അതെപ്പോ സംഭവിച്ചു... ഒരു രണ്ടില ചോദിച്ചപ്പോള്‍ നല്‍കാതിരുന്ന പിജെ ജോസഫിന് ചെണ്ട കൊട്ടി നടക്കേണ്ട ഗതി; ജനങ്ങള്‍ ഒരായിരം രണ്ടിലകള്‍ ജോസ് കെ മാണിക്ക് സമ്മാനിച്ചപ്പോള്‍ പിണറായിയുടെ മനം നിറഞ്ഞു; വീട്ടില്‍ സ്വര്‍ണം വച്ചിട്ട് നാട്ടില്‍ തെണ്ടിനടന്ന ചെന്നിത്തലയ്ക്കും ഉമ്മന്‍ ചാണ്ടിക്കും സ്വന്തം മണ്ണ് തന്നെ ഒലിച്ച് പോയി; ജോസ് കെ മാണി മന്ത്രിയാകാന്‍ സാധ്യത

ഇതാണ് ദൈവത്തിന്റെ മഹത്വം. ഒട്ടകത്തിന് ഇടം കൊടുത്തത് പോലെയാണ് തളര്‍ന്നവശനായ പിജെ ജോസഫിന് കേരള കോണ്‍ഗ്രസ് എമ്മില്‍ കെ.എം. മാണി സ്ഥാനം നല്‍കിയത്. എന്നാല്‍ മാണിയുടെ വിയോഗത്തോടെ ഒട്ടകം ആ സ്ഥലമെല്ലാം സ്വന്തമാക്കാന്‍ നോക്കി. എന്തിന് മാണി മരിച്ച മണ്ണിലെ തെരഞ്ഞെടുപ്പില്‍ പോലും രണ്ടില നല്‍കാന്‍ തയ്യാറായില്ല.
അതോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പാലയില്‍ തോറ്റു. എന്നാല്‍ ജോസ് കെ മാണിയോടൊപ്പമായിരുന്നു ദൈവം. ഒരു രണ്ടില്ല ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ ഫലം പിജെ ജോസഫും യുഡിഎഫും അനുഭവിക്കുകയാണ്. ജോസ് കെ മാണിയുടെ വലിപ്പം അറിയാതെപോയ ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും തന്റെ തട്ടകങ്ങള്‍ പോലും പോയിരിക്കുകയാണ്. ജോസ്‌മോന്റെ വലിപ്പം തിരിച്ചറിഞ്ഞ പിണറായി നാട്ടിലെ താരവുമാണ്. പിജെ ജോസഫാകട്ടെ 'കാട്ടിലെ മാനിന്റെ തോലുകൊണ്ടുണ്ടാക്കി മാരാര് പണ്ടൊരു ചെണ്ട...' എന്ന പാട്ടും പാടി തെക്കുവടക്ക് നടക്കുകയാണ്. യുഡിഎഫിനെ മധ്യകേരളത്തില്‍ വഴിയാധാരമാക്കിയല്ലോ. സന്തോഷം.
ഈ തെരഞ്ഞെടുപ്പോടെ ഉയര്‍ത്തെഴുന്നേറ്റ താരമാണ് ജോസ് കെ മാണി. മധ്യകേരളത്തില്‍ ഇത്രയേറെ വിജയം സമ്മാനിച്ച ജോസ് കെ മാണിക്ക് മന്ത്രിസ്ഥാനം കിട്ടിയാലും അത്ഭുതമില്ല. ചര്‍ച്ചകള്‍ ആ വഴിക്കാണ് നീങ്ങുന്നത്. ഇടതുമുന്നണി പ്രവേശം സംബന്ധിച്ച ചര്‍ച്ചകളില്‍ മന്ത്രിസ്ഥാനം എന്ന കാര്യം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നു കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ പറയുന്നു. കേരള കോണ്‍ഗ്രസിനു മന്ത്രിസ്ഥാനം നല്‍കാന്‍ സിപിഎമ്മിനു താല്‍പര്യമുണ്ട്. കേരള കോണ്‍ഗ്രസിനെ ഘടക കക്ഷിയാക്കാന്‍ സിപിഎമ്മാണു കൂടുതല്‍ താല്‍പര്യം കാണിച്ചത്. സിപിഐ ഈ നീക്കത്തെ തുടക്കത്തില്‍ എതിര്‍ത്തു. എതിത്തവര്‍ക്കുള്ള മറുപടി കൂടിയാണു മന്ത്രിസ്ഥാനം.
കേരള കോണ്‍ഗ്രസിലും രണ്ട് അഭിപ്രായമുണ്ട്. തല്‍ക്കാലം മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതില്‍ ജോസ് കെ.മാണിക്കു താല്‍പര്യമില്ലെന്നാണ് അറിവ്. നിയമസഭയില്‍ അംഗമാകാതെ മന്ത്രിസ്ഥാനം ഏറ്റെടുക്കാനാണു ജോസ് കെ. മാണിക്കു മടി. മന്ത്രിസ്ഥാനത്തിരുന്ന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും മടിയുണ്ട്. നിയമസഭയുടെ കാലാവധി തീരാന്‍ ആറു മാസമേയുള്ളൂ എന്നതിനാല്‍ മന്ത്രിയാകാന്‍ ഇനി തിരഞ്ഞെടുപ്പ് ആവശ്യമില്ല.
എന്നാല്‍, പാര്‍ട്ടിയിലെ മറ്റു നേതാക്കളുടെ അഭിപ്രായം മറിച്ചാണ്. എല്‍ഡിഎഫ് മന്ത്രിസഭയില്‍ ഇപ്പോള്‍ത്തന്നെ ചേരണമെന്ന് ഇവര്‍ ആഗ്രഹിക്കുന്നു. മന്ത്രിസ്ഥാനം ലഭിക്കുന്നതു പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കു നല്ലതാണ് എന്നാണ് ഇവരുടെ വാദം. പാര്‍ട്ടിക്കു മന്ത്രിപദവി ലഭിച്ചാല്‍ മറ്റു കേരള കോണ്‍ഗ്രസുകളില്‍നിന്നു നേതാക്കള്‍ ഒഴുകിയെത്തും.
റോഷി അഗസ്റ്റിന്‍, ഡോ. എന്‍.ജയരാജ് എന്നിവരാണു കേരള കോണ്‍ഗ്രസ് എംഎല്‍എമാര്‍. ജോസ് കെ. മാണിക്കു താല്‍പര്യമില്ലെങ്കില്‍ ഇവരില്‍ ഒരാള്‍ക്കു മന്ത്രിയാകാം. എന്നാല്‍, ചെയര്‍മാന്‍ മന്ത്രിയാകണമെന്നാണു പാര്‍ട്ടിയിലെ അഭിപ്രായം.
അതേസമയം ജോസ് കെ.മാണി ഉടനെ രാജ്യസഭാ അംഗത്വം രാജിവയ്ക്കുമെന്നാണ് അറിവ്. രാജ്യസഭാ സീറ്റ് വീണ്ടും കേരള കോണ്‍ഗ്രസിനു എം തന്നെ എല്‍ഡിഎഫ് നല്‍കിയേക്കും. പാര്‍ട്ടിയിലെ തന്നെ മറ്റൊരു നേതാവിനു രാജ്യസഭാ അംഗത്വം നല്‍കാനും ധാരണയായിട്ടുണ്ട്.
നേരത്തേ, ഡോ. എന്‍.ജയരാജ് എംഎല്‍എയ്ക്കു രാജ്യസഭാ സീറ്റ് നല്‍കാന്‍ ആലോചന വന്നിരുന്നു. ജയരാജ് ജയിച്ച കാഞ്ഞിരപ്പള്ളി സീറ്റ് നിലവില്‍ ഇടതു മുന്നണിയില്‍ നിന്നു മത്സരിച്ച സിപിഐക്കു തന്നെ നല്‍കുന്നതിന്റെ ഭാഗമായാണ് ഈ ചര്‍ച്ച വന്നത്. എന്നാല്‍, ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ കാഞ്ഞിരപ്പള്ളി സീറ്റ് കേരള കോണ്‍ഗ്രസിനു എം തന്നെ ലഭിക്കുമെന്നാണു സൂചന. എന്തായാലും ജോസ് കെ മാണിയാണ് ഇപ്പോഴത്തെ താരം.
https://www.facebook.com/Malayalivartha