എന്‍.ഐ.എ കുറ്റംപത്രം സമര്‍പ്പിച്ചു; സ്വപ്ന സുരേഷിനേയും സരിത്തിനേയും ഒന്നും രണ്ടും പ്രതികളാക്കി; കേസില്‍ കസ്റ്റംസ് പ്രതി ചേര്‍ക്കാത്ത ഫൈസല്‍ ഫരീദ് മൂന്നാം പ്രതി; സന്ദീപ് നായര്‍ നാലാം പ്രതി

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനേയും സരിത്തിനേയും ഒന്നും രണ്ടും പ്രതികളാക്കി എന്‍.ഐ.എ കുറ്റപത്രം. ഹൈക്കോടതിയില്‍ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ കസ്റ്റംസ് പ്രതി ചേര്‍ക്കാത്ത ഫൈസല്‍ ഫരീദ് മൂന്നാം പ്രതിയാണ്. സന്ദീപ് നായരാണ് കേസിലെ നാലാം പ്രതി. യു.എ.പി.എ അടക്കം ചുമത്തുന്ന രാജ്യദ്രോഹ കുറ്റമായാണ് എന്‍.ഐ.എ സ്വര്‍ണക്കടത്ത് കേസിനെ സമീപിക്കുന്നത്.
രാജ്യത്തിനെതിരായ കള്ളക്കടത്ത് അന്വേഷിക്കാന്‍ എന്‍.ഐ.എ നിയമം ഏജന്‍സിക്ക് അധികാരം നല്‍കുന്നുണ്ട്. വിദേശത്ത് കേസന്വേഷണത്തിനുള്ള നിയമപരമായ അധികാരമുണ്ടെന്നതും എന്‍.ഐ.എക്ക് മുതല്‍ക്കൂട്ടാണ്. യു.എ.ഇയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ കിട്ടും എന്നാണ് എന്‍.ഐ.എ കരുതുന്നത്. രാഷ്ട്രീയബന്ധമുള്ള ചിലരുടെ ഉള്‍പ്പടെ അറസ്റ്റുകള്‍ നടന്നേക്കാം എന്ന സൂചനകളും പുറത്തുവരുന്നുണ്ട്.കള്ളക്കടത്ത് കേസിലെ കൂടുതല്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. സ്വപ്ന സുരേഷ് തന്നെ കാര്‍ഗോ വിട്ടുകിട്ടാന്‍ കോണ്‍സുലേറ്റ് രേഖകള്‍ ഉപയോഗിച്ചെന്ന് അവരുടെ ജാമ്യാപേക്ഷയില്‍ത്തന്നെ വ്യക്തമാണ്.കള്ളക്കടത്ത് വന്ന കാര്‍ഗോ പരിശോധിക്കുന്നതിനിടെ എന്തുകൊണ്ടാണ് കാര്‍ഗോ വിട്ടുകിട്ടുന്നത് വൈകുന്നതെന്ന് ചോദിച്ച് സ്വപ്ന സുരേഷ് വിളിച്ചിരുന്നു. കള്ളക്കടത്ത് പിടികൂടി രണ്ട് മണിക്കൂറിനകം സ്വപ്നയുടെ ഫോണ്‍ ഓഫാവുകയും ചെയ്തു. പിന്നീട് അവര്‍ ഒളിവിലാണ്. ഇതില്‍ കൃത്യമായും ദുരൂഹതയുണ്ട് എന്ന് എന്‍.ഐ.എ വ്യക്തമാക്കുന്നു.
സ്വന്തം ആവശ്യത്തിന് മാത്രമല്ല മറ്റ് ചില സംഘങ്ങള്‍ക്ക് വേണ്ടിയും സ്വപ്നയും സരിത്തും കള്ളക്കടത്ത് നടത്തി എന്നതിന് കൃത്യമായ സൂചനകള്‍ കസ്റ്റംസിനും എന്‍.ഐ.എയ്ക്കും ലഭിച്ചിട്ടുണ്ടെന്ന് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നിര്‍ണായകമായ ഒരു കണ്ണിയാണ് സ്വപ്ന എന്നതിന് വേണ്ടത്ര തെളിവുകളുണ്ട്. സര്‍ക്കാര്‍ ഏജന്‍സികളെയെല്ലാം കബളിപ്പിച്ച് നയതന്ത്ര പരിരക്ഷ മുതലെടുത്ത് സ്വര്‍ണക്കടത്ത് സജീവമായി നടത്തിവരികയായിരുന്നു സ്വപ്നയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
സ്വപ്ന സുരേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് കേസന്വേഷണത്തില്‍ നിര്‍ണായകമാണെന്ന് എന്‍.ഐ.എ വ്യക്തമാക്കുന്നു. സന്ദീപ് നായര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാണെന്നും എന്‍.ഐ.എ പറയുന്നു. സ്വപ്നക്കുവേണ്ടിയുള്ള തിരച്ചിലും കസ്റ്റംസ് നടത്തുന്നുണ്ടെങ്കിലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇവര്‍ തിരുവന്തപുരത്തുണ്ടെന്ന് ദൃസാക്ഷിമൊഴി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും പോലീസ് ഇതുവരെ ഇതിനെ കുറിച്ച് അന്വേഷിച്ചിട്ടില്ല.
https://www.facebook.com/Malayalivartha
























