പൊലീസ് സംഘത്തിന്റെ വാഹനത്തില്‍ കാറിടിപ്പിച്ച ശേഷം വെടിവെയ്പ് കേസിലെ പ്രതികള്‍ കടന്നു

കാസര്‍കോഡ് ജില്ലയിലെ മജീര്‍പ്പള്ള കൊടലമുഗറുവില്‍ വെടിവെയ്പ് കേസിലെ പ്രതികളെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന്റെ വാഹനത്തില്‍ കാറിടിപ്പിച്ച് നാലു പേര്‍ രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് സംഭവം. വെടിവെപ്പ് കേസിലെ പ്രതികള്‍ കടന്നു കളഞ്ഞത് കാസര്‍കോട് ഡിവൈഎസ്പി പി.ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡിലെ അംഗങ്ങളായ പൊലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ജീപ്പില്‍ കാറിടിച്ച് ജീപ്പിന്റെ മുന്‍ഭാഗം തകര്‍ത്തതിനു ശേഷമാണ്.
കൊടലമുഗറു ഭാഗത്ത് കേസിലെ ഒന്നാം പ്രതിയ മൊയ്തിന്‍ ഷബീറും സംഘവും കറങ്ങുന്നതായുള്ള വിവരത്തെ തുടര്‍ന്നാണ് പൊലീസ് സംഘം അവിടെ എത്തിയത്. പ്രതികളുടെ കാറിനു കുറുകെ പൊലീസ് ജിപ്പിട്ട് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് കാറിടിച്ച് രക്ഷപ്പെട്ടത്. കൂടുതല്‍ പൊലീസ് എത്തി പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കഴിഞ്ഞ 31-ന് ഷബീറിന്റെ നേതൃത്വത്തിലുള്ള സംഘം ബന്തിയോട് ബൈതലയിലെ ഷേക്കാലിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിനു നേരെ വെടിയുതിര്‍ത്തിരുന്നു. പൊലീസ് സംഘത്തിന്റെ വാഹനത്തില്‍ കാറിടിപ്പിച്ച സംഭവത്തില്‍ 4 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha