹമാകാതിരിക്കുകയും ലക്ഷ്യമിട്ടാണ് ക്ലസ്റ്റർ കണ്ടെയ്ൻമെന്റ് സോണുകൾ വേർതിരിക്കുന്നത്. ക്ലസ്റ്റർ സോണുകളിലുള്ള മുഴുവൻ പേരെയും രോഗ പരിശോധനയ്ക്ക് വിധേയരാക്കും. ക്ലസ്റ്ററുകളിൽ ട്രിപ്പിൽ ലോക്ഡൗൺ പോലെ കർശന നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനമെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം എറണാകുളം ജനറൽ ആശുപത്രിയിലെത്തിയ ചെല്ലാനം സ്വദേശിക്ക് കോവിഡ് പോസിറ്റീവായതോടെ ആശുപത്രിയിലെ ഹൃദ്രോഗ, ജനറൽ മെഡിസിൻ വിഭാഗങ്ങൾ അടച്ചു. ജില്ലയിൽ കളമശേരി മെഡിക്കൽ കോളജ് കോവിഡ് കേന്ദ്രമായതോടെ മറ്റ് രോഗങ്ങൾക്ക് സാധാരണക്കാർ ചികിത്സ തേടി എത്തിയിരുന്നത് ഇവിടെയാണ്. ജനറൽ ആശുപത്രിയിലെ പ്രധാന വിഭാഗങ്ങൾ അടച്ചിടേണ്ടി വന്നതോടെ രോഗികൾ പ്രതിരോധത്തിലാണ്. കഴിഞ്ഞ ദിവസം ജില്ലയിലെ മൂന്ന് സ്വകാര്യ ആശുപത്രികളിൽ കോവിഡ് 19 റിപ്പോർട്ട് ചെയ്തിരുന്നു. ഇവിടങ്ങളിലും ഡോക്ടർമാരും നഴ്സുമാരും ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ പോയിട്ടുണ്ട്. ഇത് സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. ജില്ലയിൽ ആകെ 21 കണ്ടെയ്ൻമെന്റ് സോണുകളാണ് ഉള്ളത്.
https://www.facebook.com/Malayalivartha
























