സിങ്കത്തെ പേടിച്ച് അടി തുടങ്ങി... തന്റെ ജീവന് ഭീഷണിയാണെന്ന സ്വപ്ന സുരേഷിന്റെ പരാതിയില്‍ 24 മണിക്കൂറിനകം അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കി ഋഷിരാജ് സിംഗ്; സ്വപ്നയെ അട്ടക്കുളങ്ങര ജയിലിലെത്തിച്ച ഒക്ടോബര്‍ 14 മുതല്‍ നവംബര്‍ 25 വരെയുള്ള ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും സംശയങ്ങള്‍ ബാക്കി; സിങ്കത്തെ പേടിച്ച് സംഘടനകള്‍ തമ്മില്‍ അടി തുടങ്ങി

മലയാളികള്‍ ഏറെ ബഹുമാനിക്കുന്ന ഋഷിരാജ് സിംഗ് ഇത്തവണയും ആ ബഹുമാനം നിലനിര്‍ത്തിയിരിക്കുകയാണ്. ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തിയാല്‍ കൊന്നുകളയുമെന്ന് പൊലീസ്, ജയില്‍ ഉദ്യോഗസ്ഥരെന്ന് കരുതുന്ന നാലുപേര്‍ ജയിലിലെത്തി ഭീഷണിപ്പെടുത്തിയെന്ന സ്വപ്നാ സുരേഷിന്റെ പരാതിയില്‍ 24 മണിക്കൂറിനകം അന്വേഷണം നടത്തിയിരിക്കുകയാണ് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്.
എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്നാണ് ജയില്‍ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. എറണാകുളം അഡി. ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ പരാതിയിലാണ് തന്റെയും കുടുംബത്തിന്റെയും ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന പരാതിപ്പെട്ടത്. സ്വപ്നയെ അട്ടക്കുളങ്ങര ജയിലിലെത്തിച്ച ഒക്ടോബര്‍ 14 മുതല്‍ നവംബര്‍ 25 വരെയുള്ള ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചും ജയില്‍ ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്തുമാണ് ദക്ഷിണ മേഖലാ ജയില്‍ ഡി.ഐ.ജി അജയകുമാര്‍ സ്വപ്നയുടെ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയത്. ഇക്കാര്യം കോടതിയെ അറിയിക്കാനും നീക്കമുണ്ട്.
അതേസമയം അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ എന്താണ് എഴുതിയിരുന്നതെന്ന് വായിച്ചു നോക്കാതെ ഒപ്പിട്ടു നല്‍കിയെന്നാണ് സ്വപ്ന ജയില്‍ ഡി.ഐ.ജിയോട് പറഞ്ഞത്. അട്ടക്കുളങ്ങര ജയിലില്‍ നിന്ന് കസ്റ്റഡിയിലേക്ക് മാറിയപ്പോള്‍ അഭിഭാഷകനോട് സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ സംസാരിച്ചിരുന്നു. ജയിലില്‍ തനിക്ക് അത്തരമൊരു ഭീഷണിയില്ലെന്നാണ് സ്വപ്നയുടെ മൊഴിയെന്നാണ് സൂചന. സ്വപ്നയുടെ അമ്മയും മക്കളും ഉള്‍പ്പെടെയുള്ള അഞ്ചു ബന്ധുക്കളും കസ്റ്റംസ്, ഇ.ഡി, വിജിലന്‍സ് ഉദ്യോഗസ്ഥരും അല്ലാതെ മറ്റാരും ജയിലില്‍ അവരെ കണ്ടിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി.
അമ്മ, സഹോദരന്‍, ഭര്‍ത്താവ്, രണ്ടു മക്കള്‍ എന്നിവര്‍ക്ക് കസ്റ്റംസ്, ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ മാത്രമാണ് കാണാനാവുക. കൊഫെപോസ ചുമത്തിയതിനാല്‍ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കൊച്ചിയില്‍ കോടതിയില്‍ ഹാജരാക്കിയതല്ലാതെ, പുറത്തു കൊണ്ടുപോയിട്ടില്ല. ഇത്തരം കടുത്ത നിയന്ത്രണങ്ങളുള്ള ജയിലില്‍ നാലുപേര്‍ നിരവധി തവണയെത്തി ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ പരാതി കെട്ടിച്ചമച്ചതാണെന്നാണ് ജയില്‍വകുപ്പിന്റെ നിഗമനം.
ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നും സ്വപ്‌ന കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സ്വപ്നയ്ക്ക് സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് സ്വപ്നയെ ജയിലില്‍ പ്രവേശിപ്പിച്ചതു മുതല്‍ നല്‍കിയിരുന്ന പ്രത്യേക സുരക്ഷ തുടരാന്‍ ജയില്‍ മേധാവി നിര്‍ദേശിച്ചു. സ്വപ്ന അട്ടക്കുളങ്ങര ജയിലില്‍ നിന്നു പോകുന്നതുവരെയുള്ള ക്യാമറാ ദൃശ്യങ്ങള്‍ സൂക്ഷിക്കും. സ്വപ്നയുടെ സെല്ലില്‍ സഹ തടവുകാരിയുണ്ടാവും. ഒരു വാര്‍ഡന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും നിരീക്ഷണമുണ്ടാകും. സ്വപ്നയെ പാര്‍പ്പിച്ചിട്ടുള്ള സെല്‍ സി.സി.ടി.വി ക്യാമറാ നിരീക്ഷണത്തിലായിരിക്കും. ജയില്‍ കവാടത്തില്‍ സായുധ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.
അതേസമയം സ്വപ്നയുടെ പരാതിയില്‍ സംശയമുന ജയില്‍ ജീവനക്കാരിലേക്ക് നീണ്ടപ്പോള്‍ ഭരണ പ്രതിപക്ഷ സംഘടനകള്‍ തമ്മില്‍ അടി തുടങ്ങിയിട്ടുണ്ട്. സിങ്കമാണ് തലപ്പത്ത്. എന്തെങ്കിലും കണ്ടെത്തിയാല്‍ പണി പോയത് തന്നെ. പ്രവേശന കവാടത്തില്‍ സി.സി ടി വി കാമറ ഉള്‍പ്പെടെയുള്ള അട്ടക്കുളങ്ങര വനിതാ ജയിലില്‍ പുറത്തുനിന്നുള്ളവര്‍ക്കെത്തി ഭീഷണിപ്പെടുത്താനോ വിരട്ടാനോ കഴിയില്ലെന്നിരിക്കെ ജയിലിലെ ജീവനക്കാരാരെങ്കിലും സ്വപ്നയെ വിരട്ടുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടുണ്ടാകാമെന്നാണ് പ്രതിപക്ഷ സംഘടനകള്‍ പറയുന്നത്. അതേസമയം ഭരണാനുകൂല സംഘടന ഇതിനെ തള്ളിക്കളയുന്നു. സി.എം രവീന്ദ്രനെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യാനിരിക്കെ അന്വേഷണ ഏജന്‍സികളിലും ജനങ്ങളിലും പുകമറ സൃഷ്ടിക്കാന്‍ പടച്ചുവിടുന്ന ആരോപണങ്ങളാണ് ഇവയെന്ന പ്രചാരണവുമായാണ് ഭരണാനുകൂല സംഘടനകള്‍ രംഗത്തെത്തിയത്. എന്തായാലും സിങ്കത്തിന്റെ 24 മണിക്കൂറിനകമുള്ള റിപ്പോര്‍ട്ടില്‍ ഇനി എന്ത് തീരുമാനമുണ്ടാകുമെന്ന് കണ്ടറിയാം.
"
https://www.facebook.com/Malayalivartha