മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബി.ജെ.പിയും; സ്വപ്‌നയുടെ തട്ടിപ്പ് സ്വര്‍ണ കടത്ത് കേസില്‍ അവസാനിക്കില്ല; എഡ്ജ് 2020 സ്‌പേസ് കോണ്‍ക്ലേവിന്റെ മുഖ്യസംഘാടക സ്വപ്‌നയെന്ന് രമേശ് ചെന്നിത്തല; മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ കെ.സുരേന്ദ്രന്‍

സ്വര്‍ണകള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തി. വിഷയത്തില്‍ വരും ദിവസങ്ങളില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനും പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്നു നടന്ന പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ നാലര വര്‍ഷക്കാലം കേരളത്തിന്റെ പൊതുസ്വത്ത് കൊള്ളയടിച്ച് നാടിനെ മുടിച്ച ഒരു മുഖ്യമന്ത്രിക്ക് കൂട്ടുനിന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയാണ് പുറത്താക്കിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക് ഈ ഉദ്യോഗസ്ഥനുമായുള്ള ഏറ്റവും അടുത്ത ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം കണ്ണടച്ച് പാലുകുടിക്കുകയായിരുന്നു എന്ന് വ്യക്തമാണ്. സ്വപ്‌ന സര്‍ക്കാരിന്റെ ഉദ്യോഗസ്ഥയല്ല., ഐടി വകുപ്പ് ഉദ്യോഗസ്ഥയല്ല എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്. അവര്‍ ഐടി വകുപ്പ് ജീവനക്കാരിയല്ല. പകരം മുഖ്യമന്ത്രിയുടെ തന്നെ വകുപ്പായ സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പിന്റെ കീഴിലുള്ള ഒരു സ്ഥാപനത്തിലാണ് സ്വപ്‌ന ജോലി ചെയ്യുന്നത്.
ജനുവരി 31, ഫെബ്രുവരി ഒന്ന് തീയതികളില്‍ തിരുവനന്തപുരത്ത് റാവീസ് ലീല ഹോട്ടലില്‍ നടന്ന എഡ്ജ് 2020 സ്‌പേസ് കോണ്‍ക്ലേവിന്റെ മുഖ്യസംഘാടക സ്വപ്‌നയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്വപ്‌നയാണ് ക്ഷണക്കത്ത് അയച്ചത്. ഫെബ്രുവരി ഒന്നിന് വൈകുന്നേരം മുഖ്യമന്ത്രി പങ്കെടുത്ത നാലുമണി മുതല്‍ നടന്ന പരിപാടിയില്‍ ഇവരും ഉണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സ്‌പേസ് കോണ്‍ക്ലേവില്‍ ക്ഷണക്കത്ത് അയച്ചത് സ്വപ്‌നയായിരുന്നു. മുഖ്യനടത്തിപ്പ് നിര്‍വഹിച്ചതും ധാരണാപത്രം കൈമാറിയതും സ്വപ്‌നയായിരുന്നു. കേരള മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിനു കീഴിലുള്ള സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ സ്‌പേസ് പാര്‍ക്കില്‍ ആദ്യമായാണ് ഇങ്ങനെ ഒരു പരിപാടി നടക്കുന്നത്. ഇതിന്റെ മുഖ്യസംഘാടകയായ ഈ വ്യക്തിയെ അറിയില്ലെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുമോ എന്നും ചെന്നിത്തല ആരാഞ്ഞു.
രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായി ഇത് മാറുകയാണ്. സ്‌പേസുമായി ബന്ധപ്പെട്ട കാര്യമാണ്. അതിനെ നിസാരമായി കാണാനാകില്ല. രാജ്യാന്തര ബന്ധമുള്ള ഒരു കള്ളക്കടത്ത് കേസ് എന്ന നിലയില്‍ മാത്രമല്ല, സ്‌പേസുമായി ബന്ധപ്പെട്ട, ഐ.എസ്.ആര്‍.ഒ., വി.എസ്.എസ്.സി.യുമായി ഒക്കെ ബന്ധപ്പെട്ട ഒരു കോണ്‍ക്ലേവിന് നേതൃത്വം കൊടുക്കാന്‍ സ്വപ്‌നയെ ആരാണ് ചുമതലപ്പെടുത്തിയതെന്നും ചെന്നിത്തല ചോദിച്ചു.
അതെ സമയം ഐ,ടി സെക്രട്ടറി ശിവശങ്കറിനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നപ്പോഴെല്ലാം മുഖ്യമന്ത്രി സംരക്ഷിച്ചത് എന്തിനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ചോദിക്കുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് അന്വേഷണം നടത്തുന്നതില്‍ യാതൊരു പ്രസക്തിയുമില്ലെന്നും ധാര്‍മ്മികതയുണ്ടെങ്കില്‍ സ്ഥാനം രാജിവെച്ച് സ്വതന്ത്ര അന്വേഷണം നേരിടുകയാണ് വേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മുഖ്യമന്ത്രിയറിയാതെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് എങ്ങനെ പ്രവര്‍ത്തിക്കാനാകും. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയും പ്രോട്ടോക്കോള്‍ ഓഫീസറുമെല്ലാം ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കണ്ടേ. മാധ്യമ ഉപദേഷ്ടാവ് എന്തിനാണ് പലതവണ വിദേശസന്ദര്‍ശനം നടത്തിയതെന്ന് അന്വേഷിക്കണം. എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന കാര്യങ്ങളെ സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിടാന്‍ മുഖ്യമന്ത്രി മടിക്കുന്നത്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. ഈ കേസില്‍ ആരോപണമുയരുന്നത് പിണറായി വിജയനു നേര്‍ക്കാണ്', സുരേന്ദ്രന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരേയും അവരുടെ സ്ഥാപനത്തിനെതിരേയും കെ സുരേന്ദ്രന്‍ ആരേപണങ്ങള്‍ ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ ബംഗളൂരു കേന്ദ്രമായി നടത്തുന്ന വ്യവസായത്തിന് ഐടി സെക്രട്ടറിയുടെ പദവി ശിവശങ്കര്‍ എങ്ങനെയാണ് ദുരുപയോഗം ചെയ്തതെന്ന് അന്വേഷിക്കേണ്ടെയെന്നും അദ്ദേഹം പറഞ്ഞു.
നിലപാടുകള്‍ വ്യക്തമാക്കി നേതാക്കള്‍ രംഗത്ത് എത്തിതോടെ ഈ കോവിഡ് കാലത്തും ശക്തമായ സമരങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
https://www.facebook.com/Malayalivartha
























