ചിന്നക്കനാലിലെ ആരോഗ്യ പ്രവര്‍ത്തകര്‍ താമസിക്കുന്നത് മോര്‍ച്ചറി കെട്ടിടത്തിലും സബ് സെന്ററിലും

ഇടുക്കി ചിന്നക്കനാലിലെ ആരോഗ്യ പ്രവര്‍ത്തകര്‍ താമസിക്കുന്നത് മോര്‍ച്ചറി കെട്ടിടത്തിലും സബ് സെന്ററിലും. ചിന്നക്കനാല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങിയ കാലം മുതല്‍ ജീവനക്കാര്‍ക്ക് വാടക കെട്ടിടങ്ങളാണ് ആശ്രയം. വിനോദ സഞ്ചാര കേന്ദ്രമായതിനാല്‍ ചിന്നക്കനാല്‍ മേഖലയിലെ ഉയര്‍ന്ന വാടകയും പരിമിതമായ താമസ സൗകര്യങ്ങളും ജീവനക്കാരെ ബാധിക്കുന്നു.
പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപമുള്ള കാലഹരണപ്പെട്ട ക്വാര്‍ട്ടേഴ്‌സ് കെട്ടിടം പഞ്ചായത്ത് മുന്‍കയ്യെടുത്ത് അറ്റകുറ്റ പണികള്‍ നടത്തി കൊണ്ടിരിക്കുകയാണ്. ജീവനക്കാരില്‍ ഭൂരിഭാഗവും മറ്റ് ജില്ലകളില്‍ നിന്നുള്ളവരാണ്. താമസിക്കാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ള ക്വാര്‍ട്ടേഴ്‌സുകള്‍ ഇല്ലാത്തത് കോവിഡ് പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്ന ജീവനക്കാരുടെ ആത്മവിശ്വാസം തകര്‍ക്കുന്നു.
മോര്‍ച്ചറിക്കു വേണ്ടി നിര്‍മിച്ച ഒറ്റ മുറിയില്‍ ആണ് 20 ജീവനക്കാരില്‍ 5 പേര്‍ താമസിക്കുന്നത്. പുറത്ത് വാര്‍ഡിനു വേണ്ടി നിര്‍മിച്ച കെട്ടിടത്തിലെ ശുചിമുറിയാണ് ഇവര്‍ ആശ്രയിക്കുന്നത്. മറ്റ് 3 ജീവനക്കാര്‍ ആശുപത്രിയോടു ചേര്‍ന്നുള്ള സബ് സെന്ററിലാണ് താമസിക്കുന്നത്. ഇവിടെ 2 മുറികള്‍ ഉണ്ട്.
കോവിഡ് പ്രതിസന്ധി ഉടലെടുത്തത് മുതല്‍ ചിന്നക്കനാലിലെ ആരോഗ്യ പ്രവര്‍ത്തകരും നാട്ടുകാരും ആശങ്കയിലാണ്. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തില്‍ അനുമതിയില്ലാതെ അതിര്‍ത്തി കടന്ന് എത്തുന്നവര്‍ ഭീഷണിയാണ്. മെഡിക്കല്‍ ഓഫിസര്‍ ഉള്‍പ്പെടെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ 5 ജീവനക്കാര്‍ക്ക് ആണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരെല്ലാം രോഗമുക്തരായി എങ്കിലും തോട്ടം തൊഴിലാളികളും ആദിവാസി കുടുംബങ്ങളും താമസിക്കുന്ന പഞ്ചായത്തില്‍ ആരോഗ്യ വകുപ്പ് കനത്ത ജാഗ്രതയിലാണ്.
https://www.facebook.com/Malayalivartha