അഭയ കൊലക്കേസ്: ചോദ്യം ചെയ്യലിന് പ്രതികള്‍ നവംബര്‍ 10 ന് ഹാജരാകാന്‍ സി ബി ഐ കോടതി ഉത്തരവ്: പ്രോസിക്യൂഷന്‍ സാക്ഷി വിസ്താരം പൂര്‍ത്തിയായി

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികളായ ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സ്റ്റെഫിയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു. നവംബര്‍ 10 ന് കോടതി നേരിട്ടു നടത്തുന്ന ചോദ്യം ചെയ്യലിന് രണ്ടു പ്രതികളും ഹാജരാകാന്‍ സി ബി ഐ ജഡ്ജി കെ. സനില്‍കുമാറാണ് ഉത്തരവിട്ടത്.
പ്രോസിക്യൂഷന്‍ ഭാഗം സാക്ഷി വിസ്താരത്തില്‍ കോടതി മുമ്പാകെ വന്ന പ്രതികളെ കുറ്റപ്പെടുത്തുന്ന തെളിവുകളും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ കോടതി നേരിട്ടു തയ്യാറാക്കുന്ന ചോദ്യാവലി പ്രകാരമാണ് കോടതി പ്രതികളെ വെവ്വേറെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തുന്നത്. പ്രതിക്കൂട്ടില്‍ നിന്നും പ്രതികളെ ജഡ്ജിയുടെ ഡയസിന് സമീപം വിളിച്ചു വരുത്തിയാണ് കോടതി ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ ബോധിപ്പിക്കുന്ന ഉത്തരങ്ങളും മൗനം പാലിക്കലും വിചാരണക്ക് ശേഷം വിധിയെഴുതുന്നതിന് മുന്നോടിയായി കോടതി തെളിവു മൂല്യം വിലയിരുത്തന്നതില്‍ നിര്‍ണ്ണായകമാണ്. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 313 (1) (ബി) പ്രകാരമാണ് കോടതി പ്രതികളെ ചോദ്യം ചെയ്യുന്നത്.
ചോദ്യം ചെയ്യലിന് ശേഷം പ്രതികള്‍ക്ക് തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ പ്രതിഭാഗം സാക്ഷികളോ രേഖകളോ ഉണ്ടെങ്കില്‍ ഹാജരാക്കാന്‍ കോടതി അവസരം നല്‍കുന്നതാണ്.
പ്രോസിക്യൂഷന്‍ സാക്ഷിപ്പട്ടികയില്‍ ലിസ്റ്റ് ചെയ്ത 49 സാക്ഷികളെയാണ് ഇതു വരെ വിസ്തരിച്ചത്. ദൃക്‌സാക്ഷിയും സ്വതന്ത്ര സാക്ഷികളും ഫോറന്‍സിക് വിദഗ്ധരും കേസന്വേഷണ ഉദ്യോഗസ്ഥരുമടങ്ങുന്ന ഔദ്യോഗിക സാക്ഷികളുമടക്കം 49 പേരെയാണ് ഇതിനോടകം വിസ്തരിച്ചത്. 2019 ആഗസ്റ്റ് 26 നാണ് വിചാരണ ആരംഭിച്ചതെങ്കിലും കോവിഡ് കാരണം ആറു മാസത്തോളം വിചാരണ നടത്താന്‍ കഴിഞ്ഞില്ല.
1992 മാര്‍ച്ച് 27 നാണ് സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത്. 16 വര്‍ഷങ്ങള്‍ക്ക് ശേഷം 2008 ലാണ് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തത്. അതിന് ശേഷം 11 വര്‍ഷം കഴിഞ്ഞാണ് കേസില്‍ വിചാരണ ആരംഭിച്ചത്.
https://www.facebook.com/Malayalivartha