സത്യത്തിലാരും തിരിച്ചറിഞ്ഞില്ല... മന്ത്രി എ.കെ. ബാലന്‍ മത്സരിക്കേണ്ടെന്ന തീരുമാനം വന്നതിന് പിന്നാലെ ഭാര്യയെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ സഖാക്കള്‍ തന്നെ രംഗത്ത്; ബാലന്റെ ഭാര്യയുടെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്തത് പികെ ശശി, എംബി രാജേഷ് അടക്കമുള്ള നേതാക്കള്‍; ജമീല മത്സരിക്കുന്നത് ഭര്‍ത്താവിന് പകരം ഭാര്യ എന്ന നിലയിലല്ലെന്ന് സെബാസ്റ്റ്യന്‍ പോള്‍

സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്ത് കോണ്‍ഗ്രസില്‍ പൊട്ടലും ചീറ്റലും സാധാരണമാണെങ്കിലും സിപിഎമ്മില്‍ അത് വളരെ കുറവാണ്. കിട്ടുന്നത് കൊണ്ട് തൃപ്തിപ്പെടുന്നവരാണ് സഖാക്കള്‍. ഇപ്പോള്‍ മന്ത്രി എകെ ബാലന്റെ ഭാര്യയുടെ സ്ഥാനാര്‍ത്ഥിത്വമാണ് ചര്‍ച്ചയാകുന്നത്.
സിപിഎം സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ ഇടം നേടിയ മന്ത്രി എകെ ബാലന്റെ ഭാര്യ കെപി ജമീലയെ സംബന്ധിച്ച് പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റില്‍ തര്‍ക്കമുയര്‍ന്നു. പികെ ശശി, എംബി രാജേഷ്, സികെ ചാത്തുണ്ണി, വികെ ചന്ദ്രന്‍, വി ചെന്താമരാക്ഷന്‍ എന്നിവരാണ് വിഷയത്തില്‍ എതിര്‍പ്പുമായി രംഗത്ത് വന്നത്. എകെ ബാലന്‍ മത്സരിച്ച മണ്ഡലങ്ങളായ തരൂര്‍, കോങ്ങാട് എന്നിവിടങ്ങളില്‍ പികെ ജമീലയെ മത്സരിപ്പിക്കണമെന്നുള്ള നിര്‍ദ്ദേശമാണ് വന്നത്.
രണ്ടും സംവരണ മണ്ഡലങ്ങളാണ്. നാല് തവണ വിജയിച്ച ബാലന്‍ ഇത്തവണ മത്സരിക്കാത്ത സാഹചര്യത്തിലാണ് പികെ ജമീലയെ ഇടത് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്. കോങ്ങാട് എംഎല്‍എ കെവി. വിജയദാസ് മരണപ്പെടുകയും ചെയ്തിരുന്നു. പാര്‍ട്ടി ഔദ്യോഗിക പ്രഖ്യാപനം നടത്താതെ വിഷയത്തില്‍ താന്‍ പ്രതികരിക്കാനില്ലെന്നാണ് ബാലന്റെ നിലപാട്.
എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് പാലക്കാട് ജില്ലയില്‍ നിന്നുളള സിപിഎം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ധാരണയായിട്ടുണ്ട്. ജമീലയുടെ പേര് നിര്‍ദ്ദേശിച്ചത് മേല്‍ഘടകത്തില്‍ നിന്നാണെന്ന് അറിയിച്ചതോടെ നേതാക്കള്‍ മയപ്പെട്ടു.
നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം തൃത്താലയില്‍ വി.ടി ബല്‍റാമിനെതിരെ എം.ബി രാജേഷിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഒരു വിഭാഗം ഈ തീരുമാനത്തെ ചോദ്യം ചെയ്‌തെങ്കിലും ബല്‍റാമിനെ തോല്‍പ്പിച്ച് മണ്ഡലം പിടിച്ചെടുക്കാന്‍ രാജേഷിന് കഴിയുമെന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തിയത്.
കോങ്ങാട് ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ അദ്ധ്യക്ഷന്‍ സി.പി സുമോദിനെയും, മലമ്പുഴയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനെയും ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദ്ദേശിച്ചു. പാലക്കാട് സീറ്റില്‍ എ.പ്രഭാകരന്‍, പാര്‍ട്ടി പാലക്കാട് ജില്ലാസെക്രട്ടി സി.കെ രാജേന്ദ്രന്‍ എന്നിവരുടെ പേരുകളാണുളളത്. ഒറ്റപ്പാലത്ത് നിര്‍ദ്ദേശിച്ചത് സ്ഥലം എം.എല്‍.എ ഉണ്ണിയുടെതും ഷൊര്‍ണ്ണൂരില്‍ പി.കെ ശശി എം.എല്‍.എയുടെയും തന്നെ പേരുകളാണ്.
അതേസമയം ഡോ. ജമീലയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചും നേതാക്കള്‍ രംഗത്തെത്തുന്നുണ്ട്. മന്ത്രി എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീലയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ഭര്‍ത്താവിന് പകരം ഭാര്യ എന്നനിലയില്‍ ലളിതമായി വ്യഖ്യാനിക്കേണ്ടതില്ലന്നാണ് സെബാസ്റ്റ്യന്‍ പോള്‍ പറയുന്നത്. അവര്‍ക്ക് ഒരു കുടുംബ പാരമ്പര്യമുണ്ട്. അവര്‍ ഒരു കഴിവ് തെളിയിച്ച നേതാവാണ്. നിലവിലുളള എം.എല്‍.എയുടെ അല്ലെങ്കില്‍ പാര്‍ട്ടി നേതാവിന്റെ ഭാര്യ എന്ന നിലയില്‍ മാത്രം കാണുന്നത് ജമീലയോട് ചെയ്യുന്ന തെറ്റായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം കോഴിക്കോട് നോര്‍ത്ത് എം.എല്‍.എ എ. പ്രദീപ് കുമാറിനെ ഒഴിവാക്കിയത് ശരിയായില്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. പ്രവര്‍ത്തന മികവുളള എം.എല്‍.എയെ ഒഴിവാക്കേണ്ട ആവശ്യമില്ലായിരുന്നു. പ്രദീപ് കുമാറിന്റെ അസാന്നിദ്ധ്യം കേരളം മുഴുവന്‍ അനുഭവപ്പെടുമെന്നും പലര്‍ക്കും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇളവു നല്‍കുന്നതാണ് കാണുന്നതെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞു.
സംവിധായകന്‍ രഞ്ജിത്ത് സ്ഥാനാര്‍ത്ഥിയായി വരുന്നു എന്നതിനേക്കാളുപരിയായി പ്രദീപ് കുമാറിന് മത്സരിക്കാന്‍ പാര്‍ട്ടി അവസരം നല്‍കുന്നില്ല എന്നതാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടി നേരത്തെ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അത് കൃത്യമായി പാലിച്ചാല്‍ പ്രദീപ് കുമാര്‍ മാറി നില്‍ക്കേണ്ടിവരും. അത് ശരിയുമാണ്, അദ്ദേഹം മൂന്നുവട്ടം മത്സരിച്ചു കഴിഞ്ഞു. എന്നാല്‍ എല്ലാവരുടെ കാര്യത്തിലും അതില്ലല്ലൊ. വിട്ടുവീഴ്ചകളും ഇളവുകളും പാര്‍ട്ടി അനുവദിക്കുന്നുണ്ടെന്നും സെബാസ്റ്റ്യന്‍ പോള്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha