കോവിഡ് വിനയായി; ചെലവു ചുരുക്കല്‍ മാര്‍ഗങ്ങള്‍ തേടി ഐ.ടി കമ്പനികള്‍; 80 ശതമാനം കമ്പനികള്‍ക്കും വരുമാനത്തില്‍ കുറവ്

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചെലവ് ചുരുക്കാന്‍ മാര്‍ഗങ്ങള്‍ തേടി ഐ.ടി. കമ്പനികള്‍. ഓഫീസിന്റെ വലിപ്പം കുറയ്ക്കുന്നതുള്‍പ്പെടെയുള്ള മാര്‍ഗങ്ങളാണ് ആലോചിക്കുന്നത്. സംസ്ഥാനത്തെ പ്രധാന ഐ.ടി.പാര്‍ക്കുകളില്‍ നടത്തിയ പ്രാഥമിക സര്‍വേയിലെ കണക്കു പ്രകാരം മേഖലയിലുള്ള 80 ശതമാനത്തോളം പേര്‍ക്കും വരുമാനത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. കമ്പനികളും തൊഴിലിന്റെയും വരുമാനത്തിന്റെയും കാര്യത്തില്‍ പ്രതിസന്ധി നേരിടുന്നുണ്ട്. സംസ്ഥാനത്തെ ഐ.ടി. പാര്‍ക്കുകളിലെ പല കമ്പനികളും കൈവശമുള്ള സ്ഥലത്തിന്റെ നല്ലൊരു ഭാഗം മടക്കി നല്കാന് ശ്രമം തുടങ്ങി. ജീവനക്കാരെല്ലാം വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. 450 പേര്‍ക്ക് ജോലി ചെയ്യാനുള്ള സ്ഥലമാണ് ഞങ്ങള്‍ക്ക് ഐ.ടി. പാര്‍ക്കിലുള്ളത്. 100 പേര്‍ക്കുള്ള സൗകര്യം നിലനിര്‍ത്തി ബാക്കി മടക്കി നല്‍കും' ഒരു പ്രധാന ഐ.ടി. കമ്പനി അറിയിച്ചു.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 64 പേരെ ഐ.ടി. കമ്പനികളില്‍നിന്ന് പിരിച്ചുവിട്ടതായി പഠന റിപ്പോര്‍ട്ട്. ടെക്നോ പാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക്, സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കിടയിലുള്ള സര്‍വേയിലാണ് ഈ കണ്ടെത്തല്‍. തൊഴിലില്‍ നിന്നു മാറ്റി നിര്‍ത്തിയത് 280 പേരെയാണ്. 1137 പേര്‍ക്ക് വേതനത്തില്‍ കുറവുണ്ടായി. 7514 ജീവനക്കാര്‍ സര്‍വേയില്‍ പങ്കെടുത്തു. ജോലി നഷ്ടമായവരുടെ യഥാര്‍ത്ഥ കണക്ക് ഇതിലുമേറെ വരുമെന്ന് അധികൃതര്‍ തന്നെ പറയുന്നു.
വരുമാനത്തില്‍ വലിയ കുറവുണ്ടായെന്ന് സര്‍വേയില്‍ പങ്കെടുത്ത 79.8 ശതമാനം പേരും വ്യക്തമാക്കി. ഓരോ ദിവസത്തെയും നടത്തിപ്പും ബുദ്ധിമുട്ടിലാണെന്ന് ഇവര്‍ പറഞ്ഞു. സര്‍വേയില്‍ പങ്കെടുത്ത 89 കമ്പനികള്‍ക്ക് മാത്രം 52 കോടി രൂപ നഷ്ടമുണ്ടായി. വിവിധ പദ്ധതികള്‍ മരവിപ്പിച്ചതുമൂലമുണ്ടായ നഷ്ടം 28 കോടി രൂപ. പദ്ധതികള്‍ റദ്ദാക്കിയതു മൂലം നഷ്ടം 13 കോടി രൂപ വരും. ജനുവരിമാര്‍ച്ച് മാസങ്ങളിലെയും ഏപ്രില്‍ ജൂണ്‍ കാലയളവിലെയും വരുമാന നഷ്ടം 33 കോടി രൂപയാണ്.
https://www.facebook.com/Malayalivartha
























