സംസ്ഥാനത്ത് ബുറെവി ചുഴലിക്കാറ്റും മഴയും കണക്കിലെടുത്ത് അതിജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ... അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ മൂന്നുദിവസത്തേക്ക് ജനങ്ങള്‍ പുറത്തിറങ്ങരുത്, ഹൈറേഞ്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കണം, തിരുവനന്തപുരം ഉള്‍പ്പെടെ നാല് ജില്ലകളില്‍ ഇന്ന് മഴയുടെ തീവ്രത അതിശക്തമാകുമെന്ന് സൂചന

ബുറെവി ചുഴലിക്കാറ്റും മഴയും കണക്കിലെടുത്ത് സംസ്ഥാനത്ത് അതിജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാഴാഴ്ചമുതല്‍ ശനിയാഴ്ചവരെ അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ വ്യാഴാഴ്ച മഴയുടെ തീവ്രത അതിശക്തമാകുമെന്ന സൂചനയുണ്ട്. മത്സ്യബന്ധനത്തൊഴിലാളികള്‍ക്ക് ശനിയാഴ്ചവരെയാണ് വിലക്ക്. ഹൈറേഞ്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കണം.
ഭയാശങ്ക വേണ്ടാ. ഏതുസാഹചര്യത്തെയും നേരിടാനുള്ള തയ്യാറെടുപ്പുകളാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹായത്തിനായി കണ്‍ട്രോള്‍ റൂമിലെ 1077 എന്ന നമ്പറില്‍ ബന്ധപ്പെടാം. നെയ്യാര്‍, കല്ലട, കക്കി ഡാമുകളുടെ സംഭരണശേഷി 80 ശതമാനമായി കുറയ്ക്കും. നെയ്യാര്‍, അരുവിക്കര, കല്ലട, മലങ്കര, കുണ്ടള, ശിരുവാണി, കാഞ്ഞിരപ്പുഴ, വാളയാര്‍, പോത്തുണ്ടി, കാരാപ്പുഴ ഡാമുകള്‍ തുറന്നു. അതിതീവ്ര മഴയുണ്ടായാല്‍ കൂടുതല്‍ ഡാമുകള്‍ തുറക്കും.
മരം വീണും മരച്ചില്ലകള്‍, പോസ്റ്റുകള്‍, വൈദ്യുതലൈനുകള്‍ തുടങ്ങിയവ പൊട്ടിവീണുമുള്ള അപകടങ്ങള്‍ പ്രതീക്ഷിക്കണം. മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കും. വീടുകളിലും കെട്ടിടങ്ങളിലും ഉപയോഗിച്ചിട്ടുള്ള ഷീറ്റുകള്‍ ബലപ്പെടുത്തണം. മെഴുകുതിരി, തീപ്പെട്ടി, സാധ്യമെങ്കില്‍ റേഡിയോ, ചാര്‍ജ് ചെയ്ത മൊബൈലുകള്‍, മരുന്ന്, അത്യാവശ്യ ആഹാരസാധനങ്ങള്‍ എന്നിവ കരുതണം. വിലപ്പെട്ട രേഖകളും മറ്റുള്ളവയും പ്രത്യേകം സൂക്ഷിക്കണം.
"
https://www.facebook.com/Malayalivartha