തലയിലെ നാഡീസംബന്ധമായ രോഗത്തിന് ചികിത്സ തേടിയ ആള്‍ക്ക് കോവിഡെന്ന് വ്യാജ പ്രചാരണം

വീട്ടില്‍ തലചുറ്റി വീണതിനെ തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയ കരിങ്കുന്നം സ്വദേശിക്ക് കോവിഡ് ബാധിച്ചെന്ന് വ്യാജ പ്രചാരണം.
തലചുറ്റി വീണ അറുപത്തൊന്നുകാരനെ ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഞരമ്പിനു പ്രശ്‌നം ഉള്ളതിനാല്‍ അടിയന്തര ശസ്ത്രക്രിയ നടത്തണമെന്നു നിര്‍ദേശിച്ചതിനാല്‍ കോലഞ്ചേരി ആശുപത്രിയില്‍ എത്തിച്ചു. ശസ്ത്രക്രിയ നടത്തിയതിനാല്‍ രക്തം ആവശ്യമായി വന്നതിനെ തുടര്‍ന്നു ബന്ധുക്കള്‍ ബ്ലഡ് ബാങ്കിലെത്തിയെങ്കിലും അധികൃതര്‍ രക്തം നല്‍കിയില്ലെന്നാണ് ഇദ്ദേഹത്തിന്റെ പരാതി.
ആരോഗ്യവകുപ്പ് ഇദ്ദേഹം കോവിഡ് പോസിറ്റീവ് ആണെന്ന് അറിയിച്ചിട്ടുണ്ടെന്നും അതിനാല്‍ ബന്ധുക്കള്‍ അല്ലാതെ വേറെ ആരെങ്കിലും എത്തിയാല്‍ അദ്ദേഹത്തിന് രക്തം കൊടുക്കാമെന്നുമാണ് അധികൃതര്‍ പറഞ്ഞത്. തുടര്‍ന്നു മറ്റ് ആളുകളെ അയച്ചാണ് രക്തം വാങ്ങിച്ചതെന്ന് ഇവര്‍ പറയുന്നു.
ഇതിനു പുറമേ, കോവിഡ് വാര്‍ത്ത നാട്ടില്‍ പ്രചരിച്ചതോടെ സമീപവാസികളും ഇദ്ദേഹത്തിന്റെ വീടുമായി ബന്ധപ്പെട്ടവരും വലിയ ആശങ്കയിലായി. ഇദ്ദേഹത്തിന് കോവിഡ് ഇല്ല എന്ന കോലഞ്ചേരിയിലെ ഡോക്ടറുടെയും സ്രവപരിശോധന നടത്തിയ ലാബിന്റെയും റിപ്പോര്‍ട്ട് വീട്ടുകാര്‍ എത്തിച്ചതോടെയാണ് നാട്ടുകാരുടെ ആശങ്കയ്ക്ക് അറുതി വന്നത്.
https://www.facebook.com/Malayalivartha