കെ.കെ മഹേശന്റെ ആത്മഹത്യ; വെള്ളാപ്പള്ളി നടേശന് പിന്തുണ പ്രഖ്യാപിച്ച് എസ്.എന്‍.ഡി.പി ചേര്‍ത്തല യൂണിയന്; മഹേശന് മൂന്നു കോടിയുടെ ക്രമക്കേട് നടത്തിയെന്ന് യൂണിയന്

ആത്മഹത്യ ചെയ്ത എസ്.എന്‍.ഡി.പി കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറിയായിരുന്ന കെ.കെ മഹേശന്റെ കത്തിലെ ആരോപണങ്ങളെ തള്ളി എസ്.എന്‍.ഡി.പി ചേര്‍ത്തല യൂണിയന്. മഹേശന്റെതായി പുറത്ത് വന്ന കത്തിലെ ആരോപണങ്ങള്‍ തെറ്റാണെന്നും മഹേശന് മൂന്നു കോടിയുടെ ക്രമക്കേട് നടത്തിയെന്നും എസ്.എന്‍.ഡി.പി ചേര്‍ത്തല യൂണിയന് പ്രതികരിച്ചു. ഒപ്പം വെള്ളാപ്പള്ളി നടേശന് പിന്തുണയും യൂണിയന് പ്രഖ്യാപിച്ചു.
മഹേശന് കണ്‍വീനറായിരുന്നപ്പോള്‍ മൈക്രോഫിനാന്‍സ് പദ്ധതിയില്‍ പൊരുത്തക്കേടുണ്ടായി. ബാങ്ക് ഇടപാടുകളില്‍ ക്രമക്കേട് നടന്നു. മൂന്ന് കോടി മുപ്പത്തിയൊന്പത് ലക്ഷം രൂപയുടെ ക്രമക്കേടാണ് കെകെ മഹേശന് നടത്തിയത്. ക്രമക്കേടുകള്‍ കുറിച്ച് വിശദമായ അന്വേഷണത്തിലാണ്. മൈക്രോഫിനാന്‍സ് തട്ടിപ്പിനൊപ്പം യൂണിയന്റെ നേതൃത്വത്തിലുള്ള ഹയര്‍ സെക്കന്റി സ്കൂളിലെ നിയമനങ്ങളില്‍ ക്രമക്കേടുണ്ടായി. ഇക്കാര്യങ്ങളിലും അന്വേഷണം വേണം. ചേര്‍ത്തല ഭരണസമിതി വെള്ളാപ്പള്ളി നടേശന് പൂര്‍ണപിന്തുണ നല്‍കുന്നതായും യൂണിയന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കെ.കെ മഹേശന്റെ ആത്മഹത്യയില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കഴിഞ്ഞ ദിവസം നാല് മണിക്കൂറിലധികം മാരാരിക്കുളം പോലീസ് ചോദ്യം ചെയ്തതിരുന്നു. മഹേശന് മരിക്കുന്നതിന് മുമ്പ് പുറത്തുവിട്ട കത്തുകളിലെ ആരോപണങ്ങളാണ് അന്വേഷണ സംഘം പ്രധാനമായും ചോദിച്ചത്. വെള്ളാപ്പള്ളി നടേശന് 32 പേജുള്ള കത്താണ് കെ.കെ മഹേശന് നല്‍കിയിരുന്നത്. സാമ്പത്തിക തിരിമറി, മാനസിക പീഡനം തുടങ്ങിയ കാര്യങ്ങള്‍ ഈ കത്തിലുണ്ട്. ആത്മഹത്യാ കുറിപ്പില്‍ വെള്ളാപ്പള്ളി നടേശന്റെയും മാനേജര്‍ അശോകന്റെയും പേരുകള്‍ എഴുതിയിരുന്നു. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് വെള്ളാപ്പള്ളി നടേശനുമായും കെ.എല്‍ അശോകനുമായും മഹേശന് ഫോണില്‍ സംസാരിച്ചിരുന്നു. വെള്ളാപ്പള്ളിയുടെ സഹായി കെ.എല്‍ അശോകന്റെയും മൊഴി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പോലീസ് എടുത്തിട്ടുണ്ട്. അതേസമയം കേസില്‍ പ്രത്യേക സംഘം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് മഹേശന്റെ കുടുംബം. സംസ്ഥാന സര്‍ക്കാര്‍ വെള്ളാപ്പള്ളിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന ആരോപണവും നടേശന് വിരുദ്ധ ചേരി ഉന്നയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























