കുതിരവട്ടം കേസിന്റെ അന്വേഷണം അന്വേഷണസംഘത്തെ 5 കേസുകളിലെ 7 പ്രതികളില്‍ എത്തിച്ചു!

കോഴിക്കോട് മിംസ് ആശുപത്രിയുടെ സമീപത്തു നിന്നും മാങ്കാവില്‍ നിന്നും ചോമ്പാലയില്‍ നിന്നും ബൈക്കുകള്‍ മോഷണം പോയ കേസ്, താമരശ്ശേരിയിലും വുഡ്ലാന്‍ഡ് ജംക്ഷനിലും കടകള്‍ കുത്തിത്തുറന്ന സംഭവം എന്നിങ്ങനെ 5 കേസുകള്‍, കുതിരവട്ടം ഗവ.മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നു കടന്നുകളഞ്ഞ 4 പേരെ പിടികൂടാനായി രൂപീകരിച്ച അന്വേഷണ സംഘം തെളിയിച്ചു. ഒരാഴ്ചകൊണ്ടാണ് 5 കേസുകള്‍ക്കും തുമ്പുണ്ടാക്കി മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നു കടന്നുകളഞ്ഞ 4 പേരുള്‍പ്പെടെ 7 പേരെ അറസ്റ്റ് ചെയ്തത്.
മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നു കടന്നവര്‍ തന്നെയാണ മാങ്കാവ് നിന്നു കഴിഞ്ഞാഴ്ച ബൈക്ക് മോഷ്ടിച്ചതെന്ന ധാരണയില്‍ നടത്തിയ അന്വേഷണത്തിലാണ് മറ്റു രണ്ടുപേരെ പിടികൂടിയത്. മാത്തറ സ്വദേശി വി.പി.ആഷിഖ് (24), അരക്കിണര്‍ സ്വദേശി പി.പി.അഭിനാസ് (27) എന്നിവരാണ് ഇന്നലെ പിടിയിലായത്. ബൈക്കിന്റെ പെയിന്റ് മാറ്റി ഉപയോഗിക്കുകയായിരുന്നു ഇവര്‍.
നഗരത്തില്‍ വുഡ്ലാന്‍ഡ് ജംക്ഷനിലെ ലിവ ബുക്‌സ് എന്ന കടയുടെ ഷട്ടര്‍ പൊളിച്ചു മോഷണം നടത്തിയതും മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നു കടന്നവരാകാമെന്ന ധാരണയില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് യഥാര്‍ഥ പ്രതിയെ തിരിച്ചറിഞ്ഞത്. ഇക്കഴിഞ്ഞ 22-നാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കൊലക്കേസ് പ്രതികളായ അബ്ദുല്‍ ഗഫൂര്‍ (40), നിസാമുദ്ദീന്‍ (24), വധശ്രമക്കേസില്‍ പ്രതിയായ ആഷിഖ് (23), ചികിത്സയില്‍ കഴിഞ്ഞിരുന്ന ഷഹല്‍ ഷാനു (25) എന്നിവര്‍ കടന്നു കളഞ്ഞത്. ഈരാറ്റുപേട്ട സ്വദേശിയായ ഭദ്രാവതി ഷാജി (56) എന്നയാളാണ് കട കുത്തിത്തുറന്ന് 5000 രൂപ മോഷ്ടിച്ചത്. സാധനങ്ങള്‍ പെറുക്കാനെന്ന വ്യാജേന വീടുകളിലെത്തി മോഷണം നടത്തുന്ന ഇയാളുടെ പേരില്‍ വിവിധ ജില്ലകളിലായി പത്തോളം കേസുകളുണ്ട്.
ചെമ്പോലയില്‍ നിന്നു മോഷ്ടിച്ച ബൈക്കുമായി കടന്ന ആഷിഖ് താമരശ്ശേരിയില്‍ കട കുത്തിത്തുറന്ന് 5000 രൂപയും മോഷ്ടിച്ചു. പിന്നീട് നഗരത്തില്‍ വച്ച് ഇയാളെ പിടികൂടുകയായിരുന്നു. 23-ന് മിംസ് ആശുപത്രിയുടെ സമീപത്തു നിന്നു ബൈക്ക് മോഷ്ടിച്ചു കടന്ന അബ്ദുല്‍ ഗഫൂര്‍, നിസാമുദ്ദീന്‍ എന്നിവരെ ബൈക്കുമായി 27-നു പൊലീസ് പിടികൂടി. ഡിസിപി സുജിത് ദാസിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ വി.സിജിത്, എസ്.ബി.കൈലാസനാഥ്, ടി.വി.ധനഞ്ജയദാസ് എന്നിവരടങ്ങിയ സ്‌ക്വാഡിനായിരുന്നു അന്വേഷണച്ചുമതല.
https://www.facebook.com/Malayalivartha