ഉണ്ണിക്കുട്ടന് ഡോക്ടറമ്മയുടെ വാത്സല്യത്തില്‍ നിന്നും അമ്മയുടെ സ്നേഹത്തിലേക്ക്; ക്വാറന്റയില്‍ കഴിഞ്ഞു 15ന് അമ്മയെത്തും; കുട്ടിയെ സുരക്ഷിതമായി തിരിച്ചേല്പ്പിക്കുന്നതിന്റെ സംതൃപ്തിയില്‍ ഡോ. മേരി അനിത

കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ ചികിത്സയിലായതോടെ ആറുമാസം പ്രായമുള്ള കുരുന്നിന് തുണയായത് ഡോക്ടറുടെ വാത്സല്യം. മന:ശാസ്ത്രജ്ഞയായ ഡോ. മേരി അനിതയാണ് കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത്. 15 ന് ക്വാറന്റൈന് പൂര്‍ത്തിയാക്കി മാതാപിതാക്കള്‍ തിരിച്ചെത്തും. ഡോക്ടറമ്മയുടെ വാത്സല്യത്തില്‍നിന്ന് അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിലേക്ക് ഉണ്ണിക്കുട്ടന് മടങ്ങി പോകുകയാണ്. ഒരു മാസത്തോളം വീഡിയോ കോളില്‍ മാത്രം കണ്ടിരുന്ന കുഞ്ഞിനെ കൊണ്ടുപോകാന്‍ ക്വാറന്റൈന് പൂര്‍ത്തിയാക്കി മാതാപിതാക്കള്‍ 15ന് എത്തും. ഉണ്ണിയെ പിരിയുന്ന സങ്കടമുണ്ടെങ്കിലും അസാധാരണ ദൗത്യം പൂര്‍ത്തിയാക്കി കുട്ടിയെ സുരക്ഷിതമായി തിരിച്ചേല്പ്പിക്കുന്നതിന്റെ സംതൃപ്തിയിലാണ് ഡോ. മേരി അനിത.
ഹരിയാനയിലെ ആശുപത്രിയില്‍ നേഴ്സുമാരായിരുന്നു പെരുമ്പാവൂര്‍ സ്വദേശികളായ ദമ്പതികള്‍. ആദ്യം അച്ഛന് കോവിഡ് ബാധിച്ച് ആശുപത്രിയിലായതോടെ ഭാര്യയും കുഞ്ഞും നാട്ടിലേക്കു തിരിച്ചു. ഇവിടെ ക്വാറന്റൈനില്‍ കഴിയുമ്പോള്‍ അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. കുഞ്ഞിന്റെ പരിശോധനാഫലം നെഗറ്റീവായിരുന്നെങ്കിലും അവനെ ആര് സംരക്ഷിക്കുമെന്നത് പ്രശ്നമായി. കോവിഡ് ബാധിച്ച അമ്മയുടെ കുഞ്ഞിനെ പരിചരിക്കാന്‍ ഒരാളെ ലഭിക്കുമോയെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ സമിതി അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തില്‍ മേരി അനിത കുഞ്ഞിനെ സംരക്ഷിക്കുന്ന ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുകയായിരുന്നു. വീട്ടില്‍ അറിയിച്ചപ്പോള്‍ അഭിഭാഷകനായ ഭര്‍ത്താവും മൂന്ന് മക്കളും പിന്തുണച്ചു. അതോടെ ജൂണ്‍ 15ന് ഡോ. മേരി അനിത കുഞ്ഞിനൊപ്പം താമസമാക്കി. 19നു കുട്ടിയുടെ രണ്ടാം ടെസ്റ്റ് ഫലവും നെഗറ്റീവായി. അതിനിടെ കുട്ടിയുടെ അച്ഛന് രോഗംമാറി നാട്ടിലെത്തി. അമ്മയും രോഗമുക്തയായി. ഇരുവരും 14 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കി 15ന് കുഞ്ഞിനെ സ്വീകരിക്കാന്‍ എത്തും.
https://www.facebook.com/Malayalivartha
























