തെരുവുനായ കടിച്ച ആട്ടിന്‍കുട്ടിക്ക് ചികിത്സ ലഭ്യമാക്കാതിരുന്നതിനെ പറ്റി മൃഗസംരക്ഷണ വകുപ്പ് മന്ത്രി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

താമരശ്ശേരിയില്‍ തെരുവുനായ കടിച്ചു കുടല്‍മാല പുറത്തു ചാടി വയറു വീര്‍ത്ത് അവശനിലയിലായ ആട്ടിന്‍ കുട്ടി ഇന്നലെ രാവിലെ ചത്തു. ചൊവ്വാഴ്ച പകല്‍ ഒന്നരയോടെ നായ കടിച്ചുകീറിയ ആട്ടിന്‍കുട്ടിയുമായി മൂന്നു മൃഗാശുപത്രികളെ സമീപിച്ചിട്ടും രാത്രി 8 വരെ പ്രാഥമിക ചികിത്സ പോലും ലഭ്യമാക്കാതിരുന്ന അധികൃതരുടെ നടപടിയെ പറ്റി മൃഗസംരക്ഷണ വകുപ്പ് മന്ത്രി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ഇതോടെ ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫിസര്‍ കെ. സിന്ധുവിന്റെ നിര്‍ദേശപ്രകാരം ജില്ലാ അസിസ്റ്റന്റ് പ്രോജക്ട് ഓഫിസര്‍ ശ്രീജയുടെ നേതൃത്വത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ രാവിലെ താമരശ്ശേരി മൃഗാശുപത്രിയില്‍ ജീവനക്കാരില്‍ നിന്നും ആട്ടിന്‍കുട്ടിയുടെ ഉടമയില്‍ നിന്നും തെളിവെടുപ്പു നടത്തി. ഇതു സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് ഇന്നലെ തന്നെ മന്ത്രിയുടെ ഓഫിസിനു കൈമാറുകയും ചെയ്തു. താമരശ്ശേരിയിലെ മൃഗാശുപത്രിയിലെ ഡോക്ടര്‍ അസുഖത്തെ തുടര്‍ന്ന് അവധിയില്‍ പോയപ്പോള്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതിരുന്നതും മറ്റു ജീവനക്കാര്‍ പ്രാഥമിക ചികിത്സയ്ക്കുള്ള സൗകര്യം പോലും ഒരുക്കാതിരുന്നതും വീഴ്ചയായി കാണിച്ചാണ് പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കിയത്.
ആട്ടിന്‍കുട്ടിയെ രക്ഷിക്കുന്നതിനായി ചികിത്സാ സഹായം തേടിയ താമരശ്ശേരി,മൈക്കാവ്, പുതുപ്പാടി മൃഗാശുപത്രി അധികൃതരുടെ വീഴ്ച സംബന്ധിച്ചു വിശദമായ തുടരന്വേഷണം നടത്തുമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ കെ. സിന്ധു പറഞ്ഞു. കോഴിക്കോട്ട് രാത്രി എട്ടുവരെ പ്രവര്‍ത്തിക്കുന്ന ആശുപത്രി ഉണ്ടായിട്ടും അവിടേക്കു പറഞ്ഞു വിടാതെ വയനാട്ടിലെ വൈത്തിരി വെറ്ററിനറി കോളജിലേക്ക് പറഞ്ഞു വിട്ടതും ഗൗരവമായിട്ടാണ് കാണുന്നത്.
ആട്ടിന്‍ കുട്ടിക്കു ചികിത്സ ലഭിക്കാതെ വന്നതിനെതിരെ പ്രതിഷേധം വ്യാപകമായതോടെ ജന മൈത്രി പൊലീസ് ഇടപെട്ട് രാത്രി എട്ടോടെ ചികിത്സ ലഭ്യമാക്കുകയായിരുന്നു. താമരശ്ശേരി ചുങ്കം മുട്ടുകടവില്‍ ജാനകിയുടെ ആട്ടിന്‍ കുട്ടിക്കാണ് ഈ ദയനീയാവസ്ഥ. ആടിന്റെ ഉടമയ്ക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു.
ജനമൈത്രി പൊലീസ് സീനിയര്‍ സിപിഒ പി. അഷറഫ് ഇടപെട്ടാണ് രാത്രി എട്ടുമണിയോടെ മൈക്കാവ് ആശുപത്രിയിലെ ഡോ. നിധിന് തന്നെ ചികിത്സക്കെത്തിയത്. ഒമ്പത് മണിക്കൂറോളം ചികിത്സ കിട്ടാതെ കിടന്ന ആട്ടിന്‍കുട്ടിയെ രണ്ടു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്ക് വിധയമാക്കിയെങ്കിലും ഇന്നലെ രാവിലെ ചത്തു.
https://www.facebook.com/Malayalivartha
























