വി. മുരളീധരനെ ലക്ഷ്യം വച്ച് കോടിയേരി; മുരളീധരന് സംശയത്തിന്റെ നിഴലില്‍; നയതന്ത്ര ബാഗല്ലെന്ന പ്രസ്താവനയില്‍ നിഗൂഢത

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ കള്ളക്കടത്ത് കേസില്‍ വി.മുരളീധരന് സംശയത്തിന്റെ നിഴലിലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സ്വര്‍ണം കൊണ്ടുവന്ന നയതന്ത്ര ബാഗ് വിട്ടുകൊടുക്കാന്‍ ഇടപെട്ടത് സംഘപരിവാര്‍ പ്രവര്‍ത്തകനായ ഒരു ക്ലിയറിംഗ് ഏജന്റാണ് എന്നത് നിസ്സാരമല്ലെന്ന് കോടിയേരി ഫേസ്ബുക്കിലെ പോസ്റ്റില്‍ ആരോപിച്ചു. ബാഗ് തടഞ്ഞുവച്ചാല്‍ പണിപോകും എന്ന് ഇയാള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീക്ഷണിപ്പെടുത്തി. വിട്ടുകൊടുക്കില്ല എന്ന് കണ്ടപ്പോള്‍ ബാഗ് തിരിച്ചയക്കാനും സമ്മര്‍ദ്ദം ചെലുത്തിയെന്നും കോടിയേരി പറഞ്ഞു.
ഇതിനുപിന്നാലെയാണ് സ്വര്‍ണം കൊണ്ടുവന്നത് നയതന്ത്രബാഗിലല്ല എന്ന വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ പ്രസ്താവന വന്നത്. നയതന്ത്രബാഗ് ക്ലിയര്‍ ചെയ്യാന്‍ ഏജന്റിന്റെ ആവശ്യമില്ല എന്നിട്ടും ബി.എം.എസ് നേതാവായ ക്ലിയറിംഗ് ഏജന്റ് അതില്‍ ഇടപെട്ടു. സ്വര്‍ണ്ണക്കടത്ത് കേസിലെ ആസൂത്രകരിലേക്കും ഗൂഢാലോചനക്കാരിലേക്കും വിരല്‍ ചൂണ്ടുന്ന ഈ ഇടപെടലിനെ വെള്ളപൂകാനാണോ മുരളീധരന്റെ പ്രസ്താവന എന്ന സംശയം അസ്ഥാനത്തല്ല. ഇതിനുപിന്നാലെയാണ് സ്വര്‍ണ്ണം കടത്തിയത് നയതന്ത്ര ബാഗിലാണ് എന്ന എന്‍.ഐ.എയുടെ പ്രസ്താവന പുറത്തുവരുന്നത്. അതോടെ മുരളീധരന് സംശയത്തിന്റെ നിഴലിലാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ വിദേശകാര്യ സഹമന്ത്രിയുടെ കസേരയിലിരിക്കുന്നത് ഉചിതമാണോയെന്ന് അദ്ദേഹം ആലോചിക്കുന്നത് ഉത്തമമായിരിക്കുമെന്നും കോടിയേരി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഇതുമാത്രമല്ല കേസിലെ പ്രതി സ്വപ്നയുടെ വക്കാലത്ത് ഏറ്റിരിക്കുന്നത് സംഘപരിവാര്‍ സംഘടനയായ ഹിന്ദു ഇക്കണോമിക് ഫോറത്തിന്റെ നേതാവായ വക്കീലാണെന്നും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഈ കേസിലെ പ്രതിയുടെ സംരക്ഷണത്തിന് രാജ്യസ്നേഹം പ്രസംഗിക്കുന്ന സംഘപരിവാര്‍ സംഘടനയുടെ നേതാവുതന്നെ നേരിട്ടിറങ്ങിപുറപ്പെട്ടത് ശ്രദ്ധേയമാണ്. കള്ളന് കപ്പലില്‍ തന്നെയാണെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്. കുറ്റവാളികളുടെ കൂട്ടുകാര്‍ തന്നെയാണ് കേരളത്തില്‍ സ്വര്‍ണ്ണക്കടത്തിനെച്ചൊല്ലി രാഷ്ട്രീയ കൂക്കിവിളിയിലും കലാപശ്രമത്തിലും ഏര്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ ബി.ജെ.പിയും യു.ഡി.എഫും ഒറ്റക്കെട്ടാണെന്നും കോടിയേരി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























