അമ്പലപ്പുഴയില്‍ വിരണ്ടോടിയ എരുമ കുത്തിമറിച്ചിട്ടതിനെ തുടര്‍ന്ന് 2 പേര്‍ക്ക് പരുക്ക്

അമ്പലപ്പുഴയ്ക്കടുത്ത് വിരണ്ടോടിയ എരുമ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വീടിന്റെ ജനലും തകര്‍ത്തു. രണ്ടു പേരെ കുത്തി മറിച്ചിട്ട് പരുക്കേല്‍പ്പിച്ച എരുമയെ അഞ്ചു മണിക്കൂറിനു ശേഷം നാട്ടുകാരുടെ സഹായത്തോടെ പിടിച്ചുകെട്ടി.
അറവുകാട് കിഴക്കാണ് ഇന്നലെ രാവിലെ 6.30ന് എരുമ പരാക്രമം തുടങ്ങിയത്. പുന്നപ്ര അറവുകാട് ശ്രീദേവി ക്ഷേത്രത്തിനു സമീപം പൂമാല കെട്ടി വില്‍ക്കുന്ന അറവുകാട് കുന്നേല്‍വെളി മണിയന്റെ ഭാര്യ ഉഷ(50), ലോട്ടറി കച്ചവടം നടത്തുന്ന അറവുകാട് ലക്ഷം വീട്ടില്‍ പുരുഷന്‍ (73) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഉഷ വീട്ടില്‍ നിന്നു കടയിലേക്ക് വരുന്ന വഴിയാണ് എരുമ കുത്തി താഴെയിട്ടത്. കൈകാലുകള്‍ക്കും നടുവിനും പരുക്കുണ്ട്. പുന്നപ്ര സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി.
ഉഷയെ കുത്തിയിട്ട ശേഷമാണ് പുരുഷനു നേരെ അക്രമം നടത്തിയത്. ഇരുകാലുകള്‍ക്കും മുറിവേറ്റ പുരുഷന്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് പുന്നപ്ര പൊലീസ് നാട്ടുകാരുടെ സഹായത്തോടെ 11.30-ന് എരുമയെ കുടുക്കിട്ടു പിടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha