മാനവും പോയി പണവും പോയി... സ്വപ്നയ്ക്ക് ശമ്പളമായി നല്‍കിയ ലക്ഷക്കണക്കിന് രൂപയുടെ ഉത്തരവാദിത്വം ചൂണ്ടിക്കാട്ടി ധനകാര്യ വിഭാഗത്തിന്റെ ശുപാര്‍ശ; സ്വപ്നയ്ക്ക് ശമ്പളമായി നല്‍കിയ 16.15 ലക്ഷം ശിവശങ്കറടക്കമുള്ളവരില്‍ നിന്ന് പിടിക്കണം; സസ്‌പെന്‍ഷനിലായതോടെ പകുതി ശമ്പളമായ ശിവശങ്കറിന് മറ്റൊരു ഇരുട്ടടി

സ്വപ്നയ്ക്ക് ശമ്പളമായി നല്‍കിയ ലക്ഷക്കണക്കിന് രൂപ ഒരു ചോദ്യചിഹ്നമായി നിന്നതോടെ ശക്തമായ നിലപാടുമായി ധനവകുപ്പ്. യാതൊരു യോഗ്യതയുമില്ലാത്ത സ്വപ്ന സുരേഷ് കേരള സ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡില്‍ (കെ.എസ്.ഐ.ടി.ഐ.എല്‍) സ്‌പേസ് മാര്‍ക്കറ്റിംഗ് മാനേജര്‍ എന്ന നിലയില്‍ കൈപ്പറ്റിയ മൊത്തം ശമ്പളമായ 16.15 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അടക്കമുള്ള ഉദ്യോഗസ്ഥരില്‍ നിന്ന് പിടിക്കാന്‍ ധനകാര്യ പരിശോധനാ വിഭാഗം സര്‍ക്കാരിന് ശുപാര്‍ശ നല്‍കി.
സെക്രട്ടേറിയറ്റിലടക്കം നിയമനം നടത്തിയ വിവാദ കരാര്‍ സ്ഥാപനമായ മിന്റ് അടക്കമുള്ള കണ്‍സള്‍ട്ടന്‍സികളെ ഒഴിവാക്കാനും അവരുടെ നിയമനങ്ങള്‍ റദ്ദാക്കി എംപ്‌ളോയ്‌മെന്റ് വഴി പുതിയ നിയമനം നടത്താനും ശുപാര്‍ശചെയ്തു.
കെ.എസ്.ഐ.ടി.ഐ.എല്‍ ചെയര്‍മാനായിരുന്ന എം.ശിവശങ്കര്‍, മനേജിംഗ് ഡയറക്ടര്‍ സി.ജയശങ്കര്‍ പ്രസാദ്, സ്‌പേസ് പാര്‍ക്ക് സ്‌പെഷല്‍ ഓഫീസര്‍ സന്തോഷ് കുറുപ്പ് എന്നിവരുടെ ഭാഗത്തുനിന്നുണ്ടായ ആസൂത്രിതവും ബോധപൂര്‍വവുമായ പ്രവൃത്തികള്‍ മൂലമാണ് സ്വപ്ന സുരേഷിനെ െ്രെപസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് വഴി നിയമിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 16.15 ലക്ഷം രൂപ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സില്‍നിന്ന് ഈടാക്കണമെന്നും അതിനു കഴിയാതെ വന്നാല്‍ ശിവശങ്കര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കണമെന്നാണ് നിര്‍ദേശം.
യോഗ്യതയില്ലാത്ത നിരവധി പേരെ നിയമിച്ച് ഉദ്യോഗസ്ഥര്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രി കണ്ടശേഷം ഐ.ടി സെക്രട്ടറിക്കു കൈമാറിയെങ്കിലും നടപടികളെടുത്തില്ല. തുടര്‍ നടപടി സ്വീകരിക്കാന്‍ ആരോപണ വിധേയനായ മാനേജിംഗ് ഡയറക്ടര്‍ സി. ജയശങ്കര്‍ പ്രസാദിന് കൈമാറുകയാണ് സെക്രട്ടറി ചെയ്തത്.
ചട്ടങ്ങള്‍ക്കു വിരുദ്ധമായി യോഗ്യത അട്ടിമറിച്ച് നിയമിച്ചവരുടെ സേവനം അവസാനിപ്പിക്കണം. കെ.എസ്.ഐ.ടി.ഐ.എല്ലില്‍ ജോലി നോക്കാവുന്ന പരമാവധി പ്രായപരിധിയായ 58 വയസ് കഴിഞ്ഞശേഷം എന്‍.മോഹനകുമാറിനെ ശിവശങ്കറിന്റെ താല്‍പര്യപ്രകാരം ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമിച്ചു. ഈ സേവനം ഉടനടി അവസാനിപ്പിക്കണം.
മോഹനകുമാറിന് 2,20,370രൂപ ക്രമവിരുദ്ധമായി അലവന്‍സ് നല്‍കിയത് ഫിനാന്‍സ് മാനേജര്‍ രമ്യ, മാനേജിംഗ് ഡയറക്ടര്‍ സി. ജയശങ്കര്‍ പ്രസാദ്, ശിവശങ്കര്‍ എന്നിവരില്‍നിന്ന് 18 ശതമാനം പലിശയടക്കം ഈടാക്കണം. യോഗ്യതയില്ലാതെ നിയമനം ലഭിച്ച കമ്പനി സെക്രട്ടറി ആര്‍.എസ്. രമ്യയുടെ സേവനം ഉടന്‍ അവസാനിപ്പിക്കണം.
ബോര്‍ഡിന്റെ സെലക്ഷന്‍ കമ്മിറ്റി അഭിമുഖം നടത്തി യോഗ്യരായവരെ മാത്രമേ നിയമിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കണം. സ്ഥാപനത്തിന്റെ എംഡിയെ സഹായിക്കുന്നതിനു ധനകാര്യവകുപ്പില്‍നിന്ന് അണ്ടര്‍ സെക്രട്ടറിയെയോ അതിനുമുകളിലുള്ള ഉദ്യോഗസ്ഥനെയോ നിയമിക്കണം.എന്നിവയാണ് മറ്റ് ശുപാര്‍ശകള്‍.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് ഉള്‍പ്പടെയുള്ള ഒന്‍പത് പ്രതികളുടെ ജാമ്യഹര്‍ജി എന്‍ ഐ എ കോടതി പരിഗണിക്കുകയാണ്. എന്‍ ഐ എയുടെ കുറ്റപത്രത്തില്‍ തങ്ങള്‍ക്കെതിരെ ഗുരുതരമായ കണ്ടെത്തലുകള്‍ ഒന്നും ഇല്ലെന്നാണ് പ്രതികളുടെ വാദം.
കൂടാതെ കേസില്‍ യുഎപിഎ നിലനില്‍ക്കാന്‍ പര്യാപ്തമായ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്നും പ്രതികള്‍ കോടതിയെ അറിയിച്ചു.
അതേസമയം കേസില്‍ അവസാന പട്ടികയിലുള്ള 10 പ്രതികള്‍ക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചപ്പോള്‍ ഉള്ള സാഹചര്യം മാത്രമാണ് ഹൈക്കോടതി പരിശോധിച്ചതെന്നും, അന്വേഷണം ഒരുപാട് മുന്നോട്ട് പോയിട്ടുണ്ടെന്നും എന്‍ ഐ എ കോടതിയെ അറിയിച്ചിരുന്നു.
2020 ജൂലായ് 12നാണ് സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. കസ്റ്റംസും, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നേരത്തെ സ്വപ്‌നയ്ക്ക് ജാമ്യം ലഭിച്ചിരുന്നു.
"
https://www.facebook.com/Malayalivartha