സ്വപ്ന സുരേഷ് കീഴടങ്ങില്ല,അവര്‍ എന്ത് രാജ്യദ്രോഹകുറ്റമാണ് ചെയ്തതെന്ന് അറിയില്ലന്ന് അഭിഭാഷകൻ

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് കീഴടങ്ങില്ലെന്ന് സ്വപ്നയുടെ അഭിഭാഷകനായ രാജേഷ് കുമാര്‍. സ്വപ്ന കീഴടങ്ങുന്നതിനെ പറ്റി ആലോചിച്ചിട്ടില്ലെന്നും അവര്‍ എന്ത് രാജ്യദ്രോഹകുറ്റമാണ് ചെയ്തതെന്ന് അറിയില്ലെന്നും രാജേഷ് കുമാര്‍ പ്രതികരിച്ചു. സ്വപ്നയുടെ ശബ്ദരേഖയെ പറ്റി അറിയില്ലെന്നാണ് അഭിഭാഷകന്റെ പ്രതികരണം.
സ്വര്‍ണകടത്ത് കേസ് എന്‍.ഐ.എയ്ക്ക് വിട്ടതായി ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്‍.ഐ.എ ഇതനുസരിച്ച് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന് രവിപ്രകാശ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് എന്‍.ഐ.എ ഏറ്റെടുത്തതിനാല്‍ കേസ് ഹൈക്കോടതിയിലല്ല എന്‍.ഐ.എ കോടതിയിലാണ് പരിഗണിക്കേണ്ടതെന്നാണ് കേന്ദ്ര നിലപാട്.
നയതന്ത്ര ബന്ധത്തെപ്പോലും ബാധിക്കുന്ന അന്വേഷണത്തിന് സി ബി ഐ വേണമോ എന്‍ ഐ എ വേണമോ എന്ന ആശയക്കുഴപ്പത്തിനൊടുവില്‍ കേന്ദ്രം എന്‍ ഐ എ തിരഞ്ഞെടുത്തതിനു പിന്നിൽ മറ്റു പല സാധ്യതകളും ഉണ്ട്. സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളാനായി ഹൈക്കോടതിയില്‍ ഹാജരായ കേന്ദ്രത്തിന്റെ അഭിഭാഷകന് സ്വര്‍ണക്കള്ളക്കേസില്‍ സ്വപ്നയ്ക്കെതിരെ എന്‍ ഐ എ, എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത വിവരം കോടതിയെ ധരിപ്പിച്ചു. ഇതിനു പുറമേ എന്‍ ഐ എ കേസന്വേഷണം ഏറ്റെടുത്തതിനാല്‍ ഇനിയുള്ള നടപടികള്‍ക്കായി ഹൈക്കോടതി കേസ് കേള്‍ക്കരുതെന്നും എന്‍ ഐ എ കോടതിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടു. ഹൈക്കോടതി അടുത്ത ചൊവ്വാഴ്ചയിലേക്ക് കേസ് മാറ്റിയിരിക്കുകയാണ് .
സ്വപ്നയ്ക്കെതിരെ ഗുരുതരമായ കുറ്റങ്ങളാണ് കേന്ദ്രം കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. സ്വപ്ന ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണ്. സന്ദീപിന്റെ ഭാര്യയുടെ മൊഴി പരിശോധിച്ചാല്‍ സ്വപ്ന സ്വര്‍ണകള്ളക്കടത്തില്‍ പ്രതിയാണെന്ന് വ്യക്തമാവും. ചോദ്യം ചെയ്യുവാന്‍ ആവശ്യപ്പെട്ടിട്ടും ഫോണ്‍ ഓഫാക്കി ഒളിവില്‍ പോവുകയാണ് സ്വപ്ന ചെയ്തത്. പ്രതി സാമ്ബത്തിക സുരക്ഷക്ക് ഭീഷണിയാണ്. സ്വപ്നക്കെതിരെ യുഎപിഎ വകുപ്പ് 16, 17 ചാര്‍ജ് ചെയ്യപ്പെട്ട കേസാണ് ഇതെന്നും കോടതിയെ അറിയിച്ചു. അഡ്വക്കറ്റ് രവിപ്രകാശ് ആണ് കേന്ദ്രത്തിനു വേണ്ടി ഹാജരായത്.
കേസിൽ എൻ.ഐ.എ യു.എ.പി.എ ചുമത്തിയ സാഹചര്യത്തിൽ സംസ്ഥാനത്തിന് പുറമേ ദേശീയ അന്തർദേശീയതലത്തിൽ ആർക്കൊക്കെ പങ്കുണ്ട്, ഭീകരവാദ പ്രവർത്തനങ്ങൾക്ക് പണം ഉപയോഗിക്കുന്നുണ്ടോ എന്നീ കാര്യങ്ങൾ എൻഐഎ അന്വേഷണ പരിധിയില്‍ വരും.
2018ലും 2019 ലും സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പരിപാടികളിലെ സ്വപ്നയുടെയും സരിത്തിന്റെയും സാന്നിധ്യമാണ് നിലവില്‍ കസ്റ്റംസ് പരിശോധിക്കുന്നത്. 2019 ഡിസംബർ 12,13,14 തിയതികളിൽ ബോൾഗാട്ടി പാലസിൽ നടന്ന കൊച്ചി ഡിസൈൻ വീക്ക് എന്ന പരിപാടിയെ കുറിച്ചും കസ്റ്റംസ് പരിശോധിക്കും. കൊച്ചിയില്‍ നടന്ന രണ്ട് പരിപാടികളിലും വിദേശ പ്രതിനിധികളെ ഗ്രീൻ ചാനലിലൂടെ എത്തിച്ചത് സരിത്തും സ്വപ്നയുമായിരുന്നു. അതുപോലെ ഈ പരിപാടിയിൽ പങ്കെടുത്ത വിദേശ പ്രതിനിധികളെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha
























