കോടതിയിലും മൂന്നാംകണ്ണ്... കേരളത്തിലെ സകല അഭിമാന വികസന പദ്ധതികളിലും കൈവച്ച എം. ശിവശങ്കര്‍ ഹൈക്കോടതിയിലും കൈവച്ചെന്ന് റിപ്പോര്‍ട്ട്; ഹൈക്കോടതിയിലെ ഐടി ടീം നിയമനത്തില്‍ ശിവശങ്കര്‍ ഇടപെട്ടുവെന്ന് സൂചന; കേന്ദ്ര അന്വേഷ ഏജന്‍സികള്‍ കണ്ണു തുറന്നപ്പോള്‍ കണ്ടെത്തിയത് അമ്പരപ്പിക്കുന്ന വിവരങ്ങള്‍

മനുഷ്യന് സാധാരണ രണ്ട് കണ്ണാണുകളാണുള്ളത്. മൂന്നാമത്തെ കണ്ണാണ് ഡിജിറ്റല്‍ കണ്ണ്. ആ കണ്ണിലൂടെ ലോകത്തെവിടെയുള്ള കാര്യങ്ങള്‍ അറിയാനും ഇടപെടലുകള്‍ നടത്താനും കഴിയും. ആയൊരു മൂന്നാം കണ്ണ് ഡിജിറ്റല്‍ തെളിവുകളായി അന്വേഷണ സംഘം കണ്ടെത്തിയതോടെ പലരും പെട്ടു പോയിരിക്കുകയാണ്. സര്‍ക്കാര്‍ മുന്‍ ഐടി സെക്രട്ടറിയായ എം ശിവശങ്കര്‍ സര്‍ക്കാരിന്റെ എല്ലാ അഭിമാന പദ്ധതികളിലും കൈ വച്ചിട്ടുണ്ട്. അതിന് പിന്നാലെ ഹൈക്കോടതിയിലും കൈവച്ചുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.
സ്വര്‍ണക്കടത്തു കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന എം.ശിവശങ്കര്‍ ചുമതലകള്‍ വഹിച്ചിരുന്ന കാലത്തെ മുഴുവന്‍ കരാര്‍ നിയമനങ്ങളും പരിശോധിക്കുന്നതിനിടയിലാണു ഹൈക്കോടതിയിലെ തന്ത്രപ്രധാനമായ ഐടി നിയമനങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍പെട്ടത്. ഇതന്വേഷിച്ചപ്പോള്‍ വലിയ വിവരങ്ങളാണ് ലഭിച്ചത്.
ഹൈക്കോടതിയിലെ ഹൈ ലെവല്‍ ഐടി ടീമിന്റെ നിയമനം കരാറടിസ്ഥാനത്തില്‍ 5 വര്‍ഷത്തേക്ക് ആകാമെന്നു നിര്‍ദേശിച്ചത് ശിവശങ്കറാണെന്നു നിയമനത്തിന്റെ സ്ഥിതി വിവരങ്ങള്‍ സംബന്ധിച്ചു ചീഫ് ജസ്റ്റിസിനു നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.
നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ (എന്‍ഐസി) പ്രതിനിധികളെ പൂര്‍ണമായി ഒഴിവാക്കിയ 3 അംഗ ഇന്റര്‍വ്യൂ ബോര്‍ഡിലേക്കു സര്‍ക്കാര്‍ പ്രതിനിധികളെ ശുപാര്‍ശ ചെയ്തതും ശിവശങ്കറാണെന്നു ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈ ലെവല്‍ ഐടി ടീമിന്റെ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശപ്രകാരമാണ് ഐടി ടീമിന്റെ നിയമനം സംബന്ധിച്ച സ്ഥിതിവിവര റിപ്പോര്‍ട്ട് തയാറാക്കിയത്.
നിയമന നടപടികള്‍ക്കു വേണ്ടി സംസ്ഥാന സര്‍ക്കാരിനു മുന്‍തൂക്കമുള്ള ഇന്റര്‍വ്യൂ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടെങ്കില്‍ അതു ഭരണഘടനയുടെ 229-ാം അനുഛേദത്തിന്റെ ലംഘനമാണെന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തെ മുഴുവന്‍ ഹൈക്കോടതികളുടെയും കംപ്യൂട്ടര്‍വല്‍ക്കരണത്തിനു നേതൃത്വം നല്‍കുന്ന എന്‍ഐസിക്കു കേരള ഹൈക്കോടതിയുടെ ഐടി അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള വൈദഗ്ധ്യമില്ലെന്നു ഹൈക്കോടതിയെ അറിയിച്ചതു എം.ശിവശങ്കര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന സംസ്ഥാന ഐടി വകുപ്പാണ്. മഹനീയമായ കോടതിയിലും ശിവശങ്കറിന്റെ ഇടപെടല്‍ കടുവയെ കിടുവ പിടിച്ചതു പോലെയായി.
ഹൈക്കോടതിയിലെ ഹൈ ലെവല്‍ ഐടി ടീമിന്റെ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിനു മുന്‍തൂക്കമുള്ള ഇന്റര്‍വ്യൂ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടെങ്കില്‍ അതു ഭരണഘടനാ വിരുദ്ധമാണെന്നാണ് നിയമവിദഗ്ധര്‍ പറയുന്നക്. ഹൈക്കോടതികളിലെ നിയമനാധികാരം ഹൈക്കോടതികള്‍ക്കു നല്‍കുന്നതാണ് 229-ാം വകുപ്പ്. മറ്റൊരു ഭരണഘടനാ സ്ഥാപനമായ പിഎസ്‌സി നടത്തിയിരുന്ന മുന്‍സിഫ്, മജിസ്‌ട്രേട്ട് നിയമനം പോലും ഹൈക്കോടതി ഏറ്റെടുത്തത് ഇതിന്റെ ഭാഗമാണ്.
അഞ്ചംഗ ഐടി ടീമിന്റെ നിയമനത്തില്‍ ഹൈക്കോടതിയുടെ അധികാരത്തില്‍ വെള്ളംചേര്‍ത്ത് 3 അംഗ ഇന്റര്‍വ്യൂ ബോര്‍ഡില്‍ 2 സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെയാണ് ഉള്‍പ്പെടുത്തിയത്. രാജ്യത്തെ മുഴുവന്‍ ഹൈക്കോടതികളുടെയും കംപ്യൂട്ടര്‍വല്‍ക്കരണത്തിനു നേതൃത്വം നല്‍കുന്ന നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ പ്രതിനിധികളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയില്ല.
ഹൈക്കോടതിയിലെ ഐടി ടീമിന്റെ നിയമനം സംബന്ധിച്ചു വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച ചോദ്യത്തിനു വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് പി.ടി.തോമസ് എംഎല്‍എയും രംഗത്തെത്തിയിരുന്നു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസുകളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുന്ന ഡിജിറ്റല്‍ ജോലി ചെയ്യുന്ന 5 പേരുടെ നിയമനം സംബന്ധിച്ചു രാജ്യത്തെ ഒരു സൈബര്‍ സുരക്ഷാ വിഭാഗവും പരിശോധന നടത്തിയിട്ടില്ലെന്നു വ്യക്തമാകുന്ന മറുപടിയാണു ലഭിച്ചത്. ശിവശങ്കര്‍ മലപ്പുറം കലക്ടറായിരിക്കെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കുടുംബത്തിലെ അംഗം തന്നെ ഐടി ടീം തലവനായി നിയോഗിക്കപ്പെട്ടതു പരിശോധിക്കണമെന്നും പി.ടി.തോമസ് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ തന്നെ കണ്ടെത്തലുകള്‍ വന്നത്.
"
https://www.facebook.com/Malayalivartha