സന്ദീപ് സ്വപ്നയുടെ ബിനാമിയോ ബോസോ? സ്വര്‍ണകള്ളകടത്ത് കേസ് കൂടുതല്‍ സങ്കീര്‍ണതകളിലേക്ക്; സന്ദീപ് സ്വര്‍ണ കള്ളക്കടത്തിന്റെ പ്രധാന കണ്ണി; സന്ദീപ് നായരുടെ ഭാര്യയെ റോ, ഐബി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു

സ്വര്‍ണ കള്ളക്കടത്തു കേസ് കൂടുതല്‍ സങ്കീര്തകളിലേക്ക്. കസ്റ്റംസിന്റെ അന്വേഷണത്തിലാണ് സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നത്. സ്വര്‍ണക്കടത്ത് റാക്കറ്റിലെ പ്രധാനകണ്ണിയാണ് സ്വപ്ന സുരേഷിന്റെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായരെന്ന് കസ്റ്റംസിന്റെ കണ്ടെത്തല്‍. ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്ന സരിത്തിനൊപ്പം എല്ലാ ഓപ്പറേഷന്‍സിലും ഇയാളും പങ്കെടുത്തിട്ടുണ്ട്. തിരുവനന്തപുരം നെടുമങ്ങാട്ടെ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് സന്ദീപ് നായര്‍. ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പങ്കെടുത്തത് വിവാദമായിരുന്നു.
തിരുവനന്തപുരം നഗരത്തിലെ ഒരു തടിക്കടയിലെ ജീവനക്കാരനായിരുന്നു സന്ദീപ്. സാമ്പത്തികനേട്ടം ഇയാളുണ്ടാക്കിയത് വളരെ പെട്ടെന്നായിരുന്നു. അടുത്തിടെയാണ് മഹാരാഷ്ട്ര റജിസ്ട്രേഷനില്‍ ഒരു ആഢംബര കാര്‍ വാങ്ങിയത്. സന്ദീപിന് ദുബായ് ബന്ധങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലും ദുബായിലേക്ക് ഇയാള്‍ യാത്ര ചെയ്തിട്ടുണ്ട്. കാറുകളുടെ എഞ്ചിനില്‍ നിന്ന് കാര്‍ബണ്‍ മാലിന്യം നീക്കം ചെയ്യുന്ന സ്റ്റാര്‍ട്ടപ്പായ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനവുമായി സ്വപ്ന സുരേഷിന് എന്താണ് ബന്ധമെന്നതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്.
സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ ഇന്ന് രാവിലെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കസ്റ്റംസ് മാത്രമല്ല, രഹസ്യാന്വേഷണ ഏജന്‍സികളായ റോ, ഐബി എന്നിവയിലെ ഉദ്യോഗസ്ഥര്‍ കൂടി എത്തിയാണ് സൗമ്യയെ ചോദ്യം ചെയ്യുന്നതെന്നാണ് ഞങ്ങളുടെ കൊച്ചി ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ സന്ദീപിന്റെ കള്ളക്കടത്ത് ബിസിനസ്സിനെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് ഭാര്യ സൗമ്യ മൊഴി നല്‍കിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള വലിയ റാക്കറ്റാണ് ഈ സ്വര്‍ണക്കടത്തിന് പിന്നിലെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സന്ദീപ് നായരുടെ ഭാര്യയെ കസ്റ്റഡിയിലെടുത്തത്. സന്ദീപ് എവിടെയെന്നും അറിയില്ലെന്ന് തന്നെയാണ് സൗമ്യയുടെ മറുപടി.
സ്വര്‍ണക്കടത്ത് കേസ് പുറത്ത് വന്ന ശേഷം സന്ദീപ് നായര്‍ സ്ഥാപനത്തിലേക്ക് വന്നിട്ടില്ല. ഫോണ്‍ ഓഫാണ്. എവിടെയാണെന്ന് സ്ഥാപനത്തിലെ ജീവനക്കാര്‍ക്കോ, കുടുംബാംഗങ്ങള്‍ക്കോ അറിയുകയുമില്ല. സന്ദീപാണ് സ്വപ്ന സുരേഷിന്റെ ബിനാമിയെന്നതിന് വ്യക്തമായ സൂചനകള്‍ കസ്റ്റംസിനുണ്ട്. പൊലീസും കസ്റ്റംസും ഇത് സംബന്ധിച്ച അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുമുണ്ട്. 2019 ഡിസംബര്‍ 31നാണ് നെടുമങ്ങാട്ടുള്ള കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടച്ചടങ്ങില്‍ സ്പീക്കര്‍ പങ്കെടുത്തത്. സ്വപ്ന സുരേഷ് സ്പീക്കര്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെയും സൗഹൃദ അഭിവാദ്യം ചെയ്യുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തന്നെ ഉദ്ഘാടനത്തിന് ക്ഷണിച്ചത് സ്വപ്നയാണെന്ന് സ്പീക്കര്‍ സമ്മതിച്ചു. പക്ഷെ ഇതിന്റെ പേരിലുള്ള വിവാദങ്ങള്‍ എല്ലാം സ്പീക്കര്‍ തള്ളിക്കളയുകയും ചെയ്തു.
https://www.facebook.com/Malayalivartha
























