കേരള മനസാക്ഷിയെ ഞെട്ടിച്ച നടിയെ ആക്രമിച്ച കേസിൽ നിർണായക വഴിത്തിരിവ്; മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയതിനു പിന്നില്‍ കെ.ബി. ഗണേശ് കുമാര്‍ എം.എല്‍.എയുടെ പി.എ ആയ പ്രദീപ് കുമാറാണെന്ന് അന്വേഷണ സംഘം

നടിയെ ആക്രമിച്ച കേസിൽ ചില ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്നു .സാക്ഷികളെ പ്രതിഭാഗം സ്വാധീനിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം നേരത്തെ തന്നെ കേൾക്കാൻ തുടങ്ങിയതാണ്. കേരള മനസാക്ഷിയെ ഞെട്ടിച്ച നടിയെ ആക്രമിച്ച കേസിൽ നിർണായകമായ ഒരു ചുവടുവയ്പ്പ് ഇപ്പോൾ ഉണ്ടായിരിക്കുകയാണ്. കേസില്‍ മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയതിനു പിന്നില്‍ കെ.ബി. ഗണേശ് കുമാര്‍ എം.എല്‍.എയുടെ പി.എ ആയ പ്രദീപ് കുമാറാണെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഇയാളെ ഉടന്‍ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുമെന്നാണ് സൂചന.
മൊബൈല്‍ ഫോണ്‍ രേഖകളുടെയും സി.സി. ടി.വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ ബേക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. തമിഴ്നാട്ടിലെ തിരുനെല്‍വേലി, എറണാകുളം, പത്തനംതിട്ട, കൊട്ടാരക്കര എന്നിവിടങ്ങളില്‍ ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വിപിന്‍ലാലിനെ ഭീഷണിപ്പെടുത്താന്‍ വിളിച്ച മൊബൈല്‍ ഫോണിന്റെ സിം എടുത്തത് തിരുനെല്‍വേലിയില്‍ നിന്നാണെന്ന് അന്വേഷണസംഘത്തിന് വ്യക്തമായിട്ടുണ്ട്.മറ്റൊരു കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന കോട്ടിക്കുളം സ്വദേശി വിപിന്‍ലാല്‍ സഹ തടവുകാരനായിരുന്ന, നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനിയുടെ നിര്‍ദ്ദേശപ്രകാരം ഇതേ കേസിലെ മറ്റൊരു പ്രതിയായ നടന്‍ ദിലീപിന് കത്തെഴുതിയിരുന്നു. ഇത് സംബന്ധിച്ച് വിപിന്‍ലാല്‍ കോടതിയില്‍ നല്‍കിയ മൊഴി മാറ്റിപ്പറയണമെന്ന് ആവശ്യപ്പെട്ട് നിരന്തരം വധഭീഷണിമുഴക്കുന്നുവെന്നാണ് പൊലീസില്‍ നല്‍കിയിരുന്ന പരാതി. ഒരു മാസം മുമ്പാണ് പരാതി നല്‍കിയത്.
കാസർകോട് ബേക്കൽ സ്വദേശിയായ വിപൻ ലാലിനെ മാപ്പുസാക്ഷിയായി മൊഴിമാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ജനുവരി 24നും 28നും ഫോണിൽ വിളിച്ചും സെപ്റ്റംബർ 24നും 25നും സന്ദേശങ്ങൾ അയച്ചുമാണു പ്രതി ഭീഷണിപ്പെടുത്തിയത്. സ്വാധീനിക്കാനായി കാസർകോട്ടെത്തിയ പ്രദീപ്കുമാർ മാപ്പുസാക്ഷിയുടെ അടുത്തബന്ധുക്കളെ നേരിട്ടുകണ്ടതിന്റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതാണ് പ്രദീപിന് വിനയായത്. ഫോൺ വിളി രേഖകളും പൊലീസ് കണ്ടെത്തി.വിചാരണക്കോടതിക്കെതിരെ നടിയും പ്രോസിക്യൂഷനും സമീപിച്ച സാഹചര്യത്തിൽ കേസിന്റെ വിചാരണ നടപടികൾ ഹൈക്കോടതി താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്.
പ്രദീപ്കുമാറിനെതിരായ കേസിന്റെ വിശദാംശങ്ങളും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ സമർപ്പിക്കും. ഇതോടെ കേസ് അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന് വ്യക്തമാകുകയും ചെയ്യും. അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലെ പ്രതി താനല്ലെന്നാണ് ഗണേശ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടാത്തല നേരത്തെ പ്രതികരിച്ചത്.
https://www.facebook.com/Malayalivartha