മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ എം. ശിവശങ്കര്‍ ലൈഫ് മിഷന്‍, കെഫോണ്‍, കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതികളുടെ വിവരങ്ങള്‍ സ്വപ്ന സുരേഷിനു ചോര്‍ത്തി നല്‍കിയതായി ഇ.ഡി കോടതിയില്‍

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ എം. ശിവശങ്കര്‍ ലൈഫ് മിഷന്‍, കെഫോണ്‍, കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതികളുടെ വിവരങ്ങള്‍ സ്വപ്ന സുരേഷിനു ചോര്‍ത്തി നല്‍കിയതായി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയെ അറിയിച്ചു. കരാറുകാരായ യുണിടാക് ബില്‍ഡേഴ്‌സിനു കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് നിര്‍ണായക വിവരങ്ങള്‍ കൈമാറിയത്. കരാറുകള്‍ ലഭിക്കാന്‍ സ്വപ്ന അടക്കമുള്ള പ്രതികള്‍ക്കു വന്‍തുക യുണിടാക് കൈക്കൂലിയായി നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ ഇടപാടുകളില്‍ ശിവശങ്കര്‍ പങ്കാളിയായെന്നു തന്നെയാണ് സൂചനയെന്നും ഇഡി വ്യക്തമാക്കി.
ശിവശങ്കര്‍ അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നും ഏഴ് ദിവസം കൂടി കസ്റ്റഡിയില്‍ വിടണമെന്നുമാവശ്യപ്പെട്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ (കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള പ്രത്യേക കോടതി) നല്‍കിയ അപേക്ഷയിലാണ് ഇഡി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ശിവശങ്കര്‍ വന്‍കോഴയ്ക്കു വേണ്ടിയാണു ചോര്‍ത്തിയതെന്നും വീണ്ടെടുത്ത വാട്‌സാപ് സന്ദേശങ്ങള്‍ തെളിവാണെന്നും ഇഡി അസി. ഡയറക്ടര്‍ പി. രാധാകൃഷ്ണന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ അറിയിച്ചു. സ്വപ്നയുടെ ലോക്കറുകളിലെ കള്ളപ്പണം ശിവശങ്കറിന്റേതാണെന്നും സംശയിക്കുന്നു.
അപേക്ഷ പരിഗണിച്ച ജഡ്ജി ഡോ. കൗസര്‍ എടപ്പഗത്ത്, ശിവശങ്കറെ ആറു ദിവസത്തേക്ക് കൂടി ഇഡി കസ്റ്റഡിയില്‍ വിട്ടു. ശിവശങ്കറെ ജഡ്ജിന്റെ സമീപത്തേക്കു വിളിച്ചു വരുത്തി എന്തെങ്കിലും പരാതിയുണ്ടോ എന്നും ചികില്‍സ ലഭിക്കുന്നുണ്ടോ എന്നും ആരാഞ്ഞ ശേഷം കസ്റ്റഡി അനുവദിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha