മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയരുന്നു... മേലേത്തടത്ത് ഉരുള്‍പൊട്ടല്‍... ആശങ്കയോടെ കേരളം! പാലായില്‍ വെള്ളപ്പൊക്കത്തിന് സാധ്യത... വൈക്കത്ത് വീടുകളില്‍ വെള്ളം കയറുന്നു; കൂടുതൽ വിവരങ്ങൾ ഇങ്ങനെ...

സംസ്ഥാനത്തുടനീളം ശക്തമായ കാറ്റും മഴയും തുടരുന്നു. വ്യാപകമായ നാശനഷ്ടങ്ങളുമുണ്ടായിട്ടുണ്ട്. ഞായറാഴ്ച വരെ കേരളത്തില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മലയോര മേഖലകള്‍ ഉരുള്‍പ്പൊട്ടല്‍ ഭീഷണയിലുമാണ്.
അതേസമയം മഴ കനത്തതോടെ പാലാ അടക്കം താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പാലാ നഗരത്തില്‍ വെള്ളം കയറുമെന്ന സൂചനയുണ്ട്. പനയ്ക്കപ്പാലത്ത് റോഡില്‍ വെള്ളം കയറി. ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളതിനാല്‍ തീക്കോയി, വെള്ളിക്കുളം ഭാഗത്ത് ജനങ്ങളെ ഒഴിപ്പിക്കും. ജില്ലയില്‍ എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും മൂന്നു ദിവസത്തേക്ക് നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ എം. അഞ്ജന മീനച്ചില്‍ താലൂക്ക് ഓഫീസിലെത്തി ദുരന്ത നിവാരണ ക്രമീകരണങ്ങള്‍ വിലയിരുത്തി.
കനത്ത മഴയെത്തുടര്‍ന്ന് മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയരുകയും കൂട്ടിക്കല്‍ മേലേത്തടത്ത് നേരിയ ഉരുള്‍പൊട്ടല്‍ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ ദുരന്തസാധ്യതാ മേഖലകളില്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കിയെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അറിയിച്ചു. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ജില്ലാ, താലൂക്ക് ഇന്‍സിഡന്റ് റസ്പോണ്‍സ് ടീമും പോലീസും ഫയര്‍ ഫോഴ്സും ചേര്‍ന്ന് ആളുകളെ ഒഴിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു.
കൂട്ടിക്കലില്‍ അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്നും ആളുകളെ ഏന്തയാര്‍ ജെ.ജെ. മര്‍ഫി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് കൂട്ടിക്കലിലെ നാലു കുടുംബങ്ങള്‍ നേരത്തെ തന്നെ ബന്ധുക്കളുടെ വീടുകളിലേക്ക് മാറിയിരുന്നു. മണിമലയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടക്കുന്നം, മുണ്ടക്കയം, കോരുത്തോട്, എരുമേലി വടക്ക് മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
മീനച്ചിലാറിന്റെയും മണിമലയാറിന്റെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജലനിരപ്പ് തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിന് കളക്ടര്‍ ഹൈഡ്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം കേരളമടക്കം ആറ് സംസ്ഥാനങ്ങള്‍ക്ക് ദേശീയ ജല കമ്മീഷന്‍ വെള്ളപ്പൊക്ക സാധ്യതാ മുന്നറിയിപ്പ് നല്‍കി. പ്രളയസാധ്യത മുന്നില്‍ കണ്ട് ജില്ലാ ഭരണകൂടങ്ങള്‍ വലിയ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. കോവിഡ് സാഹചര്യത്തില്‍ ക്യാമ്പുകളേക്കാൾ പ്രധാന്യം നല്‍കുന്നത് ആളുകളെ ബന്ധുവീടുകളിലേക്ക് എത്തിക്കുന്നതിനാണ്.
https://www.facebook.com/Malayalivartha
























