സ്വപ്ന സുരേഷും സരിതും അടക്കം ഒമ്പത് പ്രതികൾക്ക് ഇന്ന് നിർണായകം! കുറ്റപത്രത്തിൽ ഗുരുതര കണ്ടെത്തലില്ലെന്ന് പ്രതികൾ... സ്വർണക്കടത്ത് കേസിൽ യുഎപിഎ എങ്ങനെ നിലനിൽക്കുമെന്നും വാദം... ജാമ്യഹർജി എൻഐഎ കോടതി ഇന്ന് പരിഗണിക്കും....

സ്വർണക്കടത്ത് കേസിൽ ജാമ്യം തേടി സ്വപ്ന സുരേഷും സരിതും അടക്കം ഒമ്പത് പ്രതികൾ നൽകിയ ജാമ്യഹർജി എൻഐഎ കോടതി ഇന്ന് പരിഗണിക്കും.
കുറ്റപത്രത്തിൽ ഗുരുതര കണ്ടെത്തലില്ലെന്ന് പ്രതികൾ വാദിക്കുന്നു. സ്വർണക്കടത്ത് കേസിൽ യുഎപിഎ എങ്ങനെ നിലനിൽക്കുമെന്നും വാദം.
സ്വർണക്കടത്ത് കസ്റ്റംസ് കേസ് മാത്രമാണെന്ന് ഹൈക്കോടതി ചൂണ്ടികാട്ടിയിട്ടുണ്ടെന്നും ജാമ്യാപേക്ഷയിൽ പ്രതികൾ വാദിക്കുന്നു. കേസിൽ അവസാന പട്ടികയിൽ വരുന്ന 10 പ്രതികൾക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചപ്പോൾ ഉള്ള സാഹചര്യം മാത്രമാണ് ഹൈക്കോടതി പരിശോധിച്ചതെന്നും അന്വേഷണം അതിൽ നിന്ന് ഏറെ മുന്നോട്ട് പോയിട്ടുണ്ടെന്നുമാണ് എൻഐഎയുടെ നിലപാട്.
കസ്റ്റംസിന് സ്വപ്ന നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ഇഡി നൽകിയ ഹർജിയിൽ ഇന്ന് കോടതി തീരുമാനമെടുക്കും.
2020 ജൂലായ് 12നാണ് സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ എൻ ഐ എ അറസ്റ്റ് ചെയ്തത്. കസ്റ്റംസും, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രജിസ്റ്റർ ചെയ്ത കേസുകളിൽ നേരത്തെ സ്വപ്‌നയ്ക്ക് ജാമ്യം ലഭിച്ചിരുന്നു.
എന്നാൽ കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിപ്പട്ടികയില്‍ പ്രധാനിയായ ഫൈസല്‍ ഫരീദ് വിദേശത്ത് ഒളിവിലെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ വെളിപ്പെടുത്തല്‍.
ദുബായ് പോലീസിന്റെ കസ്റ്റഡിയിലാണെന്നായിരുന്നു ഇതുവരെ കോടതികളില്‍ അറിയിച്ചിരുന്നത്. ഇതിന് വിരുദ്ധമായാണ് കുറ്റപത്രം സമര്‍പ്പിക്കാനുള്ളവരുടെ പട്ടിക എന്‍.ഐ.എ. സമര്‍പ്പിച്ചതില്‍ ഫൈസല്‍ ഫരീദ് ഒളിവിലാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
കേസിലെ മൂന്നാം പ്രതിയായ ഫൈസല്‍ ഫരീദിനെ ഏഴുമാസം കഴിഞ്ഞിട്ടും ഇന്ത്യയില്‍ എത്തിക്കാനാകാത്തതില്‍ അന്വേഷണ ഏജന്‍സികള്‍ക്കും കേന്ദ്ര ആഭ്യന്തര-വിദേശകാര്യ മന്ത്രാലയങ്ങള്‍ക്കും മൗനമാണ്. വിചാരണ തുടങ്ങാനിരിക്കെ കേസിനെ പ്രതികൂലമായി ബാധിക്കുന്നതാണിത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിച്ച 30 കിലോ സ്വര്‍ണം ദുബായില്‍നിന്നും അയച്ചത് തൃശ്ശൂര്‍ സ്വദേശിയും ദുബായില്‍ സ്ഥിരതാമസക്കാരനുമായ ഫൈസല്‍ ഫരീദിന്റെ പേരിലാണ്. എന്‍.ഐ.എ. കേസില്‍ മൂന്നാം പ്രതിയാണ് ഫൈസല്‍.
ജൂലായ് 14-ന് എന്‍.ഐ.എ. കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. തൊട്ടുപിന്നാലെ വിദേശകാര്യമന്ത്രാലയം ഫൈസലിന്റെ പാസ്പോര്‍ട്ട് റദ്ദാക്കുകയും ചെയ്തു. ആഭ്യന്തരമന്ത്രാലയം ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു.
ഇതിനുശേഷം ജൂലായ് 19-ന് ഫൈസല്‍ ഫരീദിനെ ദുബായ് പോലീസ് കസ്റ്റഡിയില്‍ എടുത്തു എന്ന വാര്‍ത്തയാണ് പുറംലോകമറിഞ്ഞത്. ഇന്ത്യയിലെത്തിക്കാന്‍ എന്‍.ഐ.എ.യും കസ്റ്റംസും ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു.
അതേസമയം ഫൈസല്‍ ഫരീദിനൊപ്പം ദുബായ് പോലീസ് കസ്റ്റഡിയിലെടുത്ത എറണാകുളം സ്വദേശി റബിന്‍സ് കെ. ഹമീദിനെ എന്‍.ഐ.എ. ഇന്ത്യയിലെത്തിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha