ചിന്തിക്കാന്‍ വയ്യ... ആദ്യത്തെ ലാന്റിംഗ് പരാജയപ്പെട്ടതോടെ രണ്ടാം ശ്രമം നടത്തി ക്യാപ്റ്റന്‍ ദീപക് സാത്തേ; രണ്ടാമത്തെ ലാന്റിംഗ് ശ്രമത്തിനിടെ വിമാനത്തിന്റെ ചക്രങ്ങള്‍ ലോക്കായത് കുരുക്കായി; വിമാനം എത്രയും വേഗം നിര്‍ത്തിയില്ലെങ്കില്‍ വന്‍ ദുരന്തമുണ്ടാകും; പൈലറ്റ് ക്യാപ്റ്റന്‍ ദീപക് സാത്തേയുടെ മനക്കരുത്ത് രക്ഷയായത് നിരവധി പേര്‍ക്ക്

കരിപ്പുര്‍ വിമാനത്താവളത്തില്‍ അപകടത്തിന്റെ ഞെട്ടലിലാണ് മലയാളികള്‍. അതേസമയം അപടകത്തിന്റെ ആഴം കുറച്ചത് പൈലറ്റിന്റെ മനോബലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനം തീപിടിച്ചെങ്കില്‍ വലിയ ദുരന്തമായേനെ. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനം ടേബിള്‍ ടോപ്പ് റണ്‍വേയില്‍ രണ്ടു തവണ ലാന്റ് ചെയ്യാന്‍ ശ്രമിച്ചതായി ഗ്ലോബല്‍ ഫ്‌ളൈറ്റ് ട്രാക്കര്‍ വെബ്‌സൈറ്റിന്റെ സൂചനയുണ്ട്. സ്വീഡിഷ് കമ്പനിയായ ഫ്‌ളൈറ്റ് റഡാര്‍ 24 നല്‍കുന്ന മാപ്പ് അനുസരിച്ച് ദുബായില്‍ നിന്നെത്തിയ ബോയിങ് 737 വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചതായി സൂചിപ്പിക്കുന്നു.
ആദ്യ ലാന്റിംഗ് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ടാമത്തെ ശ്രമമെന്നാണ് പ്രാഥമിക നിഗമനം. രണ്ടാമത്തെ ലാന്റിംഗ് ശ്രമത്തിനിടെ വിമാനത്തിന്റെ ചക്രങ്ങള്‍ ലോക്കായതായി സൂചനയുണ്ട്. ആദ്യ ലാന്‍ഡിങ് നടന്നില്ലെങ്കില്‍ രണ്ടു തവണ കൂടി ശ്രമിക്കാമെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ചട്ടം. എന്നിട്ടും ലാന്റ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ നേരത്തെ അറിയിച്ചിട്ടുള്ള ആള്‍ട്ടര്‍നേറ്റീവ് എയര്‍പോര്‍ട്ടിലേക്ക് പോകണം. ആദ്യശ്രമത്തിന് ശേഷം വീണ്ടും ശ്രമിക്കണോയെന്ന് സാഹചര്യമനുസരിച്ച് വിമാനത്തിന്റെ ക്യാപ്റ്റന് തീരുമാനിക്കാം.
ഒരു കുന്നിന്റെയോ ഉയരം കൂടിയ പ്രദേശത്തോ സജ്ജീകരിച്ചിരിക്കുന്ന റണ്‍വേയാണ് ടേബിള്‍ ടോപ്പ് റണ്‍വേ. റണ്‍വേയുടെ അറ്റം കുത്തനെയുള്ള ഇറക്കത്തിലാണ് അവസാനിക്കുന്നത്. ഇത് അപകടസ്ഥിതി ഗുരുതരമാക്കാന്‍ ഇടയാക്കും.
ഇവിടെയാണ് ക്യാപ്റ്റന്‍ ദീപക് സാത്തേയ്ക്ക് കയ്യടി ലഭിക്കുന്നത്. 30 വര്‍ഷത്തെ പരിചയസമ്പത്തുള്ള കരുത്തുറ്റ പൈലറ്റാണ് ക്യാപ്റ്റന്‍ ദീപക് സാത്തേ. 1980 തില്‍ മഹാരാഷ്ട്രയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്നും 58ാം റാങ്കോടെ കോഴ്‌സ് പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേനയില്‍ പ്രവേശിച്ച ക്യാപ്റ്റന്‍ ദീപക് വി സാത്തേ വ്യോമസേനയിലെ 12 വര്‍ഷത്തെ സേവനത്തിന് ശേഷം വളണ്ടറി റിട്ടയര്‍മെന്റ് എടുത്താണ് എയര്‍ ഇന്ത്യയില്‍ പ്രവേശിച്ചത്.എയര്‍ ഇന്ത്യയില്‍ ചേരുന്നതിന് മുന്‍പ് വ്യോമസേനയിലെ എക്‌സ്പിരിമെന്റല്‍ ടെസ്റ്റ് പൈലറ്റ് ആയിരുന്നു അദ്ദേഹം.
എയര്‍ ഇന്ത്യ എക്‌സപ്രസ് ബോയിങ് 737ന്റെ പൈലറ്റായി പ്രവേശിക്കുന്നതിന് മുന്‍പ് എയര്‍ ഇന്ത്യ എയര്‍ബസ് 310ന്റെ പൈലറ്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എയര്‍ ഫോഴ്‌സ് അക്കാദമിയില്‍ നിന്ന് സ്വോര്‍ഡ് ഓഫ് ഹോണര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. ഫൈറ്റര്‍ പൈലറ്റ് കൂടിയായിരുന്നു അദ്ദേഹം. ഭാര്യയ്ക്കും രണ്ട് ആണ്‍മക്കള്‍ക്കുമൊപ്പം മുംബൈയിലെ പോവൈയിലായിരുന്നു താമസം.
വ്യാഴാഴ്ച രാത്രി 7.41 ഓടെയായിരുന്നു കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടം നടന്നത്. ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്. തനിക്ക് റണ്‍വേ കാണാന്‍ കഴിയുന്നില്ലെന്ന് ക്യാപ്റ്റന്‍ ദീപക് സാത്തേ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചിരുന്നു. ആദ്യ തവണ വിമാനം ഇറക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. രണ്ടാമത്തെ തവണ വിമാനം റണ്‍വേയില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
ലാന്റ് ചെയ്യുന്നതിനിടെ റണ്‍വേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടക്കുകയായിരുന്നു. വിമാനത്തിന്റെ മുന്‍ഭാഗം കൂപ്പുകുത്തി. അപകടത്തില്‍ വിമാനം രണ്ടായി പിളര്‍ന്നിട്ടുണ്ട്. വിമാനം തീപിടിച്ചിരുന്നെങ്കില്‍ മംഗലാപുരത്തെ അപകടത്തിന് സമാനമായേനെ. ഇവിടെയാണ് പൈലറ്റ് ദീപക് സാത്തെയുടെ മനക്കട്ടിയ്ക്ക് കയ്യടി കിട്ടുന്നത്. വിമാനത്തിന് നിയന്ത്രണം നഷ്ടപ്പെട്ടിട്ടും മനോബലം കൈവിടാതെ വിമാനം എത്രയും വേഗം നിര്‍ത്താനാണ് പൈലറ്റ് ശ്രമിച്ചത്. അല്ലെങ്കില്‍ കൂടുതല്‍ സഞ്ചരിച്ച് ജനവാസ മേഖലയിലേക്ക് പതിച്ച് വലിയ ദുരന്തമുണ്ടായേനെ. ഇതാണ് എല്ലാവരും ക്യാപ്റ്റന് നിറഞ്ഞ കയ്യടി നല്‍കുന്നത്.
"
https://www.facebook.com/Malayalivartha
























