താഴത്തങ്ങാടിയില്‍ ദമ്പതികളെ ആക്രമിച്ച സംഭവത്തില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥനും മരിച്ചു
ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിനു രാവിലെ കോട്ടയത്ത് താഴത്തങ്ങാടിയില്‍ യുവാവ് ദമ്പതികളെ ആക്രമിച്ച സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗൃഹനാഥനും മരിച്ചു. താഴത്തങ്ങാടി ഷാനി മന്‍സിലി ല്‍ മുഹമ്മദ് സാലി(65)യാണു ഇന്നലെ രാത്രി ഒമ്പതരയോടെ മരിച്ചത്. കഴിഞ്ഞ 40 ദിവസമായി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്നു. സാലിക്കൊപ്പം ആക്രമിക്കപ്പെട്ട ഭാര്യ ഷീബ(60) സംഭവ ദിവസം തന്നെ മരിച്ചിരുന്നു.
നാടിനെ നടുക്കിയ സംഭവത്തില്‍ ഇവരുടെ അയല്‍വാസിയായിരുന്ന മാലിയില്‍ പറമ്പില്‍ വീട്ടില്‍ മുഹമദ് ബിലാലി (23)നെ നാലാം ദിവസം പുലര്‍ച്ചെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കവര്‍ച്ച ലക്ഷ്യമിട്ടു സംഭവ ദിവസം രാവിലെ വീട്ടിലെത്തിയ ബിലാല്‍ ഇരുവരെയും തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നെന്നു പോലീസ് പറയുന്നു. പണം ആവശ്യപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഇരുവരെയും അടിച്ചുവീഴ്ത്തി. മരണം ഉറപ്പാക്കാന്‍ ഇരുവരുടെയും കൈകള്‍ ഇരുമ്പു കമ്പികൊണ്ടു പിന്നിലേക്കു കെട്ടി. പാചകവാതക സിലിണ്ടര്‍ തുറന്നുവിടുകയും ചെയ്തു.
ബിലാല്‍ വീടു പുറത്തുനിന്നു പൂട്ടിയ ശേഷം ഇവരുടെ കാറുമായി കടക്കുകയായിരുന്നു. അലമാരയില്‍നിന്നു പണവും രേഖകളും മോഷ്ടിച്ചു കടന്ന ബിലാലിനെ പിന്നീട് പോലീസ് എറണാകുളത്തുനിന്നു അറസ്റ്റ് ചെയ്തു. രാവിലെ ആയിരുന്നു ആക്രമണമെങ്കിലും, വൈകിട്ട നാലരയോടെ സാലിയുടെ വാടക വീട് അന്വേഷിച്ചെത്തിയ യുവാക്കള്‍ പാചകവാതകത്തിന്റെ ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്നു നടത്തിയ തെരച്ചിലാലാണു സംഭവം പുറംലോകം അറിഞ്ഞത്. തുടര്‍ന്നു അഗ്നിശമന സേനയെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷീബ മരിച്ചിരുന്നു.
ഇപ്പോള്‍ കോട്ടയം ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് പ്രതി ബിലാല്‍. കേസില്‍ ബിലാലിന്റെ മാനസിക നില പരിശോധിക്കാന്‍ ഇന്നലെ കോടതി ഉത്തരവിട്ടിരുന്നു. ഇതേ ദിവസം തന്നെയാണു സാലിയുടെ മരണ വാര്‍ത്തയും എത്തുന്നത്. സാലിയുടെ കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12-ന് കോട്ടയം താജ് ജുമാ മസ്ജിദില്‍ നടക്കും. മകള്‍ ഷാനി, മരുമകന് കോതമംഗലം തേലക്കാട്ട് സുധീര്‍.
https://www.facebook.com/Malayalivartha