അമ്മയും മകനും നേര്‍ക്കുനേര്‍.. ഒടുക്കം തോൽവി! ഇടമുളയ്ക്കല്‍ പഞ്ചായത്ത് പനച്ചവിള വാര്‍ഡില്‍ ജയിച്ചത് യു.ഡി.എഫ്

അമ്മയും മകനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ കൊല്ലം ഇടമുളയ്ക്കല്‍ പഞ്ചായത്തില്‍ ഇരുവരും പരാജയപ്പെട്ടു. ഇടമുളയ്ക്കല്‍ പഞ്ചായത്ത് പനച്ചവിള വാര്‍ഡില്‍ യു.ഡി.എഫ് ആണ് ജയിച്ചത്. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി എം. ബുഹാരി 82 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കഴിഞ്ഞ തവണ ഈ വാര്‍ഡില്‍ യുഡിഎഫ് മൂന്നാമതായിരുന്നു. അമ്മയും മകനും നേര്‍ക്കുനേര്‍ മത്സരരംഗത്തിറങ്ങിയതുകൊണ്ട് ശ്രദ്ധേയമായിരുന്നു പഞ്ചായത്തിലെ ഏഴാം വാര്‍ഡ്. നച്ചിവിള പുത്താറ്റ് ദിവ്യാലയത്തില്‍ സുധര്‍മ്മ ദേവരാജനും മകന്‍ ദിനുരാജുമാണ് നേര്‍ക്കുനേര്‍ മത്സരിച്ചത്. വാര്‍ത്തകളില്‍ ഇടം നേടിയ ഇവിടെ പക്ഷേ വിജയം രണ്ടുപേര്‍ക്കും ഒപ്പമല്ല. സുധര്‍മ്മ എന്‍ഡിഎ സ്ഥാനാര്‍ഥിയായും ദിനുരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായുമാണ് ജനവിധി തേടിയത്.
കഴിഞ്ഞ തവണയും ഇവിടെ സിപിഎമ്മും ബിജെപിയും തമ്മിലായിരുന്നു പോരാട്ടം. സുധര്‍മ്മ തന്നെയായിരുന്നു അന്നും ബിജെപിക്കുവേണ്ടി മത്സരിച്ചത്. കടുത്ത പോരാട്ടം കാഴ്ചവെച്ച സുധര്‍മ്മ നേരിയ വോട്ടുകള്‍ക്കു മാത്രമാണ് പരാജയപ്പെട്ടത്. ഈ ആത്മവിശ്വാസം കൊണ്ടാണ് ഇത്തവണയും സുധര്‍മ്മയെ തന്നെ ബിജെപി രംഗത്തിറക്കിയത്. സുധര്‍മ്മയിലൂടെ വാര്‍ഡ് പിടിച്ചെടുക്കാമെന്നായിരുന്നു ബിജെപി കണക്കുകൂട്ടിയത്. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സുധര്‍മ്മയുടെ മകന്‍ ദിനുരാജ് വന്നതോടെ ത്രികോണ പോരാട്ടത്തിന്‍റെ പ്രതീതിയിലായിരുന്നു ഇവിടുത്തെ തെരഞ്ഞെടുപ്പ് രംഗം.
https://www.facebook.com/Malayalivartha