'അശാസ്ത്രീയതയുടെയും വിദ്വേഷത്തിന്റെയും വർഗ്ഗീയതയുടെയും പ്രാകൃതത്വങ്ങളുടെയും വാസസ്ഥാനങ്ങളായി മാറരുത് നമ്മുടെ അക്കാദമിക സ്ഥാപനങ്ങൾ. ഭാവിയിലേക്കുള്ള വിദ്യാർഥികളുടെ സഞ്ചാരപഥങ്ങളിൽ പുതിയ വെളിച്ചങ്ങളും തെളിച്ചങ്ങളുമാണുണ്ടാകേണ്ടത്....' എസ് ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
രാജീവ് ഗാന്ധി സെന്റർഫോർ ബയോടെക്നോളജി തിരുവനന്തപുരം ആക്കുളത്ത് ആരംഭിക്കുന്ന കാമ്പസിന് ആർ എസ് എസ് നേതാവായിരുന്ന എം എസ് ഗോൾവാൾക്കറുടെ പേരുകൊടുത്തതിനെ വിവമർശിച്ച് എഴുത്തുകാരി എസ് ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ശാസ്ത്രസാങ്കേതിക സർവകലാശാലയ്ക്ക് ഗോൾവാൾക്കറുടെ പേരിടുന്നതിലൂടെ എന്ത് ചരിത്രബോധമാണ് സമൂഹത്തിൽ ഉണർത്തേണ്ടത്? എന്ന് ചോദ്യം ഉന്നയിക്കുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
പോണ്ടിച്ചേരി സർവ്വകലാശാലാ കാംപസിൽ മോളെ ചേർക്കാൻ കൊണ്ടുചെന്നപ്പോൾ എന്നെ ഏറ്റവുമധികം ആകർഷിച്ചത് കാംപസിലെ ഹോസ്റ്റലുകളുടെ പേരുകളാണ്. സുബ്രഹ്മണ്യ ഭാരതി ഹോസ്റ്റൽ, കമ്പർ ഹോസ്റ്റൽ, ഭാരതിയാർ ഹോസ്റ്റൽ, ടാഗോർ ഹോസ്റ്റൽ, മൗലാനാ അബുൾ കലാം ഹോസ്റ്റൽ, മദർ തെരേസ ഹോസ്റ്റൽ, മാദം ക്യൂറി ഹോസ്റ്റൽ, കൽപനാ ചൗളാ ഹോസ്റ്റൽ, സർവേപ്പല്ലി രാധാകൃഷ്ണൻ ഹോസ്റ്റൽ, കാളിദാസ് ഹോസ്റ്റൽ, ഗംഗ, യമുന, കാവേരി, സരസ്വതി ഇതെല്ലാം കാംപസിലെ ഹോസ്റ്റലുകളാണ്.
ഒരു അക്കാദമിക് സ്ഥാപനത്തിലെ വിദ്യാർഥികൾ താമസിക്കുന്ന ഇടങ്ങൾക്ക് അക്കാദമികവും രാഷ്ട്രീയവും പാരിസ്ഥിതികവും ചരിത്രപരവുമായ ഓർമ്മപ്പെടുത്തലുണ്ടാവുക എന്നത് വലിയൊരു മികവായി അന്നെനിക്കു തോന്നിയിരുന്നു. കാംപസിന്റെ രാഷ്ട്രീയമെന്തുതന്നെ ആയിരിക്കുമെന്നറിയില്ലായിരുന്നുവെങ്കിലും അഭിമാനം തോന്നി, ഉപരിപഠനത്തിന് മോൾ താമസിക്കുന്ന കാംപസിന്റെ ചരിത്ര ബദ്ധമായ ഒരു അന്തരീക്ഷത്തെ ഓർത്ത് .
കേരളത്തിൽ ഒരു ശാസ്ത്രസാങ്കേതിക സർവ്വകലാശാലക്ക് കേന്ദ്ര സർക്കാർ ആലോചിക്കുന്ന പേര് ഗോൾവാൾക്കറുടേതാണ്. ഇത് എന്തു ചരിത്രബോധമാണ് സമൂഹത്തിൽ ഉണർത്തേണ്ടത് ? അശാസ്ത്രീയതയുടെയും വിദ്വേഷത്തിന്റെയും വർഗ്ഗീയതയുടെയും പ്രാകൃതത്വങ്ങളുടെയും വാസസ്ഥാനങ്ങളായി മാറരുത് നമ്മുടെ അക്കാദമിക സ്ഥാപനങ്ങൾ . ഭാവിയിലേക്കുള്ള വിദ്യാർഥികളുടെ സഞ്ചാരപഥങ്ങളിൽ പുതിയ വെളിച്ചങ്ങളും തെളിച്ചങ്ങളുമാണുണ്ടാകേണ്ടത്.
നന്നായി പഠിച്ചിറങ്ങിയാലും തങ്ങൾ പഠിച്ച സ്ഥാപനങ്ങൾ കുട്ടികളിൽ വില കുറഞ്ഞതും അധമത്വം കലർന്നതും വർഗ്ഗീയ ചിന്തകൾ ഉണർത്തുന്നതും ഏകാധിപത്യത്തിന്റെ പരുക്കുകൾ ഉള്ളതുമായ ചിന്തകൾ അവശേഷിപ്പിക്കരുത്.ഗോൾവാൾക്കർ ഗന്ധം പല നിലകളിൽ ഒരു മുന്നറിയിപ്പു തരുന്നതാണ്. കരുതൽ വേണം.
https://www.facebook.com/Malayalivartha