സ്വർണക്കടത്തിൽ ചതിയോ ഒറ്റോ ഇല്ല ഒരേയൊരു ശിക്ഷ ' മരണം', ആ ക്രൂര കൊലപാതകം !

‘‘ഈ ലോകം മുഴുവൻ ചങ്ങലക്കണ്ണികളുള്ള ഒരു കച്ചവട ശൃംഖലയുടെ ഭാഗമാണ് ഞങ്ങളും’’ ഇത് ‘ലോഹം’ എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച സ്വർണക്കടത്തുകാരൻ പറയുന്ന വാചകമാണ്. അതില്‍ ഏറ്റവും താഴെയുള്ള, ദുർബലമായ കണ്ണിയാണ് തിരുവനന്തപുരത്ത് നയതന്ത്ര സ്വർണക്കടത്തു കേസിൽ പിടിയിലായ സരിത്തെന്നാണ് കസ്റ്റംസ് പറയുന്നത്. മറ്റാരേക്കാളും ജോലിയിൽ ‘സത്യസന്ധത’ പുലർത്തുന്നവരാണ് കള്ളക്കടത്തുകാർ. ഇത് പറയുന്നത് മറ്റാരുമല്ല അനുഭവ സമ്പത്തുള്ള ഉദ്യോഗസ്ഥർ തന്നെയാണ്. ആ സത്യസന്ധതക്ക് കോട്ടം വന്നാൽ ഒരേയൊരു ശിക്ഷയേയുള്ളൂ അത് മരണം ആണ്.
ജീവിതാവസാനം വരെ പക മനസ്സിൽ സൂക്ഷിച്ച് വേട്ടയാടാനിറങ്ങുന്നവരാണ് മഞ്ഞലോഹത്തെ വിദേശത്തുനിന്നും കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും എത്തിക്കുന്നത്. സ്വർണം പിടികൂടുന്ന ഉദ്യോഗസ്ഥരോട് സംഘങ്ങൾ പക മനസ്സിൽ സൂക്ഷിക്കാറില്ല. എന്നാൽ, സംഘത്തിലുള്ളവരോ ബന്ധമുള്ളവരോ ഒറ്റിയാൽ അവർ ജീവിക്കാൻ അർഹരല്ലെന്നാണ് സംഘങ്ങളുടെ നിയമം.
1989 ഏപ്രിൽ 29 ന് കാസർകോട് പൊയിനാച്ചി ദേശീയ പാതയിൽ പള്ളിക്കര സ്വദേശി ഷഹനാസ് ഹംസ എന്നയാൾ അക്രമി സംഘത്തിന്റെ വെടിയേറ്റു പിടഞ്ഞു വീണു മരിച്ചു. ആറു കോടിയോളം രൂപ വില വരുന്ന സ്വർണം മുംബൈയിൽ എത്തിക്കാമെന്നേറ്റ ഹംസ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന് വിവരം ചോർത്തി നൽകിയെന്ന സംശയത്തിന്റെ പേരിലായിരുന്നു ഈ കൊലപാതകം. ദുബായ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കള്ളക്കടത്തു സംഘമാണ് ഹംസയെ കൊലപ്പെടുത്തിയതെന്ന് ക്രൈം ബ്രാഞ്ചിനുശേഷം കേസ് അന്വേഷിച്ച സിബിഐ കണ്ടെത്തി.
കള്ളക്കടത്ത് ഒറ്റിക്കൊടുത്തെന്ന കാരണത്താൽ അധോലോകത്തിന്റെ തോക്കിനിരയായ സംസ്‌ഥാനത്തെ ആദ്യ വ്യക്‌തിയാണ് ഹംസ. രണ്ടു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഹംസ ഡിആർഐ ഉദ്യോഗസ്ഥർക്ക് വിവരം കൈമാറിയതായി കടത്തൽസംഘം ഉറപ്പിച്ചത്. ഏത് ഉദ്യോഗസ്ഥനാണ് വിവരം കൈമാറിയതെന്നായി അവരുടെ അടുത്ത അന്വേഷണം. ഡിആർഐ ഉദ്യോഗസ്ഥനും ഹംസയും ഒരു ഹോട്ടലിൽ ചർച്ച നടത്തിയതായി മനസ്സിലായതിനെത്തുടർന്ന് നാഷനൽ ഹൈവേയിൽവച്ച് ഹംസയെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha
























