മിനസോട്ട സംസ്ഥാനത്തെ ഈഡന്‍ പ്രിയറി സിറ്റി കൗണ്‍സിലിലേക്ക് മലയാളി തെരഞ്ഞെടുക്കപ്പെട്ടു

അമേരിക്കയിലെ മിനസോട്ട സംസ്ഥാനത്തെ ഈഡന്‍ പ്രിയറി സിറ്റി കൗണ്‍സിലിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ പൊറക്കുടിഞ്ഞത്ത് മന ഗംഗാധരന്‍ ഭട്ടതിരിപ്പാടിന്റെയും കാളി അന്തര്‍ജനത്തിന്റെയും മകന്‍ പി.ജി.നാരായണന് (55) വിജയം.
ആ വിജയ വാര്‍ത്ത എത്തിയപ്പോള്‍ രാവിലെ തന്നെ ചിലര്‍ അഭിനന്ദനവുമായി കോളങ്ങാട്ടുകര പൊറക്കുടിഞ്ഞത്ത് മനയില്‍ നേരിട്ടെത്തി. കൈരളി തമ്പുരാട്ടിയുടെ സഹോദരന്റെ വിജയത്തില്‍ ചിലര്‍ തമ്പുരാട്ടിയെ വിളിച്ച് ഫോണിലൂടെ സന്തോഷം പങ്കിട്ടു. പൊറക്കുടിഞ്ഞത്ത് മന ഗംഗാധരന്‍ ഭട്ടതിരിപ്പാടിന്റെയും കാളി അന്തര്‍ജനത്തിന്റെയും മകന്‍ പി.ജി.നാരായണന്‍ രണ്ടാം തവണയാണു കൗണ്‍സിലിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്. 2018-ലായിരുന്നു ആദ്യ ജയം.
നാരായണന്‍ 18-ാം വയസ്സില്‍ അമേരിക്കയിലേക്ക് കുടിയേറിയതാണ്. ഇപ്പോള്‍ ഭാര്യ ഇന്ദിര, മക്കള്‍ സുനോജ്, മനോജ് എന്നിവരും അവിടെയാണ്. ബോസ്റ്റണിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇലക്ട്രോണിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയ ഇദ്ദേഹം മിനസോട്ട ഗവ. ഐടി വിഭാഗം സഹമേധാവി, മിനസോട്ട ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.
നാടിനെ സേവിക്കാന്‍ 4 വര്‍ഷം കൂടി കിട്ടിയതില്‍ സന്തോഷമുണ്ടെന്നാണ് കൈരളിയെ വിളിച്ച നാരായണന്റെ ആദ്യപ്രതികരണം. പക്ഷേ, ഇരുവരും അഭിനന്ദനങ്ങളുടെ തിരക്കില്‍പ്പെട്ടതിനാല്‍ ഇന്നലെ കൂടുതല്‍ സംസാരിക്കാനായില്ല. കോളങ്ങാട്ടുകര പള്ളി വികാരി ഫാ. ഡോ.ഫ്രാന്‍സിസ് ആലപ്പാട്ടിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ മനയിലെത്തി അഭിനന്ദനം അറിയിച്ചു.
https://www.facebook.com/Malayalivartha