പകരം ചെന്നിത്തല ? സരിതോര്‍ജ പ്രഭാവത്തില്‍ തിരുവഞ്ചൂര്‍ തെറിക്കുമോ ?

സരിതോര്‍ജത്തിന്റെ പ്രഭാവത്തില്‍ കരിഞ്ഞുണങ്ങാന്‍ സാധ്യതയുള്ള നേതാക്കളുടെ ആദ്യ പട്ടികയില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഇടംനേടുന്നു. ശത്രുവിന്റെ ശത്രു മിത്രം എന്ന പഴഞ്ചൊല്ലിനെ ഓര്‍മ്മിപ്പിച്ച് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരിനെതിരെ കൈ കോര്‍ക്കുന്നു.
തിരുവഞ്ചൂരിനെ വക വരുത്താനുള്ള എ-ഐ ഗൂഢ നീക്കത്തിന് നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പിന്തുണയുമുണ്ട്. ഇതിനിടെ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാകുമെന്ന അഭ്യൂഹവും ശക്തമാണ്. അന്വേഷണം നടക്കുന്ന കേസുകളില്‍ നിഷ്‌പക്ഷതയുടെ പേരില്‍ തിരുവഞ്ചൂര്‍ ഒറ്റയ്‌ക്ക് എടുക്കുന്ന തീരുമാനങ്ങള്‍ അദ്ദേഹത്തെ മുഖ്യമന്ത്രിക്കും അനഭിമതനാക്കിയെന്നാണ് വിവരം.
സരിതയുമായി ഫോണ്‍ സംഭാഷണം നടത്തിയ മന്ത്രിമാരുടെ പേരു വിവരം പുറത്താക്കിയത് അന്വേഷിക്കുമെന്ന കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ പ്രസ്‌താവനയാണ് അപ്രതീക്ഷിത രാഷ്‌ട്രീയ നീക്കങ്ങള്‍ക്ക് വേദിയായിരിക്കുന്നത്.
തിരുവഞ്ചൂര്‍ തത്‌കാലം ആഭ്യന്തരമന്ത്രിയായി തുടരുമെങ്കിലും പാര്‍ട്ടി അന്വേഷണത്തിനുശേഷം കൂടുതല്‍ പറയാമെന്ന ചെന്നിത്തലയുടെ പ്രസ്‌താവന തിരുവഞ്ചൂരിനുള്ള മുന്നറിയിപ്പാണ്. ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തിന് തടയിട്ടവരില്‍ പ്രധാനി തിരുവഞ്ചൂരാണെന്ന തോന്നല്‍ ഐ ഗ്രൂപ്പില്‍ ശക്തമാണ്.തിരുവഞ്ചൂരില്‍ നിന്നും ആഭ്യന്തരം എടുക്കാനാവില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത് ആഭ്യന്തരമന്ത്രിയുടെ സമ്മര്‍ദ്ദഫലമായിരുന്നു.
സരിതയും തിരുവഞ്ചൂരും തമ്മില്‍ ഫോണ്‍ സംഭാഷണം നടന്നതായുള്ള വിവരം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ചോര്‍ന്നു എന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തുടര്‍ന്ന് താന്‍ മാത്രമല്ല സരിതയെ വിളിച്ചതെന്ന പ്രസ്‌താവനയുമായി തിരുവഞ്ചൂരും രംഗത്തെത്തി. അടൂര്‍പ്രകാശ്, എ. പി. അനില്‍കുമാര്‍ എന്നീ ഐ ഗ്രൂപ്പ് മന്ത്രിമാരുടേയും രമേശ് ചെന്നിത്തലയുടെയും പേരുകള്‍ പുറത്തു വന്നു. ഇവ മാധ്യമങ്ങള്‍ക്ക് കൈമാറിയത് ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന് പറയപ്പെടുന്നു.
നിഷ്‌പക്ഷതയുടെ പേരില്‍ തിരുവഞ്ചൂര്‍ മുഖ്യമന്ത്രിയെ സമ്മര്‍ദ്ദത്തിലാക്കിയെന്നും ഉമ്മന്‍ചാണ്ടിയുമായി അടുപ്പമുള്ളവര്‍ ആരോപിക്കുന്നു. ജനകീയ പരിവേഷമുള്ള മുഖ്യമന്ത്രി യു. എന്‍ പുരസ്‌ക്കാരവുമായി കേരളത്തിലെത്തിയപ്പോള്‍ ടെനി ജോപ്പന്റെ അറസ്റ്റാണ് അദ്ദേഹത്തെ കാത്തിരുന്നത്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്ന് മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും ചില കാര്യങ്ങള്‍ക്ക് സമയവും സന്ദര്‍ഭവും നോക്കണമായിരുന്നു എന്ന് അദ്ദേഹം കരുതുന്നു. യു.എന്‍ അവാര്‍ഡിന്റെ ഫലം തിരുവഞ്ചൂര്‍ നശിപ്പിച്ചു എന്നും മുഖ്യമന്ത്രി കരുതുന്നു.
ചെന്നിത്തലയുടെ ആഭ്യന്തരമന്ത്രി പദവി തട്ടിമറിച്ചതിലും ഉമ്മന്‍ചാണ്ടി ഖിന്നനാണ്. തനിക്ക് പ്രതിസന്ധി ഉണ്ടായപ്പോള്‍ തിരുവഞ്ചൂരിനേക്കാള്‍ സഹായം ചെന്നിത്തലയില്‍ നിന്നും കിട്ടിയതായി ഉമ്മന്‍ചാണ്ടി കരുതുന്നു.
https://www.facebook.com/Malayalivartha