ഫ്‌ളാറ്റില്‍ നിന്നും രക്ഷപ്പെടുന്നതിനിടെ താഴെവീണ് വീട്ടുജോലിക്കാരിക്ക് പരിക്കേറ്റ സംഭവത്തില്‍ ഫ്‌ളാറ്റ് ഉടമയയ്‌ക്കെതിരെ പോലീസ് കേസെടുത്തു

കൊച്ചി മറൈന്‍ ഡ്രൈവില്‍ ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് വീട്ടുജോലിക്കാരി താഴേയ്ക്കു ചാടി ഗുരുതരപരിക്കേറ്റ സംഭവത്തില്‍ ഫ്‌ളാറ്റ് ഉടമയും അഭിഭാഷകനുമായ ഇംതിയാസ് അഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. ഇവരെ അന്യായമായി വീട്ടുതടങ്കലില്‍ വച്ചതിനാണ് കേസെടുത്തിരിക്കുന്നത്. അതിനിടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ പാര്‍ക്കിങ്ങിനു മുകളിലേക്കു വീണു പരിക്കേറ്റ സേലം സ്വദേശിനി കുമാരി(55)യുടെ നില ഗുരുതരമായി തുടരുകയാണ്. പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവെത്തി മൊഴി നല്‍കിയതിനു പിന്നാലെയാണ് പൊലീസ് കേസെടുത്തതെന്ന് എറണാകുളം സെന്‍ട്രല്‍ എസിപി ലാല്‍ജി പറഞ്ഞു. ഫ്‌ളാറ്റ് ഉടമ ഭാര്യയെ പൂട്ടിയിട്ടതാണെന്ന് ഭര്‍ത്താവ് മൊഴി നല്‍കിയിരുന്നു. ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെടുന്നതിനിടയിലാണ് ആറാം നിലയില്‍ നിന്ന് വീണ് പരിക്കേറ്റതെന്ന് ഭര്‍ത്താവ് ശ്രീനിവാസന്‍ മൊഴി നല്‍കി.
കുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടാകാതിരുന്നതോടെ ഇവരുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസിന് സാധിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ കേസെടുത്തില്ലെന്നായിരുന്നു പൊലീസ് നിലപാട്. ഇവര്‍ക്കെതിരെ ആത്മഹത്യാ ശ്രമത്തിന് കേസെടുക്കുമെന്നു ഒരു ഘട്ടത്തില്‍ സിഐ പറഞ്ഞെങ്കിലും പിന്നീട് അതു തിരുത്തി.
https://www.facebook.com/Malayalivartha