അപ്രതീക്ഷിത ട്വിസ്റ്റ്... യു.എ.ഇ കോണ്‍സല്‍ ജനറലിന്റെ നിര്‍ദേശ പ്രകാരമാണ് കസ്റ്റംസുകാരെ വിളിച്ചതെന്ന സ്വപ്ന സുരേഷ് പറഞ്ഞത് വെറുതേയല്ല; കേസ് യു.എ.ഇ ഉദ്യോഗസ്ഥരുടെ തലയിലാക്കി രക്ഷപ്പെടാന്‍ ശ്രമം; കോണ്‍സല്‍ ജനറലിനെ ഇവിടെ വിചാരണ ചെയ്യാനോ ശിക്ഷാക്കാനോ കഴിയില്ല; ഗള്‍ഫ് ലോകം മൊത്തം ആകാംക്ഷയില്‍

സ്വര്‍ണക്കടത്ത് കേസ് വല്ലാത്തൊരു ട്വിസ്റ്റിലേക്കാണ് പോയിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യ ആസൂത്രകയായ സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശവും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നല്കിയ വിവരങ്ങളും ഗള്‍ഫ് ലോകത്തെ ഒന്നാകെ അമ്പരപ്പിച്ചിരിക്കുകയാണ്. നൈസാരിയ രക്ഷപ്പെടാന്‍ എല്ലാം അറബിയുടെ തലയില്‍ കെട്ടിവച്ചിരിക്കുകയാണ്. ഈ കേസ് ഇന്ത്യന്‍ നിയമം ബാധകമല്ലാത്ത നയതന്ത്ര ഉദ്യോഗസ്ഥരുടെ ചുമലിലാക്കി തലയൂരാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് സ്വപ്ന മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നല്കിയ വിവരങ്ങളെന്ന് നിഗമനം. യു.എ.ഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന് അല്‍ സഅബിയുടെ നിര്‍ദ്ദേശപ്രകാരമാണ് കാര്‍ഗോ വിട്ടുകിട്ടാന്‍ കസ്റ്റംസ് അസി. കമ്മിഷണറെ വിളിച്ചതെന്നാണ് സ്വപ്നയുടെ മൊഴി. കോണ്‍സല്‍ ജനറലിനെ ഇവിടെ വിചാരണ ചെയ്യാനോ ശിക്ഷാക്കാനോ ഇന്ത്യയ്ക്കാവില്ല.
കോണ്‍സല്‍ ജനറലിനു പുറമെ നയതന്ത്ര പരിരക്ഷയുള്ള രണ്ട് അഡ്മിനിസ്ട്രേറ്റീവ് അറ്റാഷെമാരും തിരുവനന്തപുരത്തെ കോണ്‍സുലേറ്റിലുണ്ട്. ഇവരെ ചോദ്യം ചെയ്യണമെങ്കില്‍പ്പോലും യു.എ.ഇയുടെ അനുമതി വേണം. ഇതു മുന്‍കൂട്ടിക്കണ്ടാണ് കേസിലേക്ക് ഇവരെ വലിച്ചിഴയ്ക്കാനുള്ള ആസൂത്രിത ശ്രമം. ഇവരെ പ്രതി ചേര്‍ത്താലും ഇന്ത്യയിലെ കോടതികളില്‍ ഹാജരാക്കാതെ, മാതൃരാജ്യത്തിന് കൈമാറണം. നടപടിക്രമങ്ങളിലെ പിഴവാക്കി കേസ് ദുര്ബലമാക്കാനുമാവും.
അതേസമയം ഇന്ത്യയുമായി നല്ല ബന്ധമുള്ള യു.എ.ഇ.യെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയതില്‍ ഗള്‍ഫ് ലോകം ഒന്നാകെ അമ്പരപ്പിലാണ്. പതിനായിരക്കണക്കിന് മലയാളികളാണ് യു.എ.ഇയില്‍ ജോലി ചെയ്യുന്നത്. അവര്‍ക്ക് കേരളം പോലെയാണ് യുഎഇയും. അതിനാല്‍ തന്നെ ഗള്‍ഫ് മലയാളികളും ഈ കേസിനെ വളരെ ആകാംക്ഷയോടെയാണ് കാണുന്നത്. അതേസമയം തന്നെ സ്വര്‍ണക്കടത്ത് കണ്ണികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയാണ് യു.എ.ഇ. ഇവിടത്തെ അന്വേഷണം പോലൊന്നുമല്ല അവിടത്തേത്. കര്‍ക്കശ നിയമമുള്ള യു.എ.ഇ.അതിന്റെ വേരുവരെ തോണ്ടും.
2016 മുതല്‍ 2019 സെപ്തംബര്‍ വരെ യു.എ.ഇ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസിലെ എക്സിക്യൂട്ടീവ് സെക്രട്ടറിയായിരുന്നു സ്വപ്ന. പിന്നീട് രാജിവച്ച് െ്രെപസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് കമ്പനിയിലെ കരാര്‍ സ്റ്റാഫായി. ഐ.ടി വകുപ്പിന്റെ സ്പേസ് പാര്‍ക്ക് പദ്ധതിയിലായിരുന്നു പ്രവര്‍ത്തനം.കോണ്‍സുലേറ്റിലെ മുന്‍ ജോലിപരിചയം നിമിത്തം അവിടെ നിന്ന് ഭരണകാര്യങ്ങളില്‍ തന്റെ സഹായം തേടിയെന്നാണ് സ്വപ്നയുടെ അവകാശവാദം. കൊവിഡ് ഭീഷണിയെത്തുടര്‍ന്ന് ഏപ്രിലില്‍ കോണ്‍സുലേറ്റ് ജനറല്‍ യു.എ.ഇയിലേക്ക് തിരികെ പോയി. റാഷിദ് ഖാമിസ് അല്‍ ഷിമേലിക്ക് താല്കാലിക ചുമതല നല്കി. ഇക്കാലത്ത് കോണ്‍സുലേറ്റില്‍ നിന്ന് ആവശ്യപ്പെട്ടതനുസരിച്ച് സേവനം നല്‍കിയെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍.
വിയന്ന കണ്‍വെന്‍ഷനിലെ വ്യവസ്ഥയനുസരിച്ച് എയര്‍ വേ ബില്ലും നയതന്ത്ര ഉദ്യോഗസ്ഥന് ഒപ്പിട്ട കത്തും കാര്‍ഗോ ഏജന്റിനു കൈമാറിയാണ് ഡിപ്ളോമാറ്റിക് ബാഗുകള്‍ ഏറ്റുവാങ്ങുന്നത്. ഈ ബാഗുകള്‍ കാര്‍ഗോ ഏജന്റു തന്നെ കോണ്‍സുലേറ്റിന്റെ വാഹനത്തില്‍ എത്തിക്കും. കോണ്‍സുലേറ്റിന്റെ പി.ആര്.ഒയാണ് ഇതു കൈകാര്യം ചെയ്യുന്നത്. അതിനാല്‍ കസ്റ്റംസ് ഓഫീസിലോ കാര്‍ഗോ കോംപ്ലക്സിലോ തനിക്ക് പോകേണ്ടി വന്നിട്ടില്ലെന്ന് സ്വപ്ന പറയുന്നു.
അതേസമയം സ്വപ്ന പറയുന്നതിന് വിരുദ്ധമാണ് അറ്റാഷെ കസ്റ്റംസിന് നല്കിയ മൊഴി. ബാഗേജിലെ ഭക്ഷ്യവസ്തുക്കള്‍ ഒഴികെയുള്ളവ തങ്ങളുടേതല്ലെന്നാണ് കാര്‍ഗോ ഏറ്റെടുക്കാന്‍ വിമാനത്താവളത്തിലെത്തിയ അറ്റാഷെ പറഞ്ഞത്. ഡിപ്ലോമാറ്റിക് കാര്‍ഗോ ദുരുപയോഗം ചെയ്തെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. മൊഴി കസ്റ്റംസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.കോണ്‍സല്‍ ജനറലിന്റെ നിര്‍ദ്ദേശപ്രകാരം കസ്റ്റംസ് അസി.കമ്മിഷണര്‍ക്ക് ഇമെയില്‍ അയച്ചെന്നും വിളിച്ചെന്നുമാണ് സ്വപ്ന പറയുന്നത്. എന്നാല്‍ കോണ്‍സുലേറ്റ് ഇത് സ്ഥിരീകരിച്ചിട്ടില്ല. കോണ്‍സുലേറ്റിലെ സ്വാധീനം ഉപയോഗിച്ച് കാര്‍ഗോ വിട്ടുകിട്ടാന്‍ സ്വപ്ന ഇടപെട്ടെന്നാണ് കസ്റ്റംസ് വിലയിരുത്തല്‍.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha
























