ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപയുടെ തട്ടിപ്പ്, ശ്രേഷ്ഠ ഭാഷാകേന്ദ്രം ഡയറക്ടർ ബേബി ജോസഫിന് കോടതി കുറ്റപത്രം നൽകി...

തലസ്ഥാന നഗരിയിലെ സ്റ്റാച്ച്യുവിൽ നടന്ന 15 ലക്ഷം രൂപയുടെ ജോലി തട്ടിപ്പുകേസിൽ പ്രതിയായ ശ്രേഷ്ഠ ഭാഷാകേന്ദ്രം ഡയറക്ടർ ബേബി ജോസഫിന് തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി കുറ്റപത്രം നൽകി. ശ്രേഷ്ഠ ഭാഷാകേന്ദ്രം എന്ന സ്ഥാപനം ആരംഭിക്കുകയും സ്ഥാപനം സർക്കാർ ഏറ്റെടുക്കുമെന്ന് പ്രചരിപ്പിച്ച് വിവിധ തസ്തികകളിലേക്ക് നിയമനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് കോടതി കുറ്റപത്രം നൽകിയത്. ഗൗരീശപട്ടം സ്വദേശിയായ 64കാരനായ ഡയറക്ടർ ബേബി ജോസഫ് 2019 മെയ് 3 നാണ് ജോലി തട്ടിപ്പു കേസിൽ അറസ്റ്റിലായത്.
മലയാള ഭാഷയുടെയും അറിവിൻ്റെയും വ്യാപനം ലക്ഷ്യമിട്ട് കേരള ഗവൺമെൻ്റിൻ്റെ കീഴിലുള്ള വ്യവസായ വകുപ്പിൽ നിന്ന് ശ്രേഷ്ഠ ഭാഷാകേന്ദ്രം തുടങ്ങുന്നതിനുള്ള ലൈസൻസ് നേടുകയും തുടർന്ന് 2 സ്ഥാപനം സ്റ്റാച്ച്യുവിൽ ആരംഭിക്കുകയും ചെയ്തു. 2019 ഏപ്രിൽ - മെയ് മാസങ്ങളിൽ സ്ഥാപനം സർക്കാർ ഏറ്റെടുക്കാൻ പോവുകയാണെന്ന് 2018 ജനുവരി മുതൽ വ്യാജ പ്രചരണം നടത്തുകയും വിവിധ തസ്തികകളിലെ നിയമനത്തിനായി ഡെപ്പോസിറ്റ് ഇനത്തിൽ വൻ തുകകൾ കൈപ്പറ്റിയ ശേഷം സ്ഥാപനത്തിൽ നിയമനങ്ങൾ നൽകുകയുമായിരുന്നു.
എന്നാൽ എട്ടു മാസം കഴിഞ്ഞിട്ടും നിയമിച്ചവർക്ക് ശമ്പളം നൽകുകയോ ഡെപ്പോസിറ്റായി വാങ്ങിയ പണം മടക്കി നൽകുകയോ ചെയ്യാത്തതിനെ തുടർന്നുള്ള പരാതിയിയിന്മേലുള്ള അന്വേഷണത്തിലാണ് പ്രതിയെ കൻ്റോൺമെൻ്റ് പോലീസ് ഇൻസ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 406 ( ട്രസ്റ്റ് ലംഘനം) , 420 ( ചതിക്കുകയും അത് വഴി കബളിപ്പിക്കപ്പെട്ട ആളെ നേരുകേടായി പ്രചോദിപ്പിച്ച് പണം കൈക്കലാക്കുക) എന്നീ വകുപ്പുകൾ ചത്തിയുള്ളതാണ് കോടതി കുറ്റപത്രം.
https://www.facebook.com/Malayalivartha