സ്വപ്നയെ നിയമിച്ചതാര് ? പദവി എന്ത്? യോഗ്യത എന്ത്? ഉത്തരമില്ലാത്ത ചോദ്യങ്ങള്‍; സര്‍ക്കാറിന് ബന്ധമില്ലെന്ന് മുഖ്യമന്ത്രി; തങ്ങള്‍ക്കറിയില്ലെന്ന് പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ് ; വിഷന്‍ ടെക്‌നോളജിയുടെ റോള്‍? എല്ലാവരും തലയൂരുകയാണ്

അടിസ്ഥാന യോഗ്യതപോലുമില്ലാത്ത സ്വപ്നക്ക് ഉന്നത തസ്തികയും ചീഫ് സെക്രട്ടറിയുടെ ശമ്പളവും ലഭിച്ചതിന് പിന്നിലെ ദുരൂഹത വര്‍ധിക്കുകയാണ്. സ്വപ്‌ന സുരേഷിന്റെ യോഗ്യത എന്താണ്, അവര്‍ വഹിച്ചിരുന്ന പദവിയെന്താണ്, ഇത്രയും ഉന്നത സ്ഥാനത്തിരുന്ന അവരുടെ യോഗ്യത എന്താണ്. സ്വര്‍ണക്കടത്ത് കേസ് പുറത്തു വന്നതുമുതല്‍ കേരളം അന്വേഷിക്കുന്നത് ഈ ചോദ്യത്തിന്റെ ഉത്തരങ്ങളാണ്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഇതുവരെ സര്‍ക്കാര്‍ തയ്യാറായിട്ടുമില്ല. കരാര്‍ ജീവനക്കാരിയെ പുറത്താക്കുന്നവെന്ന് കള്ളക്കടത്ത് കേസ് വന്നപ്പോള്‍ സര്‍ക്കാര്‍ പറഞ്ഞത്. അതെ സമയം തന്നെ കണ്‍സണ്‍ട്ടെന്‍സിയായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സും നിയമനത്തിലെ വിവാദത്തില്‍ നിന്നും കൈയൊഴിഞ്ഞു. അവര്‍ സബ് കരാര്‍ നല്‍കിയ വിഷന്‍ ടെക്‌നോളജീസില്‍ പഴിചാരിയാണ് അവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. വിഷന്‍ ടെക്‌നോളജീസിന് സ്വപ്നയുടെ പശ്ചാത്തല പരിശോധനയില്‍ വീഴ്ച സംഭവിച്ചെന്ന് അവര്‍ ആരോപിച്ചു. ഒപ്പം വിഷന്‍ ടെക്‌നോളജീസിനെതിരെ പിഡബ്ല്യുസി നടപടിക്ക് ഒരുങ്ങുകയാണെന്നും പറയുന്നു.
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള വി.എസ്.എസ്.സി ഡയറക്ടറും മുന്‍ ഡയറക്ടറും അടങ്ങിയ ഉപദേശകസമിതിയാണ് സ്വപ്ന സുരേഷിനെ താല്‍ക്കാലിക നിയമനത്തിനായി തെരഞ്ഞെടുത്തതെന്ന് പാര്‍ട്ടി മാധ്യമമായ 'ദേശാഭിമാനി'യില്‍ പറയുന്നത്. എന്നാല്‍ ഈ വാര്‍ത്ത വി.എസ്.എസ്.സി ഡയറക്ടര്‍ എസ് സോമനാഥ് തള്ളി. സ്‌പേസ് പാര്‍ക്കിന്റെ സാങ്കേതികകാര്യങ്ങളെക്കുറിച്ചുള്ള മേല്‍നോട്ടമാണ് ഉപദേശകസമിതി നടത്തുന്നത്. ജീവനക്കാര്‍ക്ക് സ്‌പേസ് ടെക്‌നോളജിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരിശീലനമോ അത്തരം സഹായങ്ങളോ വേണമെങ്കില്‍ നല്‍കുക എന്നതും ഉപദേശകസമിതിയുടെ ഉത്തരവാദിത്തങ്ങളില്‍ പെട്ടതാണ്. ഇതല്ലാതെ, നിയമനവുമായി ബന്ധപ്പെട്ട ഒരു തീരുമാനങ്ങളും സ്വീകരിക്കാന്‍ ഉപദേശകസമിതിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമനത്തിലെ അവ്യക്തക്കൊപ്പം സ്‌പേസ് പാര്‍ക്കുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ യഥാര്‍ത്ഥ പദവി എന്തായിരുന്നുവെന്ന് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. കേരളാ സ്‌റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ഓപ്പറേഷന്‍സ് മാനേജര്‍ എന്നാണ് സ്വപ്നയുടെ വിസിറ്റിംഗ് കാര്‍ഡിലുള്ളത്. സ്‌പേസ് പാര്‍ക്കിന്റെ കീഴിലുള്ള ഒരു പ്രോജക്ടിലെ ഒരു സ്റ്റാഫ് എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. സ്വപ്ന വിഷന്‍ ടെക്‌നോളജി എന്ന കമ്പനിയുടെ ഉദ്യോഗസ്ഥയെന്ന് ചില സിപിഎം നേതാക്കള്‍ പറയുന്നു. സ്വപ്ന സുരേഷ് തന്നെ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നത് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സില്‍ ജോലി ചെയ്യുന്നയാള്‍ എന്നാണ്.
ഉന്നത തസ്തകയില്‍ ചീഫ് സെക്രട്ടറിയുടെ ശമ്പളവും സര്‍ക്കാര്‍ അനുകൂല്യവും പറ്റിയ ഇവരുടെ യോഗ്യത എന്താണെന്നും ആര്‍ക്കും അറിയില്ല. സ്‌പേസ് പാര്‍ക്കില്‍ ജോലി നേടാനായി ബെംഗളുരു ആസ്ഥാനമായ വിഷന്‍ ടെക്‌നോളജീസ് എന്ന സ്ഥാപനത്തിന് സ്വപ്ന നല്‍കിയ ബിരുദ സര്‍ട്ടിഫിക്കറ്റാണ് വ്യാജമാണ്. മുംബൈ ആസ്ഥാനമായുളള ഡോക്ടര്‍ ബാബാ സാഹേബ് അംബേദ്കര്‍ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റാണ് സ്വപ്ന നല്‍കിയത്. എന്നാല്‍ ഇവിടെ ബികോം കോഴ്‌സ് തന്നെ ഇല്ലെന്നാണ് സര്‍വകലാശാല അധികൃതര്‍ നല്‍കുന്ന മറുപടി. എയര്‍ഇന്ത്യ സാറ്റ്‌സില്‍ ജോലി ചെയ്യുമ്പോള്‍ സ്വപ്നയുടെ വിദ്യാഭ്യാസ യോഗ്യത പ്ലസ് ടുവും, ട്രാവല്‍ ആന്‍ഡ് ടൂറിസത്തിലെ ഡിപ്ലോമയും മാത്രം. തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റില്‍ കോണ്‍സുല്‍ ജനറലിന്റെ െ്രെപവറ്റ് സെക്രട്ടറിയായി ജോലി നേടാന്‍ സമര്‍പ്പിച്ച വിദ്യാഭ്യാസ രേഖകള്‍ എന്തെന്ന കാര്യം ഇപ്പോഴും അവ്യക്തവുമാണ്. ഇതോടെയാണ് ജോലി നേടാന്‍ സ്വപ്ന സമര്‍പ്പിച്ച രേഖകള്‍ സംശയനിഴലിലാകുന്നത്.
https://www.facebook.com/Malayalivartha
























