എന്‍ഐഎ ലക്ഷ്യത്തിലേക്ക്... സ്വര്‍ണ കള്ളക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കുമ്പോള്‍ നിര്‍ണായക നീക്കം നടത്തി എന്‍ഐഎ; അന്വേഷണ സംഘം കരുതിയതുപോലെ ഈ കേസിന് തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ഏറെ ബന്ധം; നെല്ലൂരില്‍ വിറ്റ സ്വര്‍ണത്തിന്റെ പണം കശ്മീരിലേക്കും എത്തിയെന്നായി കണ്ടെത്തല്‍

വിവാദമായ സ്വര്‍ണ കള്ളക്കടത്ത് കേസ് കൈവിട്ടു പോകുകയാണ്. എന്‍ഐഎ അന്വേഷണം കടുപ്പിച്ചപ്പോള്‍ ഒരിക്കലും പിടിക്കില്ലെന്ന് കരുതിയ തീവ്രവാദ ബന്ധങ്ങളും കൂടി പുറത്താകുകയാണ്. സ്വര്‍ണക്കടത്തിലെ സ്വര്‍ണവും പണവും എങ്ങോട്ട് പോയന്ന എന്‍ഐഎയുടെ ചോദ്യമാണ് സ്വപ്നയേയും കൂട്ടരേയും ഊരാക്കുടുക്കിലാക്കിയത്. സ്വര്‍ണം പോയ വഴിയേ എന്‍ഐഎ സംഘം തമിഴ്‌നാട്ടിലേക്ക് പോയപ്പോള്‍ കണ്ടെത്തിയതാകട്ടെ ഭീകരവാദ ബന്ധവും. ഇതോടെ സ്വപ്ന വല്ലാത്തൊരവസ്ഥയിലാണ്. മാത്രമല്ല ശിവശങ്കറിന്റേയും ഞെഞ്ചിടിക്കുകയാണ്. അറിഞ്ഞോ അറിയാതെയോ സ്വപ്നയ്ക്ക് നല്‍കിയ സഹായങ്ങള്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെങ്കില്‍ പിന്നെ പോക്കാ.
സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ച് നിര്‍ണായക അറസ്റ്റും റെയ്ഡുകളുമാണ് കഴിഞ്ഞ ദിവസം നടന്നത്. മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതി മുഹമ്മദലിയടക്കം രണ്ടുപേരെ എന്‍.ഐ.എ. ശനിയാഴ്ച അറസ്റ്റുചെയ്തു. മൂവാറ്റുപുഴ സ്വദേശി തന്നെയായ മുഹമ്മദാലി ഇബ്രാഹിമാണ് അറസ്റ്റിലായ മറ്റൊരാള്‍.
ചെന്നൈയില്‍ എന്‍.ഐ. എ കസ്റ്റഡിയിലുള്ള സ്വര്‍ണവില്‍പ്പനക്കാരായ രണ്ടുപേരില്‍നിന്നാണ് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചത്. കള്ളക്കടത്തു സ്വര്‍ണം ഇവര്‍ വാങ്ങി ആന്ധ്രയിലെ നെല്ലൂരിലാണ് വിറ്റിരുന്നത്. നെല്ലൂരില്‍നിന്നാണ് കശ്മീരിലെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമായും പണം പോയിരുന്നത്. ഇതോടെ എന്‍.ഐ.എ. അന്വേഷണം ഈവഴിക്കും നീങ്ങിയിട്ടുണ്ട്.
എറണാകുളത്തും മലപ്പുറത്തുമായി ആറിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ രണ്ടു ഹാര്‍ഡ് ഡിസ്‌ക്, ഒരു ടാബ്‌ലറ്റ്, എട്ടു മൊബൈല്‍ ഫോണുകള്‍, ആറു സിം കാര്‍ഡുകള്‍, ഒരു ഡിജിറ്റല്‍ വീഡിയോ റെക്കോഡര്‍, അഞ്ചു ഡി.വി.ഡി.കള്‍ എന്നിവ പിടിച്ചെടുത്തു. ബാങ്ക് പാസ്ബുക്കുകളും ക്രെഡിറ്റ് കാര്‍ഡുകളും യാത്രാരേഖകളും തിരിച്ചറിയല്‍ രേഖകളുമടക്കം ഒട്ടേറെ രേഖകളും എന്‍.ഐ.എ. പിടിച്ചെടുത്തു. ഞായറാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
സ്വര്‍ണക്കടത്തിന്റെ മുഖ്യകണ്ണിയായ കെ.ടി. റമീസില്‍നിന്നാണ് മുഹമ്മദലിയെയും മുഹമ്മദലി ഇബ്രാഹിമിനെയും കുറിച്ചുള്ള വിവരം ലഭിച്ചതെന്നാണ് എന്‍.ഐ.എ.യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. റമീസില്‍നിന്ന് സ്വര്‍ണം വാങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ വിതരണം ചെയ്തിരുന്നു. തിരുവനന്തപുരത്തെയും കോവളത്തെയും ഹോട്ടലുകളില്‍വെച്ചാണ് ഗൂഢാലോചന നടത്തിയത്. പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇവര്‍ വിനിയോഗിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂവാറ്റുപുഴയില്‍ ജലാലിന്റെയും റബിന്‍സിന്റെയും വീടുകളില്‍ പരിശോധന നടത്തിയപ്പോള്‍ മലപ്പുറത്ത് കെ.ടി. റമീസ്, മുഹമ്മദ് ഷാഫി, സെയ്ദ് അലവി, പി.ടി. അബ്ദു എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന. ഞായറാഴ്ച പുലര്‍ച്ചെ തുടങ്ങിയ റെയ്ഡ് മണിക്കൂറുകള്‍ നീണ്ടു.
സ്വര്‍ണക്കടത്ത് കേസില്‍ ഇതുവരെ എന്‍.ഐ.എ.യുടെ പിടിയിലായത് പത്തുപേരാണ്. ജൂലായ് 31ന് മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി, പി.ടി. അബ്ദു എന്നിവരെയും 30ന് മൂവാറ്റുപുഴ സ്വദേശി എ.എം. ജലാലിനെയും മലപ്പുറം സ്വദേശി സെയ്ദ് അലവിയെയും എന്‍.ഐ.എ. അറസ്റ്റുചെയ്തിരുന്നു. നേരത്തേ സ്വപ്‌നാ സുരേഷ്, സന്ദീപ് നായര്‍, സരിത്ത്, കെ.ടി. റമീസ് എന്നിവരെയും അറസ്റ്റുചെയ്ത എന്‍.ഐ.എ. ഫൈസല്‍ ഫരീദ്, റബിന്‍സ് എന്നിവരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ സ്വപ്നയിലേക്ക് നീങ്ങുന്ന തീവ്രവാദ ബന്ധം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. കറുത്ത കോട്ടിട്ട മാഡത്തിന് രാജ്യത്തിന് പുറത്തുള്ള ഭീകര സംഘടനയുമായി ബന്ധമുണ്ടെന്നും ദുബായിലെ ഇടനിലക്കാരിയാണെന്നുമുള്ള വാര്‍ത്ത വന്നിരുന്നു. ഇതിനൊന്നും ശക്തമായ തെളിവൊന്നും ഇല്ലാതിരിക്കേയാണ് കറങ്ങിത്തിരിഞ്ഞ് നേരെ കാശ്മീരിലേക്ക് തന്നെ അന്വേഷണ സംഘം എത്തുന്നത്. ഇതോടെ സ്വപ്നയുടേയും കൂട്ടരുടേയും കള്ളത്തരങ്ങള്‍ പൊളിയുകയാണ്.
"
https://www.facebook.com/Malayalivartha