സരിത്ത് കസ്റ്റഡിയിൽ; ഇനി മണിമണിപോലെ എല്ലാം പുറത്തുവരും; ഈ മാസം 15 വരെയാണ് കസ്റ്റഡിയില്‍ വിട്ടത്; കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിന് സരിത്തിന്റെ കസ്റ്റഡി അനിവാര്യമാണെന്നായിരുന്നു കസ്റ്റംസിന്റെ വാദം; തൊട്ടു പിന്നാലെ സരിത്ത് കോടതിയിൽ ജാമ്യാപേക്ഷയും സമർപ്പിച്ചു

സ്വർണ്ണക്കടത്ത് കേസിൽ പി ആർ സരിത്തിനെ കസ്റ്റഡിയിൽ വിട്ടു. ഈ മാസം 15 വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിന് സരിത്തിന്റെ കസ്റ്റഡി അനിവാര്യമാണെന്നായിരുന്നു കസ്റ്റംസിന്റെ വാദം.. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയാണ് സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടത്. ഇതിന് തൊട്ടു പിന്നാലെ സരിത്ത് കോടതിയിൽ ജാമ്യാപേക്ഷയും സമർപ്പിച്ചു. ഈ അപേക്ഷ 13ന് പരിഗണിക്കും. ചോദ്യം ചെയ്യൽ ക്യാമറയിൽ ചിത്രീകരിക്കണമെന്ന സരിത്തിന്റെ ആവശ്യം കോടതി തള്ളി.
സരിത്തിന്റെ ഫോണിന്റെ കോള്‍ റെക്കോഡ് വിശദാംശങ്ങള്‍ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍നിന്ന് സ്വര്‍ണക്കടത്തില്‍ പങ്കാൡകളായവരെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താനുണ്ട്. ഇതിന് സരിത്തിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് കോടതിയില്‍ അറിയിച്ചു.
അതേസമയം സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രകയും സരിത്തിന്റെ കൂട്ടാളിയുമായ സ്വപ്ന സുരേഷ് ഇപ്പോഴും ഒളിവിലാണ്. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സ്വർണക്കടത്തുകേസിൽ താൻ നിരപരാധിയാണെന്നും ഇടപാടുമായി യാതൊരു ബന്ധവുമില്ലെന്നും വിശദീകരിച്ച് സ്വപ്ന സുരേഷ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കോൺസുലേറ്റ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സ്വർണം അടങ്ങിയ നയതന്ത്ര ബാഗിന്റെ കാര്യത്തിൽ ഇടപെട്ടതെന്നാണഅ സ്വപ്നയുടെ വിശദീകരണം.
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിചേർക്കാൻ കസ്റ്റംസ് ഒരുങ്ങുന്നതെന്നും, അന്വേഷണ ഉദ്യോഗസ്ഥനോട് വെളിപ്പെടുത്താൻ തനിക്ക് പ്രത്യേകിച്ച് ഒന്നുമില്ലെന്നും സ്വപ്നയുടെ ഹർജിയിൽ പറയുന്നു. കളളക്കടത്തിടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലാത്ത സാഹചര്യത്തിൽ മുൻകൂർ ജാമ്യം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. ഈ ഹർജി നാളെ ഹൈക്കോടതി പരിഗണിച്ചേക്കും.
സ്വർണക്കടത്തുമായി താൻ നേരിട്ടോ പരോക്ഷമായോ ബന്ധപ്പെട്ടിട്ടില്ല. ഒരു ഘട്ടത്തിലും ഏതെങ്കിലും ഉദ്യോഗസ്ഥരെ സ്വാധീനിക്കാനോ സ്വർണം കടത്തനാനോ ശ്രമിച്ചിട്ടില്ല. കോൺസൽ ജനറലിന്റെ ചുമതലയുള്ള റാഷിദ് ഖാമിസ് അൽ ഷെയിമെയിലി പറഞ്ഞതനുസരിച്ചാണ് നയതന്ത്രപാഴ്സല്‍ വിട്ടുകൊടുക്കാന്‍ കസ്റ്റംസിനോട് ആവശ്യപ്പെട്ടത്. പിന്നീട് അദ്ദേഹം നേരിട്ടെത്തി, പാഴ്സല്‍ തന്റേതെന്ന് സമ്മതിച്ചു. പാഴ്സല്‍ തിരിച്ചയക്കാനുള്ള കത്ത് തയാറാക്കി നല്‍കാനും ആവശ്യപ്പെട്ടു എന്നും വ്യക്തമാക്കുന്നു.
അതേസമയം കോൺസുലേറ്റിനു വേണ്ടി താൻ ഇപ്പോഴും ജോലി ചെയ്യുന്നുണ്ടെന്ന് സ്വപ്ന ഹർജിയിൽ പറയുന്നു. താൽക്കാലിക അടിസ്ഥാനത്തിൽ കോൺസുലേറ്റിൽ നിന്ന് ആവശ്യപ്പെടുന്നതനുസരിച്ചുള്ള ജോലികളാണ് ചെയ്യുന്നത്. ഇതു പ്രകാരം കഴിഞ്ഞ ജൂൺ 30ന് എത്തിയ കൺസെയിൻമെന്റ് കോവിഡ് കാലമായതിനാൽ ഡെസ്പാച് ചെയ്തിട്ടില്ലായിരുന്നു. ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ ഒന്നിനാണ് വിളി വന്നത്. അതു പ്രകാരം അന്വേഷിക്കുക മാത്രമാണ് താൻ ചെയ്തിട്ടുള്ളത്. ഇതിനു പുറമേ ബാഗിൽ എന്താണ് ഉള്ളത് എന്ന് തനിക്ക് അറിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് എന്തെങ്കിലും വെളിപ്പെടുത്താൻ തനിക്ക് ഇല്ലാത്തതിനാൽ മുൻകൂർ ജാമ്യം നൽകണം എന്നും ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.
ഒളിവിൽക്കഴിയുന്ന സന്ദീപിനായി കൊച്ചിയിൽ കസ്റ്റംസ് തെരച്ചിൽ നടത്തുന്നുണ്ട്. ഇയാളും മുൻകൂർ ജാമ്യാപേക്ഷയുമായി എത്താനാണ് സാധ്യത. കളളക്കടത്തിൽ വിദേശ പണമിടപാട് നടന്നിട്ടുണ്ട് എന്ന വിവരത്തെത്തുടർന്നാണ് ഫെമാ നിയമപ്രകാരം കേസെടുക്കാൻ എൻഫോഴ്സ്മെന്റ് തീരുമാനിച്ചിരിക്കുന്നത്. മുഖ്യപ്രതികളെ കസ്റ്റംസ് പിടികൂടിയ ശേഷമാകും എൻഫോഴ്സ്മെന്റ് നടപടികൾ തുടങ്ങുക.
https://www.facebook.com/Malayalivartha
























