സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ബന്ദിപ്പൂര്‍ കടുവ സങ്കേതത്തില്‍ 2 സഫാരി മേഖലകള്‍ തുറക്കും

ബന്ദിപ്പൂര്‍ കടുവ സങ്കേതത്തില്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കുറിച്യാട് റേഞ്ചിനോട് ചേര്‍ന്നുള്ള ഗുണ്ടറ റേഞ്ചിലും നുഗു അണക്കെട്ടിന്റെ ജലാശയത്തോട് ചേര്‍ന്നും 2 സഫാരി മേഖലകള്‍ ആരംഭിക്കാന്‍ ആലോചന. വയനാട് വന്യജീവി സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവ സങ്കേതത്തിലാണ് സഞ്ചാരികള്‍ക്കായുള്ള പാത തുറക്കുക.
ബന്ദിപ്പൂര്‍ കടുവ പ്രോജക്ട് ഡയറക്ടര്‍ ടി.ബാലചന്ദ്ര ഇതിനുള്ള അനുമതിക്കായി ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്ക് പദ്ധതിരേഖ സമര്‍പ്പിച്ചെന്ന് അറിയിച്ചു. ഉദ്യോഗസ്ഥ തലത്തില്‍ ഇതിനായുള്ള സര്‍വേ പൂര്‍ത്തിയാക്കി. കബനിയുടെ തീരത്താണ് ഗുണ്ടറ വനപ്രദേശം. വിവിധ ഇനം വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമാണിവിടം. മൈസൂരു-ഊട്ടി റൂട്ടിലെ ബന്ദിപ്പൂരിലാണ് ഇപ്പോള്‍ വനസഫാരിയുള്ളത്. ഇത് ഒഴിവാക്കി എടയാള സബ് ഡിവിഷനില്‍ രണ്ട് സഫാരി റൂട്ട് തയാറാക്കാനാണ് ശ്രമം. 1994-വരെ ഈ വനപ്രദേശത്ത് സഞ്ചാരികളെ അനുവദിച്ചിരുന്നു. പലകാരണങ്ങളാല്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.
കബനി, നുഗു ജലാശങ്ങളോട് ചേര്‍ന്നുള്ള വനപ്രദേശത്തെ പച്ചപ്പും വന്യമൃഗങ്ങളുടെ സാന്ദ്രതയും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനും അതുവഴി പരിസ്ഥിതി സൗഹൃദ ടൂറിസത്തിന് ഊന്നല്‍ നല്‍കാനാകുമെന്നുമാണ് പ്രതീക്ഷ. സുപ്രീം കോടതിയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങളനുസരിച്ച് വനത്തിന്റെയും വന്യമൃഗങ്ങളുടെയും ആവാസ വ്യവസ്ഥകള്‍ പൂര്‍ണമായി സംരക്ഷിച്ചാണ് പദ്ധതി തയ്യാറാക്കുന്നത്. ഗുണ്ടറ വനാതിര്‍ത്തിയിലെ ഗ്രാമവാസികള്‍ക്ക് കൂടുതല്‍ തൊഴിലവസരവും ലക്ഷ്യമിടുന്നു.
സഞ്ചാരികള്‍ കൂടിയതും വനമേഖലയില്‍ പലവിധ പ്രയാസങ്ങള്‍ക്ക് ഇടയാകുന്നതും പരിഗണിച്ച് സാവധാനം ബന്ദിപ്പൂരിലെ സഫാരി നിര്‍ത്തലാക്കാനും ആലോചനയുണ്ട്. ബന്ദിപ്പൂരിലെ ടിക്കറ്റ് കൗണ്ടറും വാഹന പാര്‍ക്കിങ്ങും കഴിഞ്ഞ വര്‍ഷം വനത്തിന് പുറത്ത് മേല്‍ക്കമ്മനഹള്ളിയിലേക്ക് മാറ്റിയിരുന്നു.
നാഗര്‍ഹൊള കടുവ സങ്കേതത്തോട് ചേര്‍ന്നാണ് ഗുണ്ടറ വനപ്രദേശം. വിശാലമായ വനമേഖലയിലെ ജലസ്‌ത്രോതസ് കബനിയാണ്. വേനല്‍ ആരംഭത്തില്‍ വനപ്രദേശങ്ങളിലെ മൃഗങ്ങളെല്ലാം തീറ്റയും വെള്ളവും തേടി കബനിക്കരയിലെത്തുന്നു. മഴയാരംഭത്തിലെ പുഴയോരത്തെ വഴികളില്‍ വെള്ളം നിറയും. ബീച്ചനഹള്ളി അണക്കെട്ടിന്റെ റിസര്‍വൊയറാണിവിടം.
https://www.facebook.com/Malayalivartha